ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ബസ് ചാര്‍ജില്‍ 50% ഇളവ്; ആസിഡ് ആക്രമണ ഇരകള്‍ക്കും ആനൂകൂല്യം

ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ബസ് ചാര്‍ജില്‍ 50% ഇളവ്; ആസിഡ് ആക്രമണ ഇരകള്‍ക്കും ആനൂകൂല്യം

ഇളവിന് അര്‍ഹതയുള്ളവരുടെ പട്ടികയില്‍ ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കൊപ്പം കാഴ്ച, ശ്രവണ വൈകല്യങ്ങളും ഉള്ളവരെക്കൂടി ഉള്‍പ്പെടുത്തി ഗതാഗത വകുപ്പ് നേരത്തേ ഉത്തരവിറക്കിയിരുന്നു .
Updated on
1 min read

ആസിഡ് ആക്രമണത്തെ അതിജീവിച്ചവര്‍ക്ക് കേരളത്തിന്റെ കൈത്താങ്ങ്. ആക്രമണം അതിജീവിച്ചവര്‍ക്ക് സംസ്ഥാനത്തെ കെഎസ്ആര്‍ടിസിയ്ക്ക് പുറമെ സ്വകാര്യ ബസുകളിലും യാത്രാക്കൂലിയില്‍ ഇളവ് ലഭിക്കും. 50 ശതമാനം ഇളവാണ് ലഭിക്കുക. യാത്രാക്കൂലി ഇളവിന് അര്‍ഹതയുള്ളവരുടെ പട്ടികയില്‍ ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കൊപ്പം വിവിധ വൈകല്യങ്ങളും കാഴ്ച, ശ്രവണ പ്രശ്നങ്ങളും ഉള്ളവരെ ഉള്‍പ്പെടുത്തി ഗതാഗത വകുപ്പ് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് ഇനി മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്കും ബാധകമാക്കും. ഗതാഗത സെക്രട്ടറി ബിജു പ്രഭാകറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

ഗതാഗത സെക്രട്ടറി ബിജു പ്രഭാകറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

വിവിധ തരത്തിലുള്ള ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികള്‍ക്ക് യാത്രാ നിരക്കില്‍ കെഎസ്ആര്‍ടിസി ഇളവ് നല്‍കി വരുന്നുണ്ട്. ഈ ആനുകൂല്യങ്ങള്‍ സ്വകാര്യ ബസുകളിലും ഇത് ബാധകമാക്കുകയാണ്. സുരക്ഷിതത്വവും ആത്മവിശ്വാസവും നല്‍കുന്നതിനുള്ള വളരെ ചെറുതും എന്നാല്‍ പ്രധാനപ്പെട്ടതുമായ ചുവടുവയ്പ്പാണിത്. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക ഞെരുക്കം ഇല്ലായിരുന്നെങ്കില്‍ ഭിന്നശേഷിയുള്ളവര്‍ക്ക് യാത്ര സൗജന്യമാക്കുമായിരുന്നു എന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി.

ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്ക് യാത്രാക്കൂലിയില്‍ ഇളവ് നല്‍കുന്ന വ്യവസ്ഥകള്‍ അനുസരിച്ചാണ് ഉത്തരവ്. കെഎസ്ആര്‍ടിസി പിന്തുടരുന്ന ഇളവ് നടപ്പാക്കുന്ന രീതി തന്നെ സ്വകാര്യ ബസുകളും പിന്തുടരുമെന്ന് ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. അപേക്ഷയുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് വികലാംഗര്‍ക്ക് യാത്രാ പാസ് നല്‍കുന്നത്. അവരുടെ വീടുകളില്‍ നിന്ന് 40 കിലോമീറ്റര്‍ ദൂരം വരെ 50% നിരക്കിളവോടെ യാത്ര ചെയ്യാന്‍ സാധിക്കും. സിറ്റി, ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലാണ് ഇളവ്.

ഗതാഗത വകുപ്പിന്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം ആസിഡ് ആക്രമണത്തിന് ഇരയായവര്‍, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, പാര്‍ക്കിന്‍സണ്‍സ് രോഗം, ഹീമോഫീലിയ, തലസീമിയ, സിക്കിള്‍ സെല്‍ ഡിസീസ്, മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്നീ അസുഖങ്ങളുള്ളവര്‍ക്കും 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ളവര്‍ക്കും സ്വകാര്യ ബസുകളില്‍ യാത്രാ നിരക്കില്‍ 50 ശതമാനം ഇളവിന് അര്‍ഹതയുണ്ട്. 2018 നും 2021 നും ഇടയില്‍ കേരളത്തില്‍ 39 ആസിഡ് ആക്രമണ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in