ഉമ്മൻ ചാണ്ടിയോടുള്ള കൊടും ക്രൂരതയ്ക്കെതിരായ ജനവിധി; മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് എ കെ ആന്റണി
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് കാണിച്ച കൊടും ക്രൂരതയ്ക്കുള്ള പുതുപ്പള്ളിയിലെ ജനങ്ങളുടെ മറുപടിയാണ് ചാണ്ടി ഉമ്മന്റെ ഉയർന്ന ഭൂരിപക്ഷമെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി. പുതുപ്പള്ളിക്കാർക്ക് ഉമ്മൻ ചാണ്ടിയോട് ആത്മബന്ധമുണ്ട്. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചതാണ്. ഉമ്മൻ ചാണ്ടിയെ വെട്ടി വീഴ്ത്തിയവർ ഞെട്ടിവിറയ്ക്കുന്ന ഭൂരിപക്ഷമുണ്ടാകുമെന്ന് നേരത്തെ പറഞ്ഞതാണെന്നും എ കെ ആന്റണി പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ ആക്ഷേപിച്ചത് പൈശാചികമായാണ്. അവർക്ക് പുതുപ്പള്ളിയിൽ ജനകീയ കോടതി ശിക്ഷ നൽകിയിരിക്കുന്നു. ഇനിയെങ്കിലും ഉമ്മൻ ചാണ്ടിയോട് തെറ്റ് ചെയ്തവർ തിരുത്താൻ തയ്യാറാകണം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മാപ്പ് പറയണം. അത്രമാത്രം എതിർപ്പാണ് ഭരണത്തോടുള്ളതെന്നും ആന്റണി പറഞ്ഞു.
നിലവിലെ എൽഡിഎഫ് ഭരണത്തോട് മാർക്സിസ്റ്റുകാർക്ക് പോലും എതിർപ്പാണ്. അതാണ് ജനവിധിയിലും കാണുന്നത്. ജനപിന്തുണ നഷ്ടപ്പെട്ട സർക്കാരായി മാറിയെന്നത് മുഖ്യമന്ത്രിയും സിപിഎമ്മും മനസിലാക്കണം. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം ഒന്നാകെ യുഡിഎഫിനൊപ്പമാകും. അതേസമയം അണികൾ പുതുപ്പള്ളിയിലെ വിജയം കണ്ട് അലസന്മാരാകരുതെന്നും ആന്റണി ഓർമിപ്പിച്ചു. വോട്ടർമാർക്ക് നന്ദി അറിയിച്ച മുൻ കേന്ദ്രമന്ത്രി, ഒരു പുതിയ പുതുപ്പള്ളിക്കായി ചാണ്ടി ഉമ്മൻ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും പറഞ്ഞു.
അതേസമയം, വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷമാണ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നേടിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷമായിരുന്ന 33,000 മറികടന്ന് കുതിക്കുകയാണ് ചാണ്ടി ഉമ്മൻ.