ഓണം കഴിഞ്ഞിട്ടും തീരാതെ ഓണക്കിറ്റ് വിതരണം; ഇനിയും ലഭിക്കാനുള്ളത് 62,572 പേര്‍ക്ക്

ഓണം കഴിഞ്ഞിട്ടും തീരാതെ ഓണക്കിറ്റ് വിതരണം; ഇനിയും ലഭിക്കാനുള്ളത് 62,572 പേര്‍ക്ക്

നാളെയും കൂടി കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍
Published on

സംസ്ഥാനത്ത് ഓണം കഴിഞ്ഞിട്ടും തീരാതെ ഓണക്കിറ്റ് വിതരണം. സംസ്ഥാനത്തെ 5,87,000 മഞ്ഞക്കാര്‍ഡ് ഉടമകളില്‍ 5,24,428 പേര്‍ക്കാണ് ഓണക്കിറ്റ് ലഭിച്ചത്. 62,572 പേര്‍ക്ക് ഇനിയും ലഭിക്കാനുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായി ഓണക്കിറ്റ് പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ കിറ്റ് വിതരണം പ്രതിസന്ധിയിലാകുകയായിരുന്നു. നാളെയും കൂടി കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

കോട്ടയം ജില്ലയിലെ 37,000ത്തോളം കിറ്റുകള്‍ ഇലക്ഷന്‍ കമ്മീഷന്റെ ഇടപെടല്‍ കാരണം നല്‍കാന്‍ കഴിഞ്ഞില്ലെന്നും എന്നാല്‍ ഇന്നലെ മുതല്‍ വീണ്ടും വിതരണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങള്‍ക്കുള്ള മുഴുവന്‍ കിറ്റുകളും സഞ്ചരിക്കുന്ന റേഷന്‍കടകള്‍ വഴി പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തിച്ചു നല്‍കി. ആദിവാസി ഊരുകളിലും ഉദ്യോഗസ്ഥര്‍ നേരിട്ട് കിറ്റുകള്‍ എത്തിച്ചു. സെപ്റ്റംബര്‍ ഒന്നാം തീയതി വരെ ഇ-പോസ് വഴി 5,10,754 ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ക്ഷേമ സ്ഥാപനങ്ങളില്‍ 8,162 കിറ്റുകളും 5,543 എണ്ണം ആദിവാസി ഈരുകളിലും വിതരണം ചെയ്തു. ബാക്കി കിറ്റുകളുടെ വിതരണം നടന്നു വരികയാണ്.

സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്ന കമ്പനികളുടെ പായസം മിക്‌സും, കറി പൊടികളും ലഭ്യമാകാത്തത് വിതരണത്തെ ബാധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിങ് പൂര്‍ത്തിയാക്കി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെ റേഷന്‍ കടകളിലെ ഇ- പോസ് മെഷീന്‍ തകരാറിലായതും കിറ്റ് വിതരണത്തെ ബാധിച്ചു.

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 19 മുതല്‍ 28വരെ സപ്ലൈകോ വില്പനശാലകളില്‍ 170 കോടിയുടെ വിറ്റുവരവുണ്ടായതായും മന്ത്രി വ്യക്തമാക്കി. സപ്ലൈകോയുടെ 1527 വില്പനശാലകളിലായാണ് ഓണം ഫെയര്‍ നടന്നത്. 14 ജില്ലാ ഫെയറുകളില്‍ മാത്രം 6.5 കോടിയുടെ വില്പന നടന്നു. മുന്‍വര്‍ഷമിത് 2.51 കോടിയായിരുന്നുവെന്നും മന്ത്രി അറിയിച്ചു.

ഓണത്തോടനുബന്ധിച്ച് 10 ദിവസങ്ങളിലായി ഏകദേശം 32 ലക്ഷം കാര്‍ഡുടമകള്‍ സംസ്ഥാനത്തെ സപ്ലൈകോ വില്‍പ്പനശാലകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനായി എത്തയെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. റേഷന്‍ കടകളിലൂടെ ആഗസ്റ്റ് മാസം 83 ശതമാനം പേര്‍ അവരുടെ റേഷന്‍ വിഹിതം കൈപ്പറ്റിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in