കെഎസ്ആർടിസി
കെഎസ്ആർടിസി

10 ദിവസം കൊണ്ട് 90 കോടി; ക്രിസ്മസ് പുതുവത്സര സീസണ്‍ ആഘോഷിച്ച് കെഎസ്ആർടിസി

ഏറ്റവും കൂടുതൽ പ്രതിദിന കളക്ഷൻ സ്വന്തമാക്കിയത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോ
Updated on
1 min read

മലയാളികൾ ക്രിസ്മസും പുതുവത്സരവും ആഘോഷിച്ചപ്പോള്‍ നേട്ടമുണ്ടാക്കി കെഎസ്ആർടിസി. ഡിസംബർ 23 മുതൽ ജനുവരി 3 വരെയുള്ള ദിനങ്ങളിൽ കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷന്‍. 10 ദിവസം കൊണ്ട് 90കോടി 41 ലക്ഷം രൂപയാണ് കോർപ്പറേഷന്റെ വരുമാനം. ആഘോഷങ്ങൾ കഴിഞ്ഞശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തിലും കളക്ഷനിലെ ഈ മികവ് ആവർത്തിക്കാൻ കെഎസ്ആർടിസിക്കായി. 8.43 കോടി രൂപയാണ് ക്രിസ്മസും ന്യൂഇയറും കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനത്തിൽ ബസ് ഓടിയ വകയിൽ മാത്രം കോർപ്പറേഷന് ലഭിച്ചത്.

കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷനിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇതെന്ന് ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ഡിസംബറിൽ 222.34 കോടിയും ഒക്ടോബർ മാസത്തിൽ 191.09 കോടിയും നവംബർ മാസത്തിൽ 193.85 കോടി രൂപയുമാണ് കെഎസ്ആർടിസിയുടെ വരുമാനം. ഈ സീസണില്‍ ഏറ്റവും കൂടുതൽ പ്രതിദിന കളക്ഷൻ സ്വന്തമാക്കിയത് തിരുവനന്തപുരത്തെ സെൻട്രൽ ഡിപ്പോയാണ്. ഡിസംബർ 23 മുതൽ ജനുവരി 3 വരെ 6 കോടി രൂപയാണ് തമ്പാനൂർ സെൻട്രൽ ഡിപ്പോയുടെ വരുമാനം. പ്രധാന ജില്ലാ ഡിപ്പോകളിലും വരുമാനം വർധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്ഥാപനത്തിനും ജീവനക്കാർക്കും വർഷാന്ത്യത്തിൽ വരുമാനത്തിലുണ്ടായ കുതിച്ചുചാട്ടം ആശ്വാസം പകരുന്നതാണ്. വരും മാസങ്ങളിലും ഈ കളക്ഷന്‍ നിലനിര്‍ത്താന്‍ സാധിച്ചാല്‍ ശമ്പള പ്രതിസന്ധി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും ജീവനക്കാര്‍ വിശ്വാസം പ്രകടിപ്പിക്കുന്നു.

logo
The Fourth
www.thefourthnews.in