വീണ്ടും 'ഉണ്ട' തപ്പി കേരള പോലീസ്; തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സംഘത്തില്‍നിന്ന് നഷ്ടമായത് തോക്കും പത്ത് തിരകളും
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായിരുന്നു ഉണ്ട. ഛത്തിസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പോലീസ് സംഘത്തിന്റെ കഥ പറയുന്നതായിരുന്നു ചിത്രം. നക്‌സല്‍ ബാധിത പ്രദേശത്ത് വേണ്ടത്ര തോക്കിന്‍ ഉണ്ടകള്‍ ഇല്ലാതെ പോകുന്നതും അതിനായുള്ള കാത്തിരിപ്പും അനുബന്ധമായി നടക്കുന്ന മറ്റു സംഭവങ്ങളും ഉള്‍ക്കൊള്ളുന്നതായിരുന്നു ചിത്രം.
എന്നാല്‍, ഇപ്പോള്‍ ഉണ്ട സിനിമയെ ഓര്‍മിപ്പിക്കുന്ന സംഭവമാണ് കേരള പോലീസില്‍ നിന്നുണ്ടായിരിക്കുന്നത്. ഉണ്ട സിനിമയില്‍ പോലീസിനായി എത്തുന്ന ഉണ്ടകള്‍ അടങ്ങിയ പെട്ടി മോഷണം പോകുന്നതാണെങ്കില്‍ കേരള പോലീസിലെ രണ്ടു ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കൈയറ്റത്തില്‍ സേനയ്ക്ക് നഷ്ടമായത് തോക്കും പത്തു റൗണ്ട് തിരകളും.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് കേരളത്തില്‍ നിന്ന് മധ്യപ്രദേശിലേക്ക് പോയ എസ് എ പി ക്യാമ്പിലെ ഉദ്യോഗസ്ഥന്റെ പക്കല്‍ നിന്നാണ് തോക്കും ഉണ്ടകളും നഷ്ടമായത്. മധ്യപ്രദേശിലെ ഡ്യൂട്ടി കഴിഞ്ഞ് രാജസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
തോക്കും തിരകളും കാണാതായതിന് പിന്നില്‍ പോലീസുകാരുടെ തമ്മിലടി എന്നാണ് ലഭിക്കുന്ന വിവരം. കെ എ പി മൂന്നിലെ എ എസ് ഐയും കെ എ പി നാലിലെ എ എസ് ഐയും തമ്മില്‍ ട്രെയിനുള്ളില്‍ വച്ചു തര്‍ക്കമുണ്ടായി. ബഹളം ഉണ്ടാക്കിയ ഉദ്യോഗസ്ഥരില്‍ ഒരാള്‍ ബാഗ് വലിച്ചെറിയുന്നത് കണ്ടു എന്ന് മൊഴി. വലിച്ചെറിഞ്ഞ ബാഗ് മാറിപ്പോയി.
ഒപ്പമുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന്റേതായിരുന്നു ബാഗ്. ഇതിനുള്ളിലായിരുന്നു തോക്കും ഉണ്ടകളും. ബാഗ് പുറത്തേക്ക് പതിക്കുന്നത് കണ്ടതായി ട്രെയിനിലെ പാന്‍ട്രി ജീവക്കാരും മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ബാഗ് തിരക്കി 10 ഉദ്യോഗസ്ഥര്‍ ഇപ്പോഴും മധ്യപ്രദേശില്‍ തുടരുകയാണ്.