സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷം
സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷം

തെരുവുനായകളെ പിടിച്ചുകെട്ടാന്‍ വേണം, സമഗ്രപദ്ധതി

പേവിഷ ബാധയെ ചെറുക്കാന്‍ ഫലപ്രദമായ നടപടികള്‍ ആവിഷ്ക്കരിക്കാത്തതില്‍ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്
Updated on
2 min read

സംസ്ഥാനത്ത്‌ തെരുവുനായ ശല്യവും പേവിഷബാധയേറ്റുള്ള മരണവും രൂക്ഷമാകുന്ന സാഹചര്യത്തിൽ, രാഷ്ട്രീയത്തിലും രാഷ്ട്രീയേതര സംവാദങ്ങളിലും സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കാര്യക്ഷമതയില്ലായ്മ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റു മരിച്ച അഭിരാമിക്ക്‌ മൂന്ന് ഡോസ് വാക്‌സിനെടുത്ത ശേഷവും പേവിഷബാധ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ വാക്‌സിന്റെ കാര്യക്ഷമതയെയും ഫലപ്രാപ്തിയെയും കുറിച്ചുള്ള ആശങ്കകൾ വർധിക്കുകയാണ്. പേവിഷബാധാ മരണം തടയുന്നതിനായി തെരുവുനായ്ക്കൾക്ക് ആന്റി റാബീസ് വാക്സിൻ നൽകാൻ സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിക്കാത്തത് കടുത്ത വിമർശനങ്ങള്‍ക്കാണ് വഴിവയ്ക്കുന്നത്.

ഈ വർഷം മാത്രം പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത് 21 പേരാണ്. ജൂലൈ വരെ സംസ്ഥാനത്ത് 95,000 പേർക്കാണ് നായയുടെ കടിയേറ്റത്.

കേസുകൾ അനിയന്ത്രിതമായി വർധിക്കുന്നു

അനിമൽ ബർത്ത് കൺട്രോൾ (എബിസി) പദ്ധതി നടപ്പാക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമതയില്ലായ്മയും വളർത്തുമൃഗങ്ങൾക്ക് ലൈസൻസും വാക്സിനേഷനും നൽകുന്നതിലെ വീഴ്ചയുമാണ് സംസ്ഥാനത്ത് തെരുവുനായ ശല്യം വർദ്ധിക്കാനുള്ള പ്രധാന കാരണമായി മൃഗസംരക്ഷണ സമിതികൾ ആരോപിക്കുന്നത്. ഈ വർഷം മാത്രം പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചത് 21 പേരാണ്. ജൂലൈ വരെ സംസ്ഥാനത്ത് 95,000 പേർക്കാണ് നായയുടെ കടിയേറ്റത്.

2019 ൽ മൃഗസംരക്ഷണ വകുപ്പ് നടത്തിയ സർവേ പ്രകാരം സംസ്ഥാനത്ത് ഒമ്പത് ലക്ഷത്തോളം വളർത്തുമൃഗങ്ങളും 2.8 ലക്ഷം തെരുവുനായ്ക്കളും ഉണ്ട്. കോവിഡ് മഹാമാരിക്കു ശേഷം തെരുവുനായ്ക്കളുടെയും വളർത്തുമൃഗങ്ങളുടെയും എണ്ണം 20 ശതമാനം വർദ്ധിച്ചതായി അധികൃതർ പറയുന്നു. തെരുവുനായ്ക്കളിൽ വന്ധ്യംകരണം ലക്ഷ്യമിട്ടുള്ള എബിസി പദ്ധതി നടപ്പാക്കുന്നതിൽ സംഭവിച്ച പാളിച്ചയാണ് പേവിഷബാധ ഇത്രയേറെ രൂക്ഷമാകാൻ കാരണം.

എബിസി നടപ്പാക്കാൻ സന്നദ്ധമായ എൻജിഒകളെ പ്രയോജനപ്പെടുത്താൻ സർക്കാർ തയാറായാൽ മാത്രമാണ് പ്രശ്നത്തിന് പരിഹാരം ഉണ്ടാവുക

എബിസി പദ്ധതി പുനരാരംഭിക്കണം

എബിസി പദ്ധതി നടപ്പാക്കുന്നതിൽ നിന്നും ശാസ്ത്രീയ പരിചയമില്ലാത്ത കുടുംബശ്രീയെ ഒഴിവാക്കിയത് നല്ല തീരുമാനമായി ചൂണ്ടിക്കാട്ടുമ്പോഴും, മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എൻജിഒകൾ വഴി ഇത് പുനരാരംഭിക്കാൻ സാധിക്കും. എന്നിട്ടും എൻജിഒകളെ ഈ വിഷയത്തിൽ ഉൾപ്പെടുത്താൻ സർക്കാർ എന്തുകൊണ്ട് തയാറാകുന്നില്ല എന്ന ചോദ്യം പ്രസക്തമാണ്.

എബിസി നടപ്പാക്കാൻ സന്നദ്ധമായ എൻജിഒകളെ പ്രയോജനപ്പെടുത്താൻ സർക്കാർ തയാറായാൽ മാത്രമാണ് പ്രശ്നത്തിന് പരിഹാരം ഉണ്ടാവുകയെന്ന് തിരുവനന്തപുരം നഗരസഭയുടെ എബിസി പ്രോഗ്രാം ചുമതലയുള്ള വെറ്ററിനറി സർജൻ ഡോ.ശ്രീരാഗ് ജയൻ ദി ഫോർത്തിനോട് പറഞ്ഞു. നിലവിൽ സംസ്ഥാനത്തുള്ള 30 എബിസി സെന്ററുകളിൽ വളരെ കുറച്ചുമാത്രമാണ് പ്രവർത്തന ക്ഷമമായിട്ടുള്ളത്. മറ്റുള്ളവ നഗരസഭകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷം
കേരളത്തിലെ വഴിയോരങ്ങൾ തെരുവു നായകൾ കീഴടക്കിയതെങ്ങനെ? ഈ വർഷം കടിയേറ്റത് ഒരു ലക്ഷത്തോളം പേർക്ക്

സംസ്ഥാനത്ത് നിലവിലെ സാഹചര്യത്തിൽ, തെരുവുനായ ശല്യം പരിഹരിക്കാൻ കാലതാമസം എടുക്കുന്നത് ഉചിതമല്ല. തെരുവുനായകളുടെ എണ്ണം നിയന്ത്രണ വിധേയമാക്കാൻ മൃഗ സംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിപ്പിച്ചുകൊണ്ട് പുതിയ കർമ്മ പദ്ധതി ആവിഷ്‌ക്കരിക്കും എന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞിട്ടും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.

കൊല്ലം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലെ തദ്ദേശ വകുപ്പുകളിലും 30 എബിസി സെന്ററുകളിലും വന്ധ്യംകരണം ദ്രുതഗതിയിൽ നടപ്പാക്കുമെന്നാണ് സർക്കാർ അറിയിച്ചത്. 2021 വരെ 18550 നായകളിൽ വന്ധ്യംകരണം പൂർത്തിയാക്കിയിരുന്നു. അതിനു ശേഷം ഒന്നര വർഷമായി ഇത് മുടങ്ങിയതാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്.

വാക്സിനിലും വേണം മാറ്റം

പേവിഷബാധ വാക്‌സിനും ഇമ്മ്യൂണോഗ്ലോബുലിൻ സിറവുമാണ് നിലവിൽ പേവിഷ ബാധയ്ക്ക് എതിരെ മനുഷ്യരില്‍ ഉയോഗിക്കുന്നത്. വാക്‌സിൻ എടുത്തിട്ടും മരണം കൂടുന്ന സാഹചര്യത്തിൽ, പ്രീ-എക്സ്പോഷർ പ്രൊഫിലാക്സിസ് (PrEP) വാക്‌സിന്റെ പ്രാധാന്യം കൂടുതൽ ശക്തിപ്പെടുകയാണ്. നായയുടെ കടിയേൽക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ ഇടപഴകുന്നവർക്ക് നൽകുന്ന വാക്‌സിനാണ് പിആർഇപി. നിലവിൽ സംസ്ഥാനത്ത്, മൃഗങ്ങളെ പരിചരിക്കുന്നവർക്കും വെറ്റിനറി ഡോക്ടർമാർക്കും മാത്രമാണ് പിആർഇപി നൽകുന്നത്. എന്നാൽ, ഈ വാക്‌സിൻ പേവിഷബാധയ്ക്ക് എതിരായ പ്രതിരോധം തീർക്കലായി കൈക്കൊള്ളാവുന്നതാണ്. ഇത് വിഷബാധ രൂക്ഷമാകാതിരിക്കാൻ സഹായിക്കും.

സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷം
പേ വിഷബാധ: വാക്സിനെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും; ആരോഗ്യമന്ത്രിയെ സഭയില്‍ തിരുത്തി മുഖ്യമന്ത്രി

ലൈസൻസിങ്ങും ദത്തുനൽകലും

വളർത്തുനായകളുടെ ലൈസൻസിങ് ഏർപ്പെടുത്തുന്നത് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും പലർക്കും ഇതിനെപ്പറ്റി അറിയില്ലെന്നാണ് ഡോ. ശ്രീരാഗ് പറയുന്നത്. ലൈസൻസിങ് നടത്തുന്ന സമയത്തുതന്നെ വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും തദ്ദേശ സ്ഥാപനങ്ങൾ ചെയ്യുമായിരുന്നു. ഇത് പുനരാരംഭിക്കാനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുമായി വിവിധ സ്ഥലങ്ങളിൽ ക്യാമ്പുകൾ രൂപീകരിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു. തെരുവുനായകളെ വന്ധ്യംകരിക്കുന്നതിനായും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കാം.

തെരുവിൽ അലയുന്നവയുടെ എണ്ണം കുറയ്ക്കാനായി, നായക്കുഞ്ഞുങ്ങളെ കണ്ടെത്തി വാക്‌സിൻ നൽകിയശേഷം സന്നദ്ധരായ വ്യക്തികൾക്ക് ദത്തുനൽകുകയാണ് മറ്റൊരു മാർഗമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. വാക്‌സിൻ സ്വീകരിച്ച ശേഷവും മരണ നിരക്ക് വർധിക്കുന്നതുമായി ബന്ധപ്പെട്ട് വാക്‌സിന്റെ കാര്യക്ഷമത പരിശോധിക്കാനും പഠിക്കാനുമുള്ള മാർഗ്ഗങ്ങൾ സര്സ്വീ‍ക്കര്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in