സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതില്‍ കാലതാമസം; സംസ്ഥാനത്ത് കെട്ടിക്കിടക്കുന്നത് 8506 പോക്‌സോ കേസുകള്‍
സംസ്ഥാനത്ത് വിവിധ കോടതികളുടെ കീഴിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് 8000 ൽ അധികം പോക്‌സോ കേസുകളെന്ന് റിപ്പോർട്ട്. പോക്സോ നിയമപ്രകാരമുള്ള കേസുകളിൽ വേഗത്തിലുള്ള വിചാരണ ഉറപ്പാക്കാൻ ഫാസ്റ്റ്ട്രാക്ക്, പ്രത്യേക കോടതികള്‍ എന്നിവ ഉണ്ടായിട്ടും 8506 കേസുകളാണ് പല കോടതികളിലായി തീർപ്പാക്കാതെ കിടക്കുന്നത്. 2023 ജൂലൈ 31 വരെയുള്ള ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ടുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഇരകൾക്ക് നീതി ലഭിക്കാൻ കാലതാമസം എടുക്കുന്നതിന്റെ പ്രധാന കാരണവും ഇതാണെന്നാണ് വിലയിരുത്തൽ.
ഫോറൻസിക് റിപ്പോർട്ടുകൾ നൽകാനും സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിലുമുള്ള കാലതാമസമാണ് ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്
ആഭ്യന്തര വകുപ്പിന്റെ കണക്കനുസരിച്ച്, തീർപ്പുകല്‍പ്പിക്കാത്ത കേസുകളിൽ അധികവും തിരുവനന്തപുരത്തെ കോടതികളിലാണ്. 1,384 കേസുകളാണ് തലസ്ഥാനത്ത് കെട്ടിക്കിടക്കുന്നത്. എറണാകുളത്തെ കോടതികളിൽ 1,147 കേസുകളും കെട്ടിക്കിടക്കുന്നതായി റിപ്പോർട്ടുകളില്‍ പറയുന്നു. ഫോറൻസിക് റിപ്പോർട്ടുകൾ നൽകാനും സ്പെഷ്യൽ പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിലുമുള്ള കാലതാമസമാണ് ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇത് കാലതാമസം മൂലം ഇരകൾ പിന്മാറാൻ നിർബന്ധിതരാകുന്ന സാഹചര്യങ്ങളിലേക്കും നയിക്കുന്നതായി അവർ പറയുന്നു. ഇത്രയധികം കോടതികള്‍ സംസ്ഥാനത്ത് ഉണ്ടെങ്കിലും വളരെ കുറച്ച് കേസുകളില്‍ മാത്രമാണ് കൃത്യമായ നീതി ലഭിക്കുന്നതെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി അസഫ് അലി അഭിപ്രായപ്പെട്ടു.
" വിചാരണയിൽ ഉണ്ടാകുന്ന കാലതാമസം സാക്ഷികൾ കൂറുമാറുന്നതിനും അതുവഴി തെളിവുകൾ ഇല്ലാതാകാനും കാരണമാകാറുണ്ട്. ചില കേസുകളിൽ ഇരകളുടെ മരണവും സംഭവിക്കാം. പുതിയ കോടതികൾ സ്ഥാപിക്കുന്നതും ജോലി സമയം മാറ്റുന്നതും മാത്രം കെട്ടിക്കിടക്കുന്ന കേസുകൾ കുറയ്ക്കില്ല. കീഴ്ക്കോടതികളിലെ ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് പരിശീലനം ലഭിക്കാത്തതാണ് പ്രധാന കാരണങ്ങളിലൊന്ന്. കെട്ടിക്കിടക്കുന്ന കേസുകൾ കുറയ്ക്കുന്നതിന് വിരമിച്ച ജഡ്ജിമാരുടെ സേവനം ഉപയോഗിക്കുന്നതും അഭികാമ്യമാണ്." അദ്ദേഹം പറഞ്ഞു.
നിർഭയ സെന്ററുകളിലും ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള മറ്റ് ഇടങ്ങളിലും പാർപ്പിച്ചിരിക്കുന്ന കുട്ടികളുടെ കേസുകള്‍ വേഗത്തില്‍ തീർപ്പാക്കാന്‍ സർക്കാർ നിർദേശം നല്‍കി
പോക്സോ കേസുകൾ സമയബന്ധിതമായി പരിഗണിക്കുന്നതിനുള്ള നിയമപരമായ ഉത്തരവുകൾ പാലിക്കാൻ ഹൈക്കോടതിയും സംസ്ഥാന സർക്കാരും ശ്രമിക്കുകയാണെന്ന് കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെ വിക്ടിം റൈറ്റ്സ് സെന്റർ (വിആർസി) പ്രോജക്ട് കോർഡിനേറ്റർ പാർവതി മേനോൻ പറഞ്ഞു.
"കാലതാമസം മൂലം, പ്രതികളിൽ നിന്നും കുടുംബങ്ങളിൽ നിന്നും സാമൂഹിക വൃത്തങ്ങളിൽ നിന്നുമുള്ള കടുത്ത സമ്മർദ്ദം കാരണം അതിജീവിതരും അവരുടെ കുടുംബങ്ങളും പിന്നാക്കം പോകുന്ന ധാരാളം കേസുകൾ ഉണ്ടായിട്ടുണ്ട്. കുറ്റവാളികൾ കുടുംബത്തിനുള്ളിൽ ആയിരിക്കുമ്പോൾ അത്തരം സമ്മർദ്ദം കൂടുതലാണ്. ഇത്തരം കേസുകളിൽ അതിജീവിതരെ മറ്റ് സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാത്തത്, അവരുടെ മേൽ കുടുംബത്തിന്റെ സമ്മർദം വർധിക്കുന്നതിനും കേസുകൾ പിൻവലിക്കാൻ നിർബന്ധിതരാകുകയും ചെയ്യും." പാർവതി മേനോൻ വ്യക്തമാക്കി.
ഈ സാഹചര്യം മറികടക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാനും വിചാരണയും കേസുകളുടെ എണ്ണവും നിരീക്ഷിക്കാനും ആഭ്യന്തര വകുപ്പ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രതിമാസ സ്ഥിതിവിവരക്കണക്കുകൾ സമാഹരിച്ച് ഓരോ ജില്ലയുടെയും ചുമതലയുള്ള ഹൈക്കോടതി ജഡ്ജിമാർക്ക് മുമ്പാകെ സമർപ്പിക്കാനുള്ള ചുമതല ഈ കമ്മിറ്റികൾക്കുണ്ട്. 56 കോടതികളിൽ 54 എണ്ണത്തിൽ പാനലുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് ലാബ് റിപ്പോർട്ടുകൾ വൈകുന്നില്ലെന്ന് ഉറപ്പാക്കാനും കമ്മിറ്റികൾക്ക് നിർദേശമുണ്ട്. നിർഭയ സെന്ററുകളിലും ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള മറ്റ് ഇടങ്ങളിലും പാർപ്പിച്ചിരിക്കുന്ന കുട്ടികളുടെ കേസുകള്‍ വേഗത്തില്‍ തീർപ്പാക്കാനാണ് നിർദേശം. പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിലുള്ള അനാവശ്യ കാലതാമസം ഒഴിവാക്കാനും പബ്ലിക് പ്രോസിക്യൂട്ടർമാരെയും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരെയും നിയമിക്കാനും അവർക്ക് ജില്ലാതലത്തിൽ പരിശീലനം നൽകാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.