നിപ വന്‍കിട ഫാര്‍മസി കമ്പനിയുടെ വ്യാജ സൃഷ്ടിയെന്ന് ഫേസ്ബുക്ക് പോസ്റ്റ്; യുവാവിനെതിരെ കേസെടുത്ത് കൊയിലാണ്ടി പോലീസ്
നിപ വ്യാജ സൃഷ്ടിയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്ത് കൊയിലാണ്ടി പോലീസ്. നിപ വ്യാജ സൃഷ്ടിയാണെന്നും ഇതിന് പിന്നില്‍ വന്‍കിട ഫാര്‍മസി കമ്പനിയാണെന്നും ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കൊയിലാണ്ടി പെരുവട്ടൂര്‍ ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരെയാണ് ഐടി ആക്ട് പ്രകാരം പോലീസ് കേസെടുത്തത്. ഐപിസി 118 ഇ, കെപിഎ505 (1) പ്രകാരം നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളെ എതിര്‍ത്ത് സമൂഹമാധ്യമങ്ങള്‍ വഴി തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയും, ആരോഗ്യ പ്രവര്‍ത്തകരെ നിരുത്സാഹപ്പെടുത്തുകയും ചെയ്തതതിനാണ് കേസ്.
ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകള്‍ പൊതു സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് പോസ്റ്റിനെതിരെ പരാതി ഉയര്‍ന്നിരുന്നു. സംഭവം വിവാദമായ ഉടനെ അനില്‍ കുമാര്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഇതിനകം നിരവധി പേര്‍ പോസ്റ്റ് കണ്ടിരുന്നു.
കൊയിലാണ്ടിയിലെ പത്രവിതരണക്കാരനാണ് ഇയാള്‍. പൊതു ജന സുരക്ഷക്കായി വാര്‍ഡ് ആര്‍ആര്‍ടി അംഗങ്ങള്‍ക്കും, വാര്‍ഡ് മെമ്പര്‍മാര്‍ക്കും, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, പ്രത്യേക നിര്‍ദേശം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ കെ ഗീത അറിയിച്ചു. ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് റൂറല്‍ എസ്പി കറുപ്പുസാമിയും അറിയിച്ചു. വ്യാജ സന്ദേശങ്ങള്‍ക്കെതിരെ സൈബര്‍ ചെക്കിംഗ് കര്‍ശനമാക്കുമെന്ന് കൊയിലാണ്ടി സിഐ എം വി ബിജുവും പ്രതികരിച്ചു.
അതേസമയം നിപ സമ്പര്‍ക്കപ്പട്ടികയിലെ ആളുകളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. റൂട്ട് മാപ്പ് എല്ലായിടത്തും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ആദ്യം നിപ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെയും നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന സര്‍വകക്ഷി അവലോകനത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വീണാ ജോര്‍ജ്.