അതിജീവിതയ്ക്കും മക്കൾക്കും  
വീടൊരുക്കി കൂട്ടായ്മ

അതിജീവിതയ്ക്കും മക്കൾക്കും   വീടൊരുക്കി കൂട്ടായ്മ

ആറാം ക്‌ളാസിൽ പഠിക്കുമ്പോൾ അയൽവാസിയുടെ ക്രൂര പീഡനത്തിന് വിധേയമായ യുവതിയുടെ കഥ ദ ഫോർത്ത് റിപ്പോർട്ട് ചെയ്തിരുന്നു
Updated on
1 min read

ജീവിത പ്രാരാബ്ധങ്ങളിൽ നിലതെറ്റിയ വേളി സ്വദേശിയായ അതിജീവിതയ്ക്ക് വീട് നിർമിച്ചു നൽകി മനുഷ്യ സ്നേഹികളുടെ കൂട്ടായ്മ. 2023 മാർച്ച് എട്ടിന്, രാജ്യാന്തര വനിതാ ദിനത്തിൽ ദ ഫോർത്ത് പറഞ്ഞ അതിജീവന കഥയിലെ നായികയായ യുവതിക്കും രണ്ടു പെൺമക്കൾക്കും നെടുമങ്ങാട് പനവൂരിൽ സ്ഥലം വാങ്ങി വീടുവെച്ച് നൽകിയത് ജില്ലയിലെ സായി ഭക്തരുടെ നേതൃത്വത്തിലുള്ള സംഘമാണ്. 

വീടിന്റെ താക്കോൽദാനം കഴിഞ്ഞ ആഴ്ച സത്യസായി സേവാ സംഘടനയുടെ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എ എം പ്രഭാകരൻ നായർ നിർവഹിച്ചു. സാമൂഹിക പ്രവർത്തക മാഗ്ലിൻ ഫിലോമിന, സായി ഭക്തരുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയ യു എസിൽ ജോലി ചെയ്യുന്ന ശ്രീകാന്ത് എന്നിവരുടെ സാന്നിധ്യത്തിൽ അതിജീവിതയും മക്കളും വീടിന്റെ താക്കോൽ ഏറ്റുവാങ്ങി.

ദരിദ്ര കുടുംബത്തിലെ പെൺകുട്ടി ആറാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് അയൽവാസിയായ യുവാവിന്റെ ക്രൂരമായ പീഡനത്തിന് ഇരയാകുന്നത്. കേസിൽ നീണ്ടുപോയ വിചാരണയും തുടർച്ചയായ ആഘാതങ്ങളും  മാനസികമായി അവരെ തളർത്തുകയും ചെയ്തു. പിന്നീട് വിവാഹിതയായെങ്കിലും ഭർതൃ വീട്ടുകാരുടെ ശത്രുതാ മനോഭാവം കാരണം ആ ബന്ധവും സുഗമമായിരുന്നില്ല. രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുമ്പോൾ ഭർത്താവ് മരണപ്പെട്ടു. അച്ഛന്റെ മരണത്തോടെ ജീവിതം വീണ്ടും ദുഷ്കരമായി. 

മാഗ്ലിൻ ഫിലോമിന പറഞ്ഞ അതിജീവിതയുടെ കഥ ലക്ഷ്മി പദ്‌മയാണ് ദ ഫോർത്തിൽ റിപ്പോർട്ട് ചെയ്തത്. വാർത്ത ശ്രദ്ധയിൽപെട്ട പാപ്പനംകോട് ശ്രീ സത്യസായി സേവാ സമിതിയുടെ സജീവ പ്രവർത്തകനായിരുന്ന ശ്രീകാന്ത് ആണ് ഈ കുടുംബത്തിന് സ്ഥലം വാങ്ങി വീട് നിർമിച്ചുനൽകാനുള്ള ശ്രമം ആരംഭിക്കുന്നത്.  2023 ഡിസംബറിൽ സത്യസായി സേവാ സംഘടന ജില്ലാ പ്രസിഡണ്ട് വിനോദ് ബാബുവാണ് പനവൂരിൽ വാങ്ങിയ ഭൂമിയിൽ വീടിന് തറക്കല്ലിടുന്നത്. ഏഴ് മാസം കൊണ്ട് വീടിന്റെ നിർമാണം പൂർത്തിയാക്കി. 

logo
The Fourth
www.thefourthnews.in