ആൻ്റണി വീണ്ടും! മൃദു ഹിന്ദുത്വത്തിൻ്റെ പേരിൽ ആരെയും അകറ്റി നിർത്തരുതെന്ന് പാർട്ടി പിറന്നാൾ ദിനത്തിൽ ആഹ്വാനം
മൃദു ഹിന്ദുത്വം ആരോപിച്ച് ആരെയും മോദി സർക്കാരിനെതിരായ പോരാട്ടത്തിൽനിന്ന് അകറ്റി നിർത്തരുതെന്ന് കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് എ കെ ആൻ്റണി. കോൺഗ്രസിൻ്റെ പിറന്നാൾ ദിനത്തിൽ നടത്തിയ പ്രസംഗത്തിലാണ് ആൻ്റണിയുടെ പ്രസ്താവന. ബിജെപിയെ നേരിടാൻ കോൺഗ്രസ് പലപ്പോഴും മൃദുഹിന്ദുത്വ നിലപാടുകൾ സ്വീകരിക്കുന്നുവെന്ന ആരോപണം ഇടതുപക്ഷമുൾപ്പെടെയുള്ള പാർട്ടികളും ചില രാഷ്ട്രീയ നിരീക്ഷകരും ഉന്നയിക്കുന്നതിനിടെയാണ് ആൻ്റണിയുടെ പ്രസ്താവന. കോണ്‍ഗ്രസിന്‍റെ 138-ാം സ്ഥാപക ദിനാഘോഷം കെപിസിസി ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കവെയായിരുന്നു പരാമർശം
മോദിയെ താഴെയിറക്കാന്‍ ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങൾ ഒപ്പം നിൽക്കണമെന്ന് എ കെ ആന്‍റണി പറഞ്ഞു. ബിജെപിക്കെതിരായ പോരാട്ടത്തില്‍ എല്ലാ സമുദായക്കാരും ഒറ്റക്കെട്ടായി നിന്നെങ്കിൽ മാത്രമെ വരുന്ന തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. .
''എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയണം. അമ്പലത്തില്‍ പോകുന്നവരെയും തിലകക്കുറി ചാര്‍ത്തുന്നവരെയും മൃദു ഹിന്ദുത്വത്തിന്‍റെ പേരില്‍ അകറ്റിനിര്‍ത്തുന്നത് ഉചിതമല്ല. അത് വീണ്ടും മോദിക്ക് അധികാരത്തില്‍ വരാനെ ഉപകരിക്കൂ'', അദ്ദേഹം പറഞ്ഞു.
ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന തന്നെ ഇല്ലാതാക്കും. ഭാരതത്തിന്‍റെ അഖണ്ഡതയും ബഹുസ്വരതയും തകര്‍ക്കപ്പെടും. മതത്തിന്‍റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച ബ്രട്ടീഷുകാരുടെ അതേ തന്ത്രമാണ് അധികാരം നിലനിര്‍ത്താന്‍ ബിജെപിയും പയറ്റുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പൗരന്‍റെ മൗലിക അവകാശങ്ങളെയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും ബിജെപി ഇല്ലായ്മ ചെയ്യുകയാണ്. ഭാഷയുടെയും വര്‍ഗ്ഗത്തിന്‍റെയും വസ്ത്രത്തിന്‍റെയും ഭക്ഷണത്തിന്‍റെയും മതത്തിന്‍റെയും പേരില്‍ ഭിന്നിപ്പുണ്ടാക്കുന്നു. ഇന്ത്യയുടെ വെെവിധ്യങ്ങളെയും നാനാത്വത്തെയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് മാത്രമെ സാധിക്കൂയെന്നും എ കെ ആന്‍റണി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയായിരിക്കെ ന്യൂനപക്ഷ അവകാശങ്ങളുമായി ബന്ധപ്പെട്ട് ആൻ്റണി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഭൂരിപക്ഷത്തിൻ്റെ വിശ്വാസം നേടിയെടുക്കുകയാണ് ന്യൂനപക്ഷം ചെയ്യേണ്ടതെന്നതായിരുന്നു അദ്ദേഹത്തിൻ്റെ പ്രസ്താവന. ഇതിനെതിരെ മുസ്ലീം ലീഗ് ഉൾപ്പെടെയുള്ളവർ അന്ന് രംഗത്തുവന്നിരുന്നു. 2014 ൽ ലോക് സഭ തിരഞ്ഞെടുപ്പിലേറ്റ പരാജയം പഠിക്കുന്നതിന് നിയോഗിച്ച കമ്മീഷൻ്റെ തലവനെന്ന നിലയിലും ആൻ്റണി റിപ്പോർട്ടിലെ പരാമർശങ്ങൾ വിവാദമായിരുന്നു. കോൺഗ്രസ് സർക്കാർ നടത്തിയ ന്യൂനപക്ഷ പ്രീണനമാണ് തിരിച്ചടിക്ക് കാരണമായതെന്നായിരുന്നു ആൻ്റണിയുടെ റിപ്പോർട്ട്.