കുട്ടികളുടെ സ്വന്തം 'മിങ്കു ബാപ്പു' ബ്രൗൺ ഷുഗറുമായി പിടിയിൽ

കുട്ടികളുടെ സ്വന്തം 'മിങ്കു ബാപ്പു' ബ്രൗൺ ഷുഗറുമായി പിടിയിൽ

60 ചെറു പാക്കറ്റുകളിലായി 4.5 ഗ്രാം ബ്രൗൺ ഷുഗറാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്
Updated on
1 min read

സ്കൂൾ പരിസരങ്ങളിലും വഴിയോരങ്ങളിലും കളിപ്പാട്ടക്കച്ചവടം നടത്തുന്ന ഉത്തരേന്ത്യൻ സ്വദേശി ബ്രൗൺ ഷുഗറുമായി പിടിയിൽ. ഉത്തർപ്രദേശ് ബറേലി സ്വദേശി മിങ്കു ഭായ് എന്ന പേരില്‍ അറിയപ്പെടുന്ന വിപിൻ കുമാർ റസ്തോജി (മിങ്കു ഭായ്) (70) ആണ് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. അത്യന്തം വിനാശകാരിയായ മുന്തിയ ഇനം ബ്രൗൺ ഷുഗറാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് അറിയിച്ചു. 60 ചെറു പാക്കറ്റുകളിലായി ആകെ 4.5 ഗ്രാം ബ്രൗൺ ഷുഗറാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത് .

കുറച്ച് ദിവസങ്ങളായി സിറ്റി മെട്രോ ഷാഡോയ്ക്കും എറണാകുളം ഇന്റലിജൻസ് വിഭാഗത്തിന്റെയും നിരീക്ഷണത്തിലായിരുന്നു ഇയാള്‍

കൊച്ചുകുട്ടികളുടെ കളിപ്പാട്ടങ്ങൾ വിൽക്കുന്ന വിപിൻ കുമാർ റസ്തോജിയെ തേടി വൈകുന്നേരമാകുന്നതോടെ യുവതീയുവാക്കള്‍ എത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തേവര ഡീവർ റോഡിന് സമീപം കസ്തൂർബ നഗറിലേക്ക് പോകുന്ന വഴിയിലാണ് സ്ഥിരമായി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിറ്റി മെട്രോ ഷാഡോയ്ക്കും എറണാകുളം ഇന്റലിജൻസ് വിഭാഗത്തിന്റെയും നിരീക്ഷണത്തിലായിരുന്നു ഇയാള്‍. എക്സൈസ് സംഘം വേഷം മാറി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് വിശദമായി അന്വേഷണം നടത്തുകയും ചെയ്തു. ഇതിനൊടുവിലാണ് വിപിൻ കുമാർ റസ്തോജിയുടെ പക്കൽ ബ്രൗൺ ഷുഗറുണ്ടെന്ന് വ്യക്തമായത് . തുടർന്ന് മയക്കുമരുന്ന് ആവശ്യപ്പെട്ട എക്സൈസ് ഉദ്യോഗസ്ഥരോട് മയക്കുമരുന്നിന്റെ വില പറഞ്ഞ് ഉറപ്പിച്ച ശേഷം ഈ ബ്രൗൺ ഷുഗർ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് ഇയാള്‍ വിശദീകരിച്ചു.

ഒരു മില്ലി ഗ്രാം തൂക്കം വരുന്ന ഒരു ചെറു പൊതിക്ക് 1500 രൂപയാണ് ഈടാക്കിയിരുന്നത്

ആവശ്യക്കാരായി എത്തിയിരിക്കുന്നത് എക്സൈസ് സംഘമാണെണ് മനസ്സിലാക്കിയ മിങ്കു ഭായ് കളിപ്പാട്ടങ്ങൾ ഉപേക്ഷിച്ച് ഓട്ടോ റിക്ഷയിൽ കയറി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് താമസസ്ഥലത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ കൂടുതൽ പാക്കറ്റ് ബ്രൗൺ ഷുഗർ കണ്ടെടുക്കുകയായിരുന്നു. ഒരു മില്ലി ഗ്രാം തൂക്കം വരുന്ന ഒരു ചെറു പൊതിക്ക് 1500 രൂപയാണ് ഈടാക്കിയിരുന്നത്. ഉത്തർപ്രദേശിൽ നിന്ന് വിൽപ്പനക്കായി കേരളത്തിലെത്തിച്ചതെന്നാണ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്.

കൊച്ചുകുട്ടികളുടെ ഇടയിലേയ്ക്ക് "മിങ്കു ബാപ്പു" എന്ന പേരിൽ കളിപ്പാട്ടങ്ങളുമായി എത്തുന്ന അപ്പൂപ്പന്റെ പക്കൽ നിന്ന് അതിമാരകമായ മയക്കുമരുന്ന് പിടിച്ചെടുത്തതറിഞ്ഞപ്പോളുള്ള അമ്പരപ്പിലാണ് പ്രദേശവാസികള്‍. മയക്കുമരുന്ന് കച്ചവടത്തിന് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു .

logo
The Fourth
www.thefourthnews.in