ഇന്നസെന്റ് 'നിഷ്‌കളങ്കനായ പോരാളി': മോഹൻലാൽ

ഇന്നസെന്റ് 'നിഷ്‌കളങ്കനായ പോരാളി': മോഹൻലാൽ

ഇന്നസെന്റ് ആദ്യഘട്ടത്തിൽ കാൻസർ മുക്തനായി തിരിച്ച് വന്നപ്പോൾ മോഹൻലാൽ എഴുതിയ ബ്ലോഗിലെ പ്രസക്തഭാഗങ്ങള്‍
Updated on
2 min read

ഇന്നസെന്റിനെ എന്നാണ് എവിടെ വെച്ചാണ് ആദ്യമായി കണ്ടത് എന്ന് എനിക്ക് ഓര്‍മയില്ല. പൂര്‍വജന്മത്തിലേ എന്റെ കൂടെയുള്ള ഒരാളായിട്ടാണ് അദ്ദേഹത്തെ എനിക്കു തോന്നാറുള്ളത്. വിശേഷണങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത വിധത്തിലുള്ള ഒരു അടുപ്പം, പറഞ്ഞു മനസ്സിലാക്കാനോ, പ്രകടിപ്പിക്കാനോ കഴിയാത്ത തരത്തിലുള്ള സ്‌നേഹം, ബഹുമാനം, ജീവിതത്തിന്റെ വെയിലേറ്റ് തളരുമ്പോള്‍ ചേര്‍ത്തു നിര്‍ത്തി സാന്ത്വനം തരുന്ന തണല്‍. ഇതൊക്കെയാണ് എനിക്ക് ഇന്നസെന്റ്. സിനിമയില്‍ ഹാസ്യകഥാപാത്രങ്ങളെയാണ് അവതരിപ്പിക്കാറുള്ളത്. സംസാരങ്ങളിലും സമീപനങ്ങളിലും ശുദ്ധമായ ഫലിതമാണ് ഇന്നസെന്റിന്റെ വഴി. നിഷ്‌കളങ്കമാണ് ആ ഫലിതമെല്ലാം. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ഇന്നസെന്റിനോളം പോരാളിയായ ഒരാളെ ഞാന്‍ പരിചയപ്പെട്ടിട്ടില്ല. എത്ര വലിയ തടസ്സങ്ങളും പ്രതിബന്ധങ്ങളും മുന്നില്‍ വഴിതടഞ്ഞാലും അവയെയെല്ലാം മറികടക്കാനുള്ള ധീരത ഇന്നസെന്റില്‍ സഹജമായുണ്ട്. ഇത് അദ്ദേഹത്തിന്റെ അപ്പനായ തെക്കേത്തല വറീതില്‍ നിന്നാകാം.

ദാരിദ്ര്യം മുതല്‍ മരണം വരെ ഒരുപാടു കരിങ്കടലുകള്‍, അദ്ദേഹത്തിന്റെ ജിവിതത്തിന് മുന്നില്‍ വെല്ലുവിളികളായി നിന്നിട്ടുണ്ട്. തീപ്പെട്ടി കമ്പനി നടത്തിയിരുന്ന കാലത്താണ് ദാരിദ്ര്യം ഒരു ഒഴിയാബാധയായി അദ്ദേഹത്തിന്റെ ജീവിതത്തെ ഗ്രസിച്ചത്. കുറച്ചു ദിവസങ്ങളോ ആഴ്ചകളോ മാത്രമല്ല ഈ അവസ്ഥ നിലനിന്നത്. വര്‍ഷങ്ങളാണ്. തീപ്പെട്ടിക്കമ്പനി വലിയ പരാജയമായി. സിനിമയിലെ ഭാഗ്യപരീക്ഷണവുമായി മദിരാശിയില്‍ കഴിഞ്ഞ ദിനങ്ങളിലും കടുത്ത ദാരിദ്ര്യം ഈ മനുഷ്യനെ പിടിച്ചുലച്ചു. ഭാര്യയുടെ ആഭരണങ്ങള്‍ പണയം വെച്ചും, ഒരു നേരം മാത്രം ഭക്ഷണം കഴിച്ചും, കടുത്ത ചൂടില്‍ പായയില്‍ വെള്ളമൊഴിച്ചു കിടന്നും കഴിഞ്ഞ നാളുകള്‍. സിനിമാ നിര്‍മാണത്തില്‍ വലിയ പരാജയങ്ങള്‍ സംഭവിച്ച ദിനങ്ങള്‍. അവയിലൂടെയെല്ലാം ഇന്നസെന്റ് സ്വയം വെന്തുകൊണ്ടു കടന്നുപോന്നു.

അടുത്തതായി മരണമാണ് ഇന്നസെന്റിന്റെ വഴിയില്‍ വന്നു നിന്നത്. ഒരു ജീപ്പകടത്തിന്റെ രൂപത്തില്‍. തലയോട് നെടുകെ പിളര്‍ന്ന് അദ്ദേഹം മരണത്തിനും ജീവിതത്തിനും മധ്യേയുള്ള നൂല്‍പ്പാലത്തില്‍ മാസങ്ങളോളം കിടന്നു. ഒരുപാട് ബ്രയിന്‍ ഫ്‌ളൂയിഡ് ഒഴുകിപ്പോയി. ( അതിബുദ്ധിമാനായ ഇന്നസെന്റിന്റെ ബുദ്ധിയുടെ കുറെ ഭാഗം ഈ ബ്രയിന്‍ ഫ്‌ളൂയിഡിനൊപ്പം ഒഴുകിപ്പോയി എന്ന് ഞാന്‍ അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിന് എഴുതിയ അവതാരികയില്‍ പറഞ്ഞിട്ടുണ്ട്. അതും കൂടിച്ചേര്‍ന്നിരുന്നെങ്കില്‍ ഈ മനുഷ്യന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധിമാനാകുമായിരുന്നു). അതിനെയും അദ്ദേഹം അതിജീവിച്ചു.

ഏറ്റവുമൊടുവില്‍ ഇപ്പോള്‍ കാന്‍സര്‍ എന്ന രോഗം. ഇന്നസെന്റിനെ അവസ്ഥ. പ്രതീക്ഷകള്‍ എല്ലാം അസ്തമിക്കുന്ന നിമിഷങ്ങള്‍. പക്ഷേ,ബാധിച്ചു. അല്പം ഗുരുതരമായിത്തന്നെ. ആരും തകര്‍ന്നുപോകുന്ന ഈ വിവരം കേട്ട് തകര്‍ന്നും പ്രാര്‍ഥിച്ചും ഇരിക്കുന്ന എന്റെ ഫോണിലേക്ക് ഓരോ ദിവസവും ഇന്നസെന്റ് വിളിച്ചത് ചിരിച്ചുകൊണ്ടായിരുന്നു. മഹാരോഗത്തെ അതിരൂക്ഷമായ ഫലിതംകൊണ്ട് നേരിടുകയായിരുന്നു അദ്ദേഹം. ആശുപത്രിയിലെ അനുഭവങ്ങള്‍, രോഗം കാണാന്‍ വരു അവരുടെ സമീപനങ്ങള്‍, വീട്ടിലെ അവസ്ഥ. ദൈവവുമായിട്ടുള്ള സംഭാഷണങ്ങള്‍ ഒരിക്കല്‍ ഒരു സുവിശേഷ പ്രചാരകന്‍ അദ്ദേഹത്തെ കാണാന്‍ എത്തി. അസുഖം മാറ്റുന്നതിനായി യേശു പറഞ്ഞിട്ടാണ് താന്‍ വരുന്നത് എന്നായിരുന്നു അയാളുടെ ആമുഖം. അപ്പോള്‍ ഇന്നസെന്റ് ചോദിച്ചു:

'എത്ര മണിക്കാണ് യേശു നിങ്ങളുടെ അടുത്തു വന്നത് ?' 'രാത്രി

പതിനൊന്ന് പതിനൊന്നരയായി കാണും,' അയാള്‍ പറഞ്ഞു.

''എന്നാല്‍ അതു യേശുവായിരിക്കില്ല. കാരണം, രാത്രി പന്ത്രണ്ടര വരെ സാധാരണ യേശു എന്റെ കൂടെയായിരിക്കും. ഓരോന്ന് സംസാരിച്ചിരിക്കും... നിങ്ങള്‍ക്ക് ആള്‍ തെറ്റിയതാകും.' അയാള്‍ പിന്നെ അധിക നേരം അവിടെ നിന്നില്ല.

കടുത്ത വേദന കടിച്ചമര്‍ത്തിക്കൊണ്ട് ഇന്നസെന്റ് ചിരിച്ചുകൊണ്ടേയിരുന്നു. ഞാനടക്കമുള്ള സുഹൃത്തുക്കളെ ചിരിപ്പിച്ചു. ദൈവത്തെ നിരന്തരം ചിരിപ്പിച്ചു. രോഗക്കിടക്കയില്‍ കിടന്നുകൊണ്ട് 'അമ്മ' എന്ന വലിയ സംഘടനയെ നയിച്ചു. വിളിക്കുമ്പോഴെല്ലാം സ്വന്തം രോഗത്തെക്കാളേറെ എന്റെ അമ്മയുടെ അസുഖത്തെക്കുറിച്ച് ചോദിച്ചുകൊണ്ടേയിരുന്നു. ഒരിക്കല്‍പ്പോലും 'എന്നെ രക്ഷിക്കണേ' എന്ന് പ്രാര്‍ഥിച്ചില്ല. ദൈവവുമായുള്ള വെല്ലുവിളിയില്‍ അദ്ദേഹത്തിന് സ്വന്തം കാര്യത്തിനു വേണ്ടി പ്രാര്‍ഥിക്കുക സാധ്യമല്ലായിരുന്നു... ഫലിതമാണ് ഏതു പ്രതിസന്ധിയിലും ഇന്നസെന്റിന്റെ കവചവും പരിചയും. ജന്മനാ അത് ദൈവം അദ്ദേഹത്തില്‍ നിക്ഷേപിച്ചതാണ്. കര്‍ണന്റെ കവചകുണ്ഡലങ്ങള്‍ പോലെ...

ഇന്നസെന്റിന്റെ ജീവിതവും പോരാട്ടവും എന്താണ് നമ്മെ പഠിപ്പിക്കുന്നത് എന്നു ഞാന്‍ ആലോചിക്കാറുണ്ട്. ഞാന്‍ എത്തിച്ചേര്‍ന്ന നിഗമനം ഇതാണ്. ജീവിതത്തെ ധീരമായും നര്‍മബോധത്തോടെയും നേരിടുക. ദൈവത്തോട് പരാതികള്‍ പറഞ്ഞു ബുദ്ധിമുട്ടിക്കാതിരിക്കുക. കാരണം അദ്ദേഹത്തിന് വേറെ പണികളുണ്ട്.

ഇന്നസെന്റ് ആദ്യഘട്ടത്തിൽ കാൻസർ മുക്തനായി തിരിച്ച് വന്നപ്പോൾ മോഹൻലാൽ എഴുതിയ ബ്ലോഗിലെ പ്രസക്തഭാഗങ്ങളാണ് മുകളിലെ കുറിപ്പ്

logo
The Fourth
www.thefourthnews.in