മന്ത്രി അബ്ദുറഹ്മാനെതിരായ വിവാദ പരാമർശം: ഫാ. തിയോഡേഷ്യസിനെതിരെ കേസെടുത്തു
മന്ത്രി വി അബ്ദുറഹ്‌മാനെതിരായ വിവാദ പരാമര്‍ശത്തില്‍ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ കേസെടുത്തു. വിഴിഞ്ഞം പോലീസാണ് കേസെടുത്തത്. അതേസമയം, പരാമർശത്തില്‍ ഫാദര്‍ തിയോഡേഷ്യസ് ഖേദം പ്രകടിപ്പിച്ചു. വികാരവിക്ഷോഭത്തില്‍ സംഭവിച്ച നാക്കുപിഴയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
വിഴിഞ്ഞം സമരസമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും ദേശദ്രോഹികളും രാജ്യവിരുദ്ധരുമാണെന്ന ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുറഹ്മാന്റെ പ്രസ്താവനയില്‍ സ്വാഭാവികമായുണ്ടാകുന്ന വികാരവിക്ഷോഭമാണ് അദ്ദേഹത്തിനെതിരെ നടത്തിയ പരാമർശം. അബ്ദുറഹ്മാന്‍ എന്ന പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്ന പരാമർശം നിരുപാധികം പിന്‍വലിക്കുന്നു. ന്യൂനപക്ഷങ്ങള്‍ കൈകോർത്തു പ്രവർത്തിക്കേണ്ട അവസരത്തില്‍ തന്റെ പ്രസ്താവന സമുദായങ്ങള്‍ക്കിടയില്‍ ചേരിതിരിവ് ഉണ്ടാക്കാനിടയായതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും പ്രസ്താവനയില്‍ പറയുന്നു.
മന്ത്രിയുടെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെന്നും അബ്ദുറഹ്മാനാണ് ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയെന്നുമായിരുന്നു ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിന്റെ പരാമർശം. മുല്ലൂരില സമരവേദിക്ക് സമീപം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പരാമർശം. മത്സ്യത്തൊഴിലാളികളുടെ മന്ത്രിയാണെന്നാണ് തങ്ങള്‍ വിചാരിച്ചിരിച്ചിരുന്നതെന്നും എന്നാല്‍ വേറെ ആർക്കോ വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും തിയോഡോഷ്യസ് ആരോപിച്ചിരുന്നു.
പരാമർശം പെട്ടെന്നുണ്ടായ വികാരവിക്ഷോഭത്തില്‍ സംഭവിച്ചതാണെന്നും അത് പിൻവലിക്കുകയും അതില്‍ നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രശ്നം അവസാനിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ലത്തീൻ അതിരൂപതയും പ്രസ്താവനയില്‍ പറഞ്ഞു.