കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 60 ലക്ഷം രൂപയുടെ മിശ്രിതവുമായി മലപ്പുറം സ്വദേശി പിടിയിൽ
കരിപ്പൂർ വിമാനത്താവളത്തിൽ അറുപതു ലക്ഷം രൂപയുടെ സ്വർണവുമായി മലപ്പുറം സ്വദേശി കസ്റ്റംസിൻ്റെ പിടിയിൽ. തുവ്വൂർ, മമ്പുഴ സ്വദേശി തയ്യിൽ മുനീർബാബു ഫൈസിയാണ് (39). 60 ലക്ഷം രൂപ വിലമതിക്കുന്ന 1167 ഗ്രാം സ്വർണ്ണ മിശ്രിതവുമായി പിടിയിലായത്.
സ്വർണ്ണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ജിദ്ദയിൽ നിന്നും ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ ഇന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഇദ്ദേഹം. സ്വർണ്ണംകടത്താൻ ഒരു ലക്ഷം രൂപയാണ് മുനീർ ബാബുവിന് കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്തതെന്ന് കസ്റ്റംസ് പറഞ്ഞു. പിടിയിലായ മുനീർ ബാബു ഫൈസി സൗദിയിൽ കെഎംസിസി ഭാരവാഹിയും ചാരിറ്റി പ്രവർത്തകനുമാണ്.
കഴിഞ്ഞ ദിവസം കരിപ്പൂരില്‍ കസ്റ്റംസ് വന്‍ ലഹരി വേട്ട നടത്തിയിരുന്നു. 43 കോടി രൂപയുടെ ലഹരിമരുന്നുമായി ഉത്തര്‍പ്രദേശ് സ്വദേശിയാണ് പിടിയിലായത്. കെനിയയിലെ നെയ്‌റോബിയില്‍ നിന്ന് വന്ന ഇയാളില്‍ നിന്ന് മൂന്നരക്കിലോ കൊക്കെയ്‌നും ഒന്നേകാല്‍ കിലോ ഹെറോയ്‌നുമാണ് പിടിച്ചെടുത്തത്.