സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് പെൺകുട്ടികളെ കാണാതായ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് പെൺകുട്ടികളെ കാണാതായ സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

രാവിലെ കുട്ടികളെ വിളിച്ചുണർത്താൻ ചെന്നപ്പോഴാണ് പെൺകുട്ടികള്‍ ഇല്ലെന്ന വിവരം അറിയുന്നത്
Updated on
1 min read

കോട്ടയം മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽ നിന്നും ഒന്‍പത് പെൺകുട്ടികളെ കാണാതായ സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് അറിയിച്ചു. 'മിസിങ്' കേസായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുട്ടികളെ കണ്ടെത്തിയശേഷം എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പോക്സോ കേസ് അതിജീവിതയടക്കം വിവിധ കേസുകളുമായി ബന്ധപ്പെട്ട് പാർപ്പിച്ചിരുന്നവരെയാണ് കാണാതായത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എൻജിഒയാണ് ഷെൽട്ടർ ഹോം നടത്തുന്നത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസാണ് കേസെടുത്തത്.

രാവിലെ കുട്ടികളെ വിളിച്ചുണർത്താൻ ചെന്നപ്പോഴാണ് പെൺകുട്ടികള്‍ ഇല്ലെന്ന വിവരം അറിയുന്നത്. കു​ട്ടി​ക​ള്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ല്‍ കടന്നുകളഞ്ഞതാകാമെന്നാണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഏത് സാഹചര്യത്തിലാണ് പെൺകുട്ടികളെ കാണാതായിരിക്കുന്നതെന്ന് അടക്കമുളള കാര്യങ്ങളിൽ വിശദമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. അതേസമയം മഹിളാ സമഖ്യയുടെ ഭാ​ഗത്ത് നിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

മഹിളാ സമഖ്യ എന്‍ജിഒ നടത്തുന്ന ഷെല്‍ട്ടര്‍ഹോമിന് ശിശുക്ഷേമ സമിതിയുടെ അംഗീകാരമുണ്ട്. 14ഓളം പെണ്‍കുട്ടികളാണ് ഇവിടെ താമസിക്കുന്നത്. ഇവരില്‍ ഏറെയും പോക്‌സോ കേസുകളിലും കുടുംബ പ്രശ്‌നങ്ങളിലും ഉള്‍പ്പെട്ടവരാണ്. ഏതാനും നാളുകള്‍ക്ക് മുമ്പ് ഇവിടെ നിന്നും അഞ്ചു പേര്‍ ചാടിയിരുന്നു. നാളുകളായി ഇവിടെ പ്രതിഷേധം നടത്തിയിരുന്ന പെണ്‍കുട്ടികളെയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നതെന്നും പറയപ്പെടുന്നു.

രണ്ട് മാസം മുൻപും കോട്ടയത്ത് സമാനമായ സംഭവം നടന്നിരുന്നു. രണ്ട് ഷെൽട്ടർ ഹോമുകളിൽ നിന്നാണ് അന്ന് പെൺകുട്ടികളെ കാണാതായത്. മൂന്ന് പെൺകുട്ടികളെ വീതമാണ് കാണാതായിരുന്നത്. തുടര്‍ന്ന് ഈസ്റ്റ് പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ, സംഭവത്തിൽ പെൺകുട്ടികൾ സ്വമേധയാ ഇറങ്ങിപ്പോയിരുന്നതിനാൽ പിറ്റേ ദിവസം തന്നെ ഇവരെ മറ്റൊരിടത്ത് നിന്നും പോലീസ് കണ്ടെത്തുകയായിരുന്നു.

logo
The Fourth
www.thefourthnews.in