നിപയിൽ കൂടുതൽ ആശ്വാസം; 61 സാമ്പിളുകള്‍ നെഗറ്റീവ്, സമ്പര്‍ക്കപ്പട്ടികയില്‍ 994 പേര്‍
സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു. ഇന്നലെ പരിശോധിച്ച 61 നിപ സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ചൊവാഴ്ച വൈകി പരിശോധിച്ച 61 സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
സമ്പര്‍ക്കപ്പട്ടികയില്‍ വിട്ടുപോയവരെ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്
ചികിത്സയില്‍ കഴിയുന്ന ഒന്‍പത് വയസ്സുള്ള കുട്ടിയടക്കം നിപ പോസിറ്റീവായ നാല് പേരുടെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടില്‍ പറയുന്നതെന്നും മന്ത്രി അറിയിച്ചു. ആദ്യം രോഗം ബാധിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ ഐസൊലേഷന്‍ കാലാവധി പൂര്‍ത്തിയായി. നിലവില്‍ 994 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. സമ്പര്‍ക്കപ്പട്ടികയില്‍ വിട്ടുപോയവരെ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
നിപ പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വവ്വാലുകളുടെയും മൃഗങ്ങളുടെയും സാമ്പിള്‍ ശേഖരിക്കുന്നത് തുടരും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച 19 കോര്‍ കമ്മിറ്റികളും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേന്ദ്ര സംഘം വവ്വാലുകളുടെ സ്രവ സാമ്പിളുകളും പരിശോധിക്കുന്നുണ്ട്.
വളർത്തു മൃഗങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിക്കുന്നതോടൊപ്പം തന്നെ വന അതിർത്തിയോടു ചേർന്നതും രോഗബാധിത പ്രദേശങ്ങളിലുളളതുമായ വവ്വാലുകളിൽനിന്നും സാമ്പിളുകൾ ശേഖരിക്കും. വന്യജീവികളുടെ അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്താൽ വന വകുപ്പും ജില്ലാ മൃഗ സംരക്ഷണ വകുപ്പും ചേർന്ന് പോസ്റ്റ്മോർട്ടം , സാമ്പിൾ ശേഖരണം, ശാസ്ത്രീയമായി ശവസംസ്കരണം എന്നിവ നടത്തും.
നിപബാധിത പ്രദേശങ്ങളിൽനിന്ന് കഴിഞ്ഞ ദിവസം 10 സാമ്പിളുകളും ഈന്ത്, അടയ്ക്ക എന്നിവയും പരിശോധനയ്ക്കായി മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു.