തിരുവനന്തപുരം കിൻഫ്രയിൽ വൻ തീപിടിത്തം; തീയണയ്ക്കുന്നതിനിടെ ഫയർഫോഴ്സ് ജീവനക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം. മെഡിക്കല്‍ സര്‍വീസസ് കോർപ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. തീയണക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗം മരിച്ചു. അഗ്‌നിശമന സേനാംഗമായ രഞ്ജിത്താണ് മരിച്ചത്. തീ പൂര്‍ണമായും അണച്ചു.
ഫയർഫോഴ്സിന്റെ തിരുവനന്തപുരം ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥനാണ് രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ ജീവന്‍ നഷ്ടമായത്. തീയണയ്ക്കുന്നതിനിടെ കെട്ടിടത്തിന്റെ ഭാഗം തകർന്നു വീഴുകയായിരുന്നു. വെന്റിലേഷന്‍ ഒരുക്കുന്നതിന് കെട്ടിടത്തിന്റെ ഷട്ടര്‍ ഇടിച്ച് തകര്‍ക്കുന്നതിനിടയില്‍ ഉയരം കൂടിയ ചുമരിലെ കോണ്‍ക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരം പണിപ്പെട്ടാണ് ഇയാളെ തീയ്ക്കുള്ളില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് പുലര്‍ച്ചെ ഏകദേശം 1.30 ക്കാണ് വലിയ ശബ്ദത്തോടെ ഗോഡൗണിൽ പൊട്ടിത്തെറിയുണ്ടായത്. കെമിക്കലുകള്‍ സൂക്ഷിക്കുന്ന കെട്ടിടത്തിലെ ബ്ലീച്ചിങ് പൗഡറിനാണ് തീപിടിച്ചതെന്നാണ് നിഗമനം. സംഭരണ കേന്ദ്രത്തിലെ കെമിക്കലുകള്‍ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. സിറ്റിപോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ സ്ഥലത്തെത്തി. കഴക്കൂട്ടം ഫയര്‍സ്റ്റേഷനില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് ആദ്യം എത്തിയത്. പിന്നീട് ചാക്ക സ്റ്റേഷനടക്കം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് ഫയര്‍ ഫോഴ്‌സെത്തിയാണ് തീ പൂര്‍ണമായും അണച്ചത്.