രാഹുല്‍ മാങ്കൂട്ടത്തിലിനെ തോല്‍പ്പിക്കാന്‍ എ ഗ്രൂപ്പ് തന്നെ രംഗത്ത്; പാളയത്തിൽ നിന്ന് 
നാലുപേര്‍ കൂടി മത്സരത്തിന്

രാഹുല്‍ മാങ്കൂട്ടത്തിലിനെ തോല്‍പ്പിക്കാന്‍ എ ഗ്രൂപ്പ് തന്നെ രംഗത്ത്; പാളയത്തിൽ നിന്ന് നാലുപേര്‍ കൂടി മത്സരത്തിന്

എ ഗ്രൂപ്പ് വോട്ട് പലര്‍ക്കായി വീതം വച്ച് രാഹുലിനെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം
Updated on
1 min read

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ സഹഭാരവാഹികളായ വി പി ദുല്‍ഖിഫില്‍, അഡ്വ. വിഷ്ണു സുനില്‍ പന്തളം, എസ് ജി അനീഷ് കാട്ടാക്കട, അഡ്വ. കെ എ ആബിദ് അലി എന്നിവരെ മത്സരിപ്പിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ എതിര്‍ക്കുന്ന എ വിഭാഗം നേതാക്കള്‍ തീരുമാനിച്ചു. ചാനല്‍ ചര്‍ച്ചയിലെ മികവ് മാത്രം അടിസ്ഥാനമാക്കി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം. സ്ഥാനാര്‍ത്ഥികളായി തീരുമാനിച്ചവര്‍ ഇന്നും നാളയുമായി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും.

കെ എം അഭിജിത്തിനെ മുന്നില്‍ നിര്‍ത്തി രാഹുലിനെ പരാജയപ്പെടുത്തുകയായിരുന്നു ആദ്യ ലക്ഷ്യം. അഭിജിത്ത് മത്സരിച്ചാല്‍ പിന്തുണയ്ക്കാമെന്ന് കെ സുധാകരനും, കൊടിക്കുന്നേല്‍ സുരേഷും അറിയിച്ചതായാണ് വിവരം. പക്ഷെ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറല്ലെന്ന നിലപാടില്‍ അഭിജിത്ത് ഉറച്ച് നിന്നു. ഇതോടെയാണ് നാലുപേരെ എ ഗ്രൂപ്പില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാക്കി വോട്ട് വിഭജിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെ പരാജയപ്പെടുത്താനുള്ള നീക്കത്തിലേക്ക് ഒരു വിഭാഗം എത്തിയത്.

പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള പ്രധാന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് ഗ്രൂപ്പ് മാനേജര്‍മാരെ അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ വി പി ദുല്‍ഖിഫില്‍ മത്സരിക്കുന്നതോടെ മലബാറില്‍ നിന്നുള്ള വോട്ടുകള്‍ നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പത്തനംതിട്ടയില്‍ നിന്നുള്ള അഡ്വ. വിഷ്ണു സുനിലും എറണാകുളത്തെ ആബിദ് അലിയും മധ്യകേരളത്തിലെ എ വിഭാഗത്തിലെ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് കരുതുന്നു. എസ് ജി അനീഷ് തിരുവനന്തപുരം ജില്ലയിലെ എ വിഭാഗത്തിന്റെ പ്രധാനപ്പെട്ട നേതാവാണ്.

കെ സി വേണുഗോപാലിന്റെ പിന്തുണയോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ആലപ്പുഴയില്‍ നിന്നുള്ള ബിനു ചുള്ളിയലിന്റെ തീരുമാനം. രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാർത്ഥിയാകുന്നതില്‍ എതിർപ്പുള്ള എ വിഭാഗം അവസാനം തനിക്ക് പിന്തുണ നല്‍കുമെന്ന് ബിനു ചുള്ളിയില്‍ കരുതുന്നു. എ വിഭാഗത്തിന്‍റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടായിരുന്ന കെ എം അഭിജിത്തും ജെ എസ് അഖിലും ആര്‍ക്കൊപ്പം നില്‍ക്കും എന്നത് നിര്‍ണായകമാണ്.

അതേ സമയം, പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പ് ഔദ്യോഗികമായി തീരുമാനിച്ച രാഹുൽ മാങ്കൂട്ടത്തിലിനെ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രമുഖ എ ഗ്രൂപ്പ് നേതാക്കൾ അറിയിച്ചു. ഗ്രൂപ്പിനകത്തുള്ള തർക്കം അടുത്തദിവസങ്ങളിൽ പരിഹരിക്കും. അതിനായുള്ള ചർച്ചകൾ നേതൃതലത്തിൽ തുടങ്ങിയതായും നേതാക്കൾ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in