നിയമലംഘനം തുടര്‍ക്കഥ; 30 ശതമാനം വിനോദസഞ്ചാര ബോട്ടുകളുടെയും സര്‍വീസ് അനധികൃതം
സംസ്ഥാനത്ത് 30% വിനോദ സഞ്ചാര ബോട്ടുകളും സർവീസ് നടത്തുന്നത് നിയമവിരുദ്ധയെന്ന് റിപ്പോർട്ട്. താനൂർ ബോട്ടപകടത്തിന് പിന്നാലെ നടന്ന പരിശോധനയിലാണ് കണ്ടെത്തൽ. മോട്ടോർ ബോട്ട്, ശിക്കാര, ഹൗസ് ബോട്ട്, ചെറുതോണികൾ അടക്കമുള്ളവ ലൈസൻസ് ഇല്ലാതെയാണ് സർവീസ് നടത്തുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ മുൻകരുതൽ മിക്കയിടത്തും പാലിക്കപ്പെടുന്നില്ല. യാത്രക്കാരെ കുത്തിനിറച്ച് സർവീസ് നടത്തുന്നതടക്കം ഗുരുതരമായ നിയമലംഘനമാണ് വിനോദ സഞ്ചാരമേഖലയിൽ നടക്കുന്നത്. കേരളത്തിലെ ബോട്ട് ജെട്ടികളിൽ കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണികളും ഡ്രഡ്ജിങ് അടക്കമുള്ളവയും നടക്കുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
ജലയാത്രകള്‍ക്ക് കേരളത്തില്‍ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. നദികൾ, തടാകങ്ങൾ, കനാലുകൾ തുടങ്ങിയവയിലൂടെയുള്ള യാത്രകള്‍ വിദേശ വിനോദ സഞ്ചാരികളെ പോലെ തദ്ദേശീയർക്കും ഏറെ പ്രിയപ്പെട്ടതാണ്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ടൂറിസം വകുപ്പ് ബോട്ടിങ് അടക്കമുള്ളവയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ബോട്ടുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ വീഴ്ച സംഭവിക്കുന്നുണ്ടെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് താനൂർ ദുരന്തം. ബോട്ടുകളുടെ നിയന്ത്രണം ഉറപ്പാക്കുന്നതില്‍ ടൂറിസം വകുപ്പ് പലപ്പോഴും പരാജയപ്പെടുന്നു.
ഇക്കഴിഞ്ഞ ഏപ്രിൽ നാലിന് ചേര്‍ന്ന ടൂറിസം അഡ്വൈസറി ബോർഡ് യോഗത്തിൽ ഇതുസംബന്ധിച്ച് ചർച്ച നടന്നെങ്കിലും തീരുമാനം എടുത്തിരുന്നില്ല. മറിച്ച് ലൈസൻസില്ലാതെ ഓടുന്ന എല്ലാ ബോട്ടുകൾക്കും നിയമാനുമതി നൽകണമെന്നും സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതോടെ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ച് സർവീസ് നടത്തുന്ന ബോട്ടുകളുടെ ഉടമകൾ പ്രതിഷേധവും അറിയിച്ചിരുന്നു.
2000ത്തിന് ശേഷം സംസ്ഥാനത്ത് 131 പേരാണ് സംസ്ഥാനത്ത് ബോട്ട് അപകടങ്ങളില്‍ മരിച്ചത്. 2009ലെ തേക്കടി ബോട്ട് ദുരന്തം 45 പേരുടെ ജീവനെടുത്തു. 2002ൽ നടന്ന കുമരകം ബോട്ട് ദുരന്തത്തിൽ 29 പേരുടെ ജീവൻ നഷ്ടമായിയിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച കേരളത്തെ കണ്ണീരിലാഴ്ത്തിയ താനൂർ ബോട്ടപകടത്തിൽ 22 പേരാണ് മരിച്ചത്. നിയമ നടപടികൾ കൃത്യമായി പാലിക്കാതെ ബോട്ടിന്റെ വലിപ്പം കൂട്ടിയായിരുന്നു താനൂരിൽ അപകടത്തിന് കാരണമായ അറ്റ്ലാന്റിക് എന്ന ബോട്ട് സർവീസ് നടത്തിയത്. അപകടം എപ്പോൾ വേണമെങ്കിലും സംഭവിക്കാൻ സാധ്യതയുള്ള കാര്യമാണ്. വിനോദസഞ്ചാരത്തെ വളരെയധികം ആശ്രയിക്കുന്ന ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം സാഹചര്യങ്ങള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണ്.