ഹരിതോർജം പരിസ്ഥിതിക്കും സാമ്പത്തിക ലാഭത്തിനും; കേരളത്തിന് 9000 കോടി രൂപ ലാഭിക്കാമെന്ന് പഠന റിപ്പോർട്ട്

കല്‍ക്കരി വൈദ്യുതി കരാറുകളില്‍ നിന്ന് പുറത്തു വന്നാല്‍ സംസ്ഥാനത്തിന് 1843 കോടി രൂപ അധിക വരുമാനമുണ്ടാക്കാമെന്നും പഠന റിപ്പോര്‍ട്ട്

നൂറ് ശതമാനവും പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസുകളിലേക്ക് മാറാന്‍ കേരളത്തിന് സാധിച്ചാല്‍ അഞ്ച് വര്‍ഷം കൊണ്ട് 9,000 കോടി രൂപ ലാഭിക്കാമെന്ന് പഠന റിപ്പോര്‍ട്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിന് പകരം ഒരു കിലോവാട്ടവറിന് ശരാശരി മൂന്ന് രൂപ നിരക്കില്‍ പുനരുപയോഗ ഊര്‍ജം ലഭ്യമാക്കാനായാൽ സംസ്ഥാനത്തിന് പ്രതിവർഷം 969 കോടി രൂപ ലാഭിക്കാമെന്നാണ് കണക്ക്. കൽക്കരി അധിഷ്ഠിത വൈദ്യുതി കരാറുകളിൽ നിന്ന് പുറത്തുവന്നാൽ 1,843 കോടി രൂപ അധിക വരുമാനമുണ്ടാക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഊര്‍ജ രംഗത്ത് പ്രവര്‍ത്തിക്കുന്ന ക്ലൈമറ്റ് റിസ്‌ക് ഹൊറൈസണ്‍സ് ആണ് സംസ്ഥാനത്തിന്റെ ഊര്‍ജ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിന് സഹായകരമാകുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

സാമ്പത്തികമായും കാലാവസ്ഥാപരമായും സാധ്യമായ നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനൊപ്പം, കല്‍ക്കരി ഉപയോഗം കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങളും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. നിലവിലെ അവസ്ഥയില്‍ 30,000 മെഗാവാട്ടില്‍ കൂടുതല്‍ വൈദ്യുതി പുനരുപയോഗ ഊർജ സ്രോതസിൽ നിന്ന് ഉത്പാദിപ്പിക്കാൻ കേരളത്തിന് കഴിയും. മേല്‍ക്കൂരയിലെ സോളാര്‍, ജലാശയങ്ങളിലെ ഫ്ലോട്ടിങ് സോളാര്‍ തുടങ്ങിയ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനാണ് നിർദേശം.

പുനരുപയോഗ ഊർജസ്രോതസിന്റെ വലിയ സാധ്യതകൾ തന്നെ കേരളത്തിലുണ്ട്. ഇടത്തരം തോതിലുള്ള ഫ്ളോട്ടിങ് സോളാർ വലിയ തോതിൽ ആശ്രയിക്കാവുന്നതാണ്. മെഗാ സോളാര്‍ പ്ലാന്റുകള്‍ക്ക് ഇത്തരം ബദലുകൾ നൽകാൻ സംസ്ഥാനത്തിന് സാധിക്കും. വലിയ ജലാശയങ്ങളില്‍ എട്ട് ജിഗാ വാട്‌സിലധികം ഊർജം ഉത്പാദിപ്പിക്കാവുന്ന ഫ്ലോട്ടിങ് സോളാര്‍ സംവിധാനങ്ങള്‍ നടപ്പാക്കാന്‍ നമുക്കാകുമെന്നും ക്ലൈമറ്റ് റിസ്‌ക് ഹൊറൈസണ്‍സ് സിഇഒ ആശിഷ് ഫെര്‍ണാണ്ടസ് പറഞ്ഞു. പഠന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറി. 2040ഓടെ 100% പുനരുപയോഗ ഊര്‍ജമാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗൗരവത്തോടെ ഇടപെടുമെന്നാണ് പ്രതീക്ഷയെന്നും ആശിഷ് ഫെര്‍ണാണ്ടസ് വ്യക്തമാക്കി.

കേരളം ദൈനംദിന ആവശ്യങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയാണ്. ആവശ്യമായ ഊര്‍ജത്തിന്റെ 70% വരെ ഇറക്കുമതി ചെയ്യുകയാണ്. ഇത് മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. സ്വന്തം ഊര്‍ജ ആവശ്യങ്ങള്‍ ഹരിത ഊര്‍ജം വഴി പരിഹരിച്ച ശേഷം, മിച്ചം വരുന്നത് മറ്റു സംസ്ഥാനങ്ങള്‍ക്ക് വില്‍ക്കാനാകുന്ന അവസ്ഥയിലെത്തുകയാണ് ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ പറഞ്ഞു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in