തിരുവനന്തപുരത്ത് വൻ തീപിടിത്തം; അക്വേറിയം ഗോഡൗൺ പൂർണമായും നശിച്ചു; ആളപായമില്ല
തിരുവനന്തപുരത്ത് വൻ തീപിടിത്തം. വഴുതക്കാട് എം പി അപ്പൻ റോഡിൽ പ്രവർത്തിക്കുന്ന അക്വേറിയം ഗോഡൗണിലാണ് സംഭവം. സ്ഥാപനം പൂർണമായും കത്തി നശിച്ചു. ആളപായമൊന്നുമില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുളള 6 ഫയർഫോഴ്സ് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി തീയണച്ചു. ഒരു മണിക്കൂറോളം സമയമെടുത്താണ് തീയണച്ചത്.
വൈകുന്നേരം 3.45നാണ് തീ പിടിച്ചത്. ഇവിടെ അക്വേറിയം കൊണ്ടു വരുന്ന വൈക്കോലിൽ തീ പടർന്നത് സ്ഥിതി കൂടുതൽ വഷളാക്കി. അക്വേറിയത്തിൽ വെൽഡിംഗ് ജോലികൾ നടക്കുന്നതിനിടെ തീപിടിത്തം ഉണ്ടായതെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. അക്വേറിയം പ്രവർത്തിക്കുന്നയിടത്തേക്ക് ഫയർഫോഴ്സ് വാഹനങ്ങൾ എത്താൻ കഴിയുന്നില്ല എന്നതും ആശങ്ക വർധിപ്പിച്ചിരുന്നു. ഇവിടേക്ക് പോകാനായി ഒരു ചെറിയ വഴി മാത്രമേ ഉളളൂ എന്നതായിരുന്നു പ്രധാന പ്രശ്നം.
അക്വേറിയത്തിനോട് ചേർന്ന് മൂന്ന് വീടിൻ്റെ ഭാഗത്തും തീ പടർന്നു. മൂന്ന് പേരെ രക്ഷപ്പെടുത്തി. ആദ്യ ഘട്ടത്തിൽ ഗോഡൗണിലേക്ക് പ്രവേശിക്കാൻ രക്ഷാ പ്രവർത്തകർക്ക് കഴിഞ്ഞിരുന്നില്ല. ഒടുവിൽ ഗോഡൗണിന്റെ ചുമരുകൾ തകർത്താണ് സംഘം രക്ഷാ ദൗത്യത്തിനായി ഉളളിലേക്ക് പ്രവേശിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിയന്ത്രണവിധേയമാണെന്നും ഗതാഗത മന്ത്രി ആന്റണി രാാജു പറഞ്ഞു.