ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്

മുന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രാഹുല്‍, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനില്‍ കുമാര്‍ എന്നിവരക്കം 13 പേര്‍ക്കെതിരെയാണ് കേസ്
Updated on
1 min read

ഇടുക്കി കട്ടപ്പന ഉപ്പുതറയില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. മുന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രാഹുല്‍, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനില്‍ കുമാര്‍ എന്നിവരക്കം 13 പേര്‍ക്കെതിരെയാണ് കേസ്. കട്ടപ്പന ഉപ്പുതറ സ്വദേശി സരുണ്‍ സജിയെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയില്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഒട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിയെന്നാരോപിച്ചാണ് സരുണ്‍ സജിയെ കിഴുകാനം ഫോറസ്റ്റ് ഓഫീസർ അനില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 20നായിരുന്നു സംഭവം. പിന്നീട് ഇത് കള്ളക്കേസാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. അനില്‍ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ ആർ ഷിജിരാജ്, വി സി ലെനിൻ, ഡ്രൈവർ ജിമ്മി ജോസഫ്, വാച്ചർമാരായ കെ ടി ജയകുമാർ, കെ എൻ മോഹനൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാലെ തനിക്കെതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് സരുൺ സജി എസ് സി എസ് ടി കമ്മിഷന് പരാതി നൽകുകയായിരുന്നു.

കുമളിയിൽ നടന്ന സിറ്റിംഗിൽ കേസ് പരിഗണിച്ചപ്പോഴാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കമ്മിഷൻ അദ്ധ്യക്ഷൻ പോലീസിന് നിർദേശം നൽകിയത്. സരുണ്‍ സജിക്ക് എതിരായ കേസ് കള്ളക്കേസാണെന്ന് കാണിച്ച് ഇടുക്കി റേഞ്ച് ഓഫീസര്‍ മുജീബ് റഹ്‌മാനും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സരുണിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതിന് ദൃസാക്ഷികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
ആദിവാസി യുവാവിനെതിരായ കള്ളക്കേസ് ഒതുക്കി തീര്‍ക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം; നീതി ഉറപ്പാക്കണമെന്ന് കുടുംബം

നേരത്തെ നടപടി നേരിട്ട വനം വകുപ്പ് ഉദ്യോഗസ്ഥന്‍ കേസ് ഒതിക്കി തീര്‍ക്കാനുള്ള ശ്രമം നടത്തിയെന്ന് കുടുംബം ആരോപിച്ചിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയെടുക്കണമെന്നും കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് രൂപീകരിച്ച സമരസമിതിയിലേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ 5000 രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം.

സമര സമരസമിതി ചെയര്‍മാന്റെ അകൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. ഒക്ടോബര്‍ 30നാണ് പണം അയച്ചത്. എന്നാല്‍ ഇതിന് പിന്നാലെ സമര സമിതി ചെയര്‍മാന്‍ പണം തിരിച്ചയയ്ക്കുകയായിരുന്നു. പണം നല്‍കി കേസ് ഒതുക്കി തീര്‍ക്കാനാണ് ഉദ്യോഗസ്ഥന്റെ ശ്രമമെന്ന് കാണിച്ചായിരുന്നു അത്. എന്നാല്‍, യാതൊരു ദുരുദേശവും ഇല്ലെന്നും യുവാവിന്റെ ചികിത്സക്കാവശ്യമായ പണമാണ് അയച്ചതെന്നാണ് വനം വകുപ്പ് നല്‍കിയ വിശദീകരണം.

logo
The Fourth
www.thefourthnews.in