സംസ്ഥാനത്ത് ഇക്കുറി എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത് 4,19,554 വിദ്യാര്‍ത്ഥികള്‍; പരീക്ഷ മാര്‍ച്ച് ഒന്‍പത് മുതല്‍
സംസ്ഥാനത്ത് 4,19,554 വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. 4,19,362 റഗുലര്‍ വിദ്യാര്‍ത്ഥികളും, പ്രൈവറ്റായി 192 വിദ്യാര്‍ത്ഥികളുമാണ് ഇക്കുറി പരീക്ഷ എഴുതുന്നത്. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ത്ഥികളും, ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാര്‍ത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
സര്‍ക്കാര്‍ മേഖലയില്‍ 1,170 സെന്ററുകളും എയിഡഡ് മേഖലയില്‍ 1,421പരീക്ഷ സെന്ററുകളും അണ്‍ എയിഡഡ് മേഖലയില്‍ 369 പരീക്ഷ സെന്ററുകളുമടക്കം ആകെ 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷ 2023 മാര്‍ച്ച് ഒന്‍പതിനും ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മാര്‍ച്ച് 10നും ആരംഭിക്കും. മേയ് രണ്ടാം വാരത്തില്‍ എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിക്കും. എസ്എസ്എല്‍സി പരീക്ഷയുടെ ഭാഗമായ ഐടി പ്രായോഗിക പരീക്ഷ ഫെബ്രുവരി 25ന് പൂര്‍ത്തിയായി.
മാര്‍ച്ച് 29ന് അവസാനിക്കുന്ന എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി 2023 ഏപ്രില്‍ 3 മുതല്‍ 26 വരെയുള്ള തീയതികളില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 10ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിക്കും. 2023 പരീക്ഷാ കേന്ദ്രങ്ങളിലായി 4,25,361 വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ പരീക്ഷയും 4,42,067 വിദ്യാര്‍ത്ഥികള്‍ രണ്ടാം വര്‍ഷ പരീക്ഷയും എഴുതുന്നുണ്ട്. ഏപ്രില്‍ 3 മുതല്‍ മെയ് ആദ്യ വാരം വരെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഉണ്ടായിരിക്കും. 80 മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഇതിനായി ഒരുക്കും.
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളും മാര്‍ച്ച് 10 ന് ആരംഭിച്ച് മാര്‍ച്ച് 30 ന് അവസാനിക്കും. 389 കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷത്തില്‍ 28,820 വിദ്യാര്‍ത്ഥികളും രണ്ടാം വര്‍ഷത്തില്‍ 35,740 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതുന്നത്. ഏപ്രില്‍ മൂന്ന് മുതല്‍ മൂല്യനിര്‍ണയം ആരംഭിക്കും