'ഒരു പോലീസുകാരൻ ആർഎസ്എസ് നേതാവിനെ കണ്ടു, ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ അമീര്‍ കണ്ടിട്ടില്ലേ'; അയാളുടെ തോളിൽ കൈയിട്ടല്ലേ ലീഗ് സംസാരിക്കുന്നതെന്ന് പിണറായി

'ഒരു പോലീസുകാരൻ ആർഎസ്എസ് നേതാവിനെ കണ്ടു, ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ അമീര്‍ കണ്ടിട്ടില്ലേ'; അയാളുടെ തോളിൽ കൈയിട്ടല്ലേ ലീഗ് സംസാരിക്കുന്നതെന്ന് പിണറായി

വെടിക്കെട്ട് അല്‍പം വൈകി എന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കല്‍? ലീഗിനെന്തിനാണ് ഇത്തരം കള്ളപ്രചാരണം നടത്താന്‍ സംഘപരിവാറിനേക്കാള്‍ ആവശേം?
Updated on
5 min read

എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതില്‍ വീണ്ടും വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി. ഒരു പോലീസുകാരന്‍ ആര്‍എസ്എസ് നേതാവിനെ കണ്ടു എന്നാണു പറയുന്നത്. ആര്‍ എസ് എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ കേരള അമീര്‍ കൂടിയായ അതിന്റെ ദേശീയ സെക്രട്ടറിയുടെ തോളത്തു കൈയിട്ടുകൊണ്ടല്ലേ ലീഗ് ഇതു പറയുന്നതെന്നും പി ജയരാജന്റെ കേരളം : മുസ്ലീം രാഷ്ട്രീയം; രാഷ്ട്രീയ ഇസ്ലാം എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു പിണറായി പറഞ്ഞു.

പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങള്‍-

തൃശൂര്‍ പൂരം കലക്കിയെന്നാണു സംഘപരിവാറും ലീഗും ഒരുപോലെ ആക്ഷേപിക്കുന്നത്. പൂരം കലങ്ങിയോ? അവിടെ ഏതെങ്കിലും ആചാരപരമായ കാര്യം നടക്കാതെ പോയോ? ആകെ സംഭവിച്ചത് വെടിക്കെട്ട് അല്‍പം വൈകി എന്നതാണ്. ഇതിന്റെ പേരാണോ പൂരം കലക്കല്‍? ലീഗിനെന്തിനാണ് ഇത്തരം കള്ളപ്രചാരണം നടത്താന്‍ സംഘപരിവാറിനേക്കാള്‍ ആവശേം?

മുസ്ലീങ്ങളും കേരള രാഷ്ട്രീയ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നിടത്ത് മൂന്നു ധാരകളുണ്ടായിരുന്നതായി പുസ്തകം വിലയിരുത്തുന്നുണ്ട്. ഒന്ന് : ദേശീയ മുസ്ലീങ്ങള്‍, രണ്ട് : മുസ്ലീം ലീഗ്, മൂന്ന് : കമ്മ്യൂണിസ്റ്റ്. മസ്ജിദ് പുനര്‍നിര്‍മ്മാണത്തിലെ നിയന്ത്രണം നീക്കല്‍, സ്‌കൂള്‍ വ്യാപിപ്പിക്കല്‍, മലപ്പുറം ജില്ല രൂപീകരിക്കല്‍, സച്ചാര്‍ കമ്മിറ്റിക്കു പിന്നാലെ രൂപീകരിച്ച പാലൊളി കമ്മിറ്റി തുടങ്ങിയവയൊക്കെ വിശദീകരിച്ചുകൊണ്ട് മുസ്ലീം ജനസാമാന്യത്തിന്റെ താല്‍പര്യങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ എങ്ങനെ മുമ്പോട്ടു കൊണ്ടുപോയി എന്ന് പുസ്തകം വിശദീകരിക്കുന്നുണ്ട്. അതോടൊപ്പം, ലീഗിനോടുള്ള കോണ്‍ഗ്രസ് സമീപനത്തില്‍ വന്ന മാറ്റംമറിച്ചിലുകളും കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു.

കോണ്‍ഗ്രസ് ലീഗിനെ തൊടുന്നതില്‍ അയിത്തം പുലര്‍ത്തിയിരുന്നതും നെഹ്റു ലീഗിനെ ചത്ത കുതിര എന്നു വിശേഷിപ്പിച്ചതും അറുപതില്‍ കോണ്‍ഗ്രസ് - ലീഗ് - പി എസ് പി മുക്കൂട്ടുമുന്നണിയുണ്ടായെങ്കിലും ലീഗിനു മന്ത്രിസ്ഥാനം നിഷേധിച്ചതും 67 ലെ തെരഞ്ഞെടുപ്പില്‍ ലീഗു സി പി ഐ എമ്മിനൊപ്പം ഐക്യ മുന്നണിയില്‍ ഒരുമിച്ചതും, എന്നാല്‍ 69 ല്‍ വിട്ടുപോയശേഷമുള്ള പ്രസംഗത്തില്‍ സി എച്ച് മുഹമ്മദ് കോയ, ജനസംഘ - ആര്‍ എസ് എസ് ശക്തികളെ പ്രീണിപ്പിക്കാന്‍ നേട്ടങ്ങളുടെ പട്ടികയില്‍ നിന്നു മലപ്പുറം ജില്ലാ രൂപീകരണം ഒഴിവാക്കിയതും ഒക്കെ സന്ദര്‍ഭോചിതമായി പി ജയരാജന്‍ വിലയിരുത്തുന്നുണ്ട്.

ഈ കൃതിയുടെയും വര്‍ത്തമാനകാല മുസ്ലീം രാഷ്ട്രീയതയുടെയും പശ്ചാത്തലത്തില്‍ സമകാലികമായ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കൂടി ഈ സന്ദര്‍ഭം ഉപയോഗിക്കട്ടെ. മുസ്ലീം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരേ കണ്ണടകൊണ്ടു കാണുന്നതു ശരിയാവില്ല. ജമാഅത്തെ ഇസ്ലാമി മത സാമ്രാജ്യത്വ സ്വഭാവമുള്ള പ്രസ്ഥാനമാണ്. ഇസ്ലാമിക ലോകം സൃഷ്ടിക്കലാണ് അതിന്റെ ആത്യന്തിക ലക്ഷ്യം. എന്നാല്‍, ലീഗ് അങ്ങനെയൊരു നിലപാടിലല്ല.

മുസ്ലീം ലീഗ് ഒരു റിഫോമിസ്റ്റ് സംഘടനയാണ്. എന്നാല്‍, ജമാഅത്തെ ഇസ്ലാമി തീര്‍ത്തും റിവൈവലിസ്റ്റ് പ്രസ്ഥാനമാണ്. ആദ്യത്തേതു പരിഷ്‌ക്കരണത്തിന്, രണ്ടാമത്തേതു പഴയതിന്റെ പുനരുജ്ജീവനത്തിന്. മുസ്ലീം ലീഗിന്റെ ചരിത്രം നോക്കിയാല്‍ തന്നെ അത് ബ്രിട്ടീഷ് അനുകൂല പ്രസ്ഥാനമായിരുന്നു എന്നു കാണാം. ബ്രിട്ടീഷ് സഹായത്തോടെ വിദ്യാഭ്യാസം, ജോലി എന്നിവ ഉറപ്പാക്കി സമുദായത്തെ പരിഷ്‌ക്കരിക്കുക, ഇതായിരുന്നു തുടക്കത്തിലെ കാഴ്ചപ്പാട്.

സാമ്രാജ്യത്വവിരുദ്ധ പ്രസംഗങ്ങള്‍ നടത്തുമ്പൊഴും സാമ്രാജ്യത്വവുമായി ചേര്‍ന്നു ശത്രുക്കളെ ഇല്ലാതാക്കാന്‍ മടിക്കാത്തവരാണ് ജമാഅത്തെ ഇസ്ലാമി

ജമാഅത്തെ ആവട്ടെ, പഴയ കാലത്തേക്ക്, അതായതു ഖലീഫാമാരുടെ കാലത്തേക്കു സമുദായത്തെ തിരിച്ചു കൊണ്ടുപോവണമെന്ന നിര്‍ബ്ബന്ധമുള്ള പ്രസ്ഥാനമാണ്. ലീഗ് ഇന്ത്യയ്ക്കകത്തുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഒതുങ്ങി നില്‍ക്കുമ്പോള്‍, ജമാഅത്തെ ഇസ്ലാമി അന്താരാഷ്ട്ര രാഷ്ട്രീയ പരിവര്‍ത്തനത്തിന്, അതായത് ഇസ്ലാമികാധിഷ്ഠിത പരിവര്‍ത്തനത്തിനു പ്രതിജ്ഞാബദ്ധമായി നില്‍ക്കുന്നു. മുസ്ലീം ലീഗ് ന്യൂനപക്ഷ രാഷ്ട്രീയം, ഇസ്ലാമിക ദേശീയത എന്നിവയില്‍ കേന്ദ്രീകരിക്കുമ്പോള്‍ ജമാഅത്തെ ഇസ്ലാമി ഒരു ഇസ്ലാമിക സാമ്രാജ്യസ്ഥാപന (ഇസ്ലാമിക് ഇംപീരിയലിസം) ത്തിനായി നിലകൊള്ളുന്നു.

മുസ്ലീം ലീഗിന് ഇന്ത്യയ്ക്കു പുറത്തു സഖ്യങ്ങളില്ല. എന്നാല്‍, ജമാഅത്തെ ഇസ്ലാമിക്ക് യമനിലെ ഷിയാ ഭീകരപ്രവര്‍ത്തകര്‍ മുതല്‍ ഈജിപ്തിലെ ബ്രദര്‍ഹുഡ് വരെയുള്ളവരുമായി ബന്ധങ്ങളുണ്ട്.

സാമ്രാജ്യത്വവിരുദ്ധ പ്രസംഗങ്ങള്‍ നടത്തുമ്പൊഴും സാമ്രാജ്യത്വവുമായി ചേര്‍ന്നു ശത്രുക്കളെ ഇല്ലാതാക്കാന്‍ മടിക്കാത്തവരാണ് ജമാഅത്തെ ഇസ്ലാമി. ഉദാഹരണത്തിന്, അഫ്ഗാനിസ്ഥാനില്‍ ജനാധിപത്യപരമായി അധികാരത്തില്‍ വന്ന നജീബുള്ള ഭരണം തകര്‍ക്കാന്‍ അവിടുത്തെ ജമാഅത്തെ ഇസ്ലാമി അമേരിക്കന്‍ സാമ്രാജ്യത്വവുമായി കൈകോര്‍ത്തുനിന്നു. ഈജിപ്തിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഇസ്ലാമിക് ബ്രദര്‍ഹുഡ് - സാമ്രാജ്യത്വ കൂട്ടുകെട്ടില്‍ നിന്നു. പലസ്തീനില്‍ ഫത്താ പാര്‍ട്ടിയെ തകര്‍ക്കാനും ഇവര്‍ സാമ്രാജ്യത്വത്തിന്റെ ചട്ടുകമായി നിന്നു.

ചില സവിശേഷ ഘട്ടങ്ങളില്‍ സാമ്രാജ്യത്വവിരുദ്ധത പറയും. എന്നാല്‍, സാമ്രാജ്യത്വത്തിന്റെ തന്നെ പിന്തുണയോടെ രക്തപങ്കിലമായ അട്ടിമറി നടത്തുന്ന ചരിത്രമാണ് ജമാഅത്തെ ഇസ്ലാമിക്കുള്ളത്. ലീഗിനു സാര്‍വദേശീയ ബന്ധങ്ങളില്ല; പാകിസ്ഥാനുമായിപ്പോലും ബന്ധങ്ങളില്ല. എന്നാല്‍, ലീഗ് ചെയ്യുന്ന അപരാധം കാണാതിരുന്നുകൂട. അവര്‍ വര്‍ഗ്ഗീയ ഭീകര പ്രസ്ഥാനങ്ങളുമായി ചേര്‍ന്നുനിന്ന് ഇവിടെ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ മടികാട്ടുന്നില്ല. നേരിട്ടു സാര്‍വദേശീയ ഭീകരബന്ധമില്ലെങ്കിലും അതുള്ളവരുമായി ചേര്‍ന്നുനില്‍ക്കാന്‍ ലീഗ് മടിക്കുന്നില്ല.

കാശ്മീരിലെ ജമാഅത്തെ ഇസ്ലാമി ബി ജെ പിയുമായി ചേര്‍ന്ന് സി പി ഐ എം സ്ഥാനാര്‍ത്ഥി മുഹമ്മദ് യൂസഫ് തരിഗാമിയെ എതിര്‍ത്തു. ഇവിടെ ലീഗ് ബി ജെ പിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് സി പി ഐ എമ്മിനെ എതിര്‍ക്കുന്നു.

ആര്‍ എസ് എസിന്റെ ഇസ്ലാം പതിപ്പാണ് ജമാഅത്തെ ഇസ്ലാമി. വിഭജന കാലത്ത് പാകിസ്ഥാന്‍ മുസ്ലീം രാഷ്ട്രമായപ്പോള്‍ ഇന്ത്യ ഹിന്ദു രാഷ്ട്രമാവട്ടെ എന്ന ആര്‍ എസ് എസ് നിലപാടിലായിരുന്നു ജമാഅത്തെ ഇസ്ലാമി. ഇരുകൂട്ടരുടെയും അജണ്ട പൊളിച്ചുകൊണ്ടാണ് ഇന്ത്യ മതനിരപേക്ഷ റിപ്പബ്ലിക്കായത്. ഇരു കൂട്ടര്‍ക്കും ഇതില്‍ ഒരുപോലെ അസഹിഷ്ണുതയാണുള്ളത്.

മതേതര ജനാധിപത്യത്തോടും ഇരുകൂട്ടര്‍ക്കും കടുത്ത അസഹിഷ്ണുതയാണുള്ളത്. ദേശീയതയെ ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല. അവര്‍ക്കു വേണ്ടതു ഇസ്ലാമിക സാര്‍വദേശീയതയാണ്. ലീഗിന് ഈ നിലപാടില്ല. ലോകത്തെവിടെയുള്ള മുസ്ലീങ്ങളും ഒറ്റ രാഷ്ട്രത്തിലെ പൗരരാണ് ജമാഅത്തെ ഇസ്ലാമിക്ക്. ലീഗിന് അങ്ങനെയല്ല. ആദ്യം മതാടിസ്ഥാനത്തില്‍ രാഷ്ട്രങ്ങളെ വേര്‍തിരിക്കുക. പിന്നീട് ഇസ്ലാമിക സാമ്രാജ്യശക്തിയില്‍ ഇതര മതരാഷ്ട്രങ്ങളെ തകര്‍ത്ത് ഇസ്ലാമിക സാമ്രാജ്യം സ്ഥാപിക്കുക. ഇതാണു ജമാഅത്തെ ഇസ്ലാമിയുടെ പരിപാടി.

ഇതില്‍ ആദ്യത്തേതിനോട്, രാഷ്ട്രത്തെ മതാടിസ്ഥാനത്തില്‍ വേര്‍തിരിച്ചെടുക്കുന്നതിനോട് സംഘപരിവാറിനും പൂര്‍ണ്ണ യോജിപ്പുതന്നെ. രണ്ടാം ഘട്ടത്തില്‍ ഹിന്ദുസാമ്രാജ്യം സ്ഥാപിക്കലും സംഘപരിവാറിന്റെ ആഗ്രഹത്തിലുണ്ട്. അപ്പോള്‍ രണ്ടും ഒരേ തൂവല്‍ പക്ഷികള്‍ തന്നെ.

ലീഗ് ഉണ്ടാക്കുന്ന വലിയ ആപത്ത്, കമ്മ്യൂണിസ്റ്റുകാരെ തോല്‍പ്പിക്കാനുള്ള വ്യഗ്രതയില്‍ അവര്‍ എസ് ഡി പി ഐയുമായും ജമാഅത്തെ ഇസ്ലാമിയുമായും എന്നുവേണ്ട ഏതു വര്‍ഗ്ഗീയ ഭീകര സംഘടനയുമായും കൂട്ടുചേരുന്നു എന്നതാണ്. ഭീകര സംഘടനകള്‍ക്ക് മാന്യത നല്‍കുന്ന പരിപാടിയാണിത്. ഇത് ലീഗ് അണികള്‍ തന്നെ തീവ്രവാദ - ഭീകരവാദ ശക്തികളുടെ കുടക്കീഴിലേക്ക് ഒഴുകുന്നതിനാണു വഴിതെളിക്കുക; ലീഗ് അപ്രസക്തമാവുന്നതിനും. അതോടൊപ്പം തന്നെ ഈ കൂട്ടുകെട്ടു ചൂണ്ടിക്കാട്ടി സംഘപരിവാറിന് ധ്രുവീകരണം ശക്തമാക്കല്‍ എളുപ്പമാക്കിക്കൊടുക്കുക കൂടിയാണിവര്‍ ചെയ്യുന്നത്. ലീഗ് ചെയ്യേണ്ടത് മത തീവ്രവാദ - ഭീകര ശക്തികളോട് സഹകരിക്കില്ല എന്നു പ്രഖ്യാപിക്കലാണ്. ലീഗിന് അതു കഴിയുന്നുമില്ല.

കേരളം ഐ എസ് ഐ എസിലേക്കുള്ള റിക്രൂട്ട്മെന്റ് വലിയ തോതില്‍ നടക്കുന്ന സംസ്ഥാനമാണ് എന്നു പറഞ്ഞാല്‍ അതു സത്യമല്ല. എന്നു മാത്രമല്ല, അത് കേരളത്തില്‍ ഏതുവിധേനയും ഇടപെടാന്‍ വ്യഗ്രതപ്പെടുന്ന കേന്ദ്രത്തിന് ആയുധം കൊടുക്കലാവുകയേ ഉള്ളൂ. അതോടൊപ്പം തന്നെ സംഘപരിവാറിന് ജനസ്വാധീനമുറപ്പിക്കാനുള്ള പ്രചാരണ ആയുധമാവുക കൂടി ചെയ്യും അത്. അവര്‍ നേരത്തേ തന്നെ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണത്തിന് ശക്തി പകരലാവും അത്. അത്തരം പ്രചാരണങ്ങളെ എതിര്‍ക്കണം. അതോടൊപ്പം തന്നെ ലീഗിന്റെ അവസരവാദങ്ങള്‍ തുറന്നുകാട്ടുകയും വേണം.

മസ്ജിദിനും മതനിരപേക്ഷതയ്ക്കും കാവല്‍ നിന്നു രക്തസാക്ഷിത്വം വരിച്ച തലശ്ശേരിയിലെ കുഞ്ഞിരാമന്റെ പാര്‍ട്ടിയാണു സി പി ഐ (എം). അതിനെ സംഘപരിവാറുമായി രഹസ്യബന്ധമുണ്ടാക്കുന്ന പാര്‍ട്ടിയായി ചിത്രീകരിക്കുന്നതോ? ആര്‍ എസ് എസ് ശാഖയ്ക്കു കാവല്‍ നിന്നുവെന്ന് അഭിമാനത്തോടെ പറയുന്ന കെ സുധാകരന്റെ പാര്‍ട്ടി. ആ സുധാകരന്‍ ലീഗിന്റെ മുന്നണിയുടെ നേതാവാണ്. ആ കൂടാരത്തില്‍ ചെന്നു നിന്നുകൊണ്ടാണ് ലീഗ് സി പി ഐ എമ്മിനെ ആക്ഷേപിക്കുന്നത്.

മുസ്ലീംലീഗ് ഇപ്പോള്‍ മലപ്പുറം ജില്ലയില്‍ വലിയ ഒരു പ്രചാരണ പരിപാടി അഴിച്ചുവിട്ടിട്ടുണ്ട്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മലപ്പുറം ജില്ലയെ ഒറ്റപ്പെടുത്തി അപകീര്‍ത്തിപ്പെടുത്തുന്നു എന്നതാണത്. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് ലീഗ് ഇതിന്റെ ഭാഗമായി പ്രചരിപ്പിച്ചുവരുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തില്‍ പോലീസ് ഏറ്റവും കൂടുതല്‍ കേസുകള്‍ എടുത്തിട്ടുള്ളത് മലപ്പുറം ജില്ലയിലാണ് എന്നുള്ളതാണ്.

സത്യത്തില്‍ മുസ്ലീം ലീഗാണ് മലപ്പുറം ജില്ലയെ അപകീര്‍ത്തിപ്പെടുത്തുന്നത്. കേരളാ പോലീസ് ഏറ്റവും കൂടുതല്‍ കേസ്സെടുത്തിട്ടുള്ളത് മലപ്പുറം ജില്ലയിലല്ല. അസത്യമാണ് ലീഗ് പ്രചരിപ്പിക്കുന്നത്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ കേസ്സെന്ന് ആരും എവിടെയും പറഞ്ഞിട്ടില്ല. ഒരു ഔദ്യോഗിക രേഖയിലും അങ്ങനെയില്ല. എന്നു മാത്രമല്ല, താരതമ്യേന ഏറ്റവും കുറവ് കുറ്റകൃത്യങ്ങളുള്ള ജില്ലകളുടെ പട്ടികയിലാണ് മലപ്പുറം. പറയാത്തതു പറഞ്ഞു എന്നു പ്രചരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ലീഗ് അവിടെ ചെയ്യുന്നത്.

'ഒരു പോലീസുകാരൻ ആർഎസ്എസ് നേതാവിനെ കണ്ടു, ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ അമീര്‍ കണ്ടിട്ടില്ലേ'; അയാളുടെ തോളിൽ കൈയിട്ടല്ലേ ലീഗ് സംസാരിക്കുന്നതെന്ന് പിണറായി
ഒപ്പമുണ്ട് പാര്‍ട്ടിയുടെ 'ദിവ്യകവചം'; ദിവ്യയ്‌ക്കെതിരേ ഉടന്‍ നടപടിയില്ല, നിയമപരമായ കാര്യങ്ങള്‍ നടക്കട്ടെയെന്നു സിപിഎം

യാഥാര്‍ത്ഥ്യം എന്താണ്? 2023 ല്‍ മലപ്പുറം ജില്ലയില്‍ ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ് ഐ ആറുകളുടെ എണ്ണം 42,676 ആണ്. എറണാകുളം സിറ്റിയില്‍ 70,874 എഫ് ഐ ആറുകളും, എറണാകുളം റൂറലില്‍ 37,689 എഫ് ഐ ആറുകളും ഉള്‍പ്പെടെ എറണാകുളം ജില്ലയില്‍ മാത്രം 2023 ല്‍ ഒരു ലക്ഷത്തിലധികം കേസുകള്‍ ഉണ്ട് എന്നതാണ് സത്യം. തിരുവനന്തപുരം ജില്ലയിലും ഒരു ലക്ഷത്തിലധികമുണ്ട്.

ആ നിലയ്ക്ക് 40,000 ത്തില്‍ ചില്വാനം മാത്രം എഫ് ഐ ആറുകളുള്ള മലപ്പുറത്തെയാണ് ഏറ്റവുമധികം കേസ്സെടുത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അപമാനിക്കുന്നത് എന്നു പറഞ്ഞാല്‍ അതെങ്ങനെ ശരിയാകും? ശരിയല്ലാത്തതു പ്രചരിപ്പിച്ച് മലപ്പുറം ജില്ല ഏറ്റവും അധികം കുറ്റകൃത്യമുണ്ടാകുന്ന ജില്ലയാണ് എന്ന പ്രതീതി സമൂഹമധ്യത്തില്‍ സൃഷ്ടിക്കുന്നതല്ലേ യഥാര്‍ത്ഥത്തില്‍ ആ ജില്ലയ്ക്ക് എതിരായ അപകീര്‍ത്തിപ്പെടുത്തല്‍? അത് ചെയ്യുന്നത് ലീഗല്ലേ?

കേസിന്റെ ജനസംഖ്യാപരമായ അനുപാതമെടുത്താലും മലപ്പുറം ജില്ലയില്‍ അസാധാരണായി ഒന്നുമില്ല. എന്നുമാത്രമല്ല, പല ജില്ലകളെയും അപേക്ഷിച്ച് ഭേദപ്പെട്ട നിലയിലാണ് എന്നു കാണുകയും ചെയ്യാം.

2023 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട തിരുവനന്തപുരം ജില്ലയിലെ എഫ് ഐ ആറുകളുടെ ജനസംഖ്യാനുപാതം 31.51 ശതമാനമാണെങ്കില്‍ മലപ്പുറം ജില്ലയില്‍ അത് 10.35 ശതമാനം മാത്രമാണ്. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ കേരളത്തിലെ ഏറ്റവും കുറഞ്ഞതാണ് ഈ നിരക്ക്. ഈ സത്യം മറച്ചുവെച്ചുകൊണ്ടാണ് മലപ്പുറം ജില്ലയില്‍ ഉള്ളവര്‍ക്കെതിരെ ഒറ്റതിരിച്ച് കേസ് കുന്നുകൂട്ടുന്നുവെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നത്. ഉള്ള കേസുകളില്‍ തന്നെ വഞ്ചനാക്കുറ്റം, ഭാര്യാ പീഡനം, മോഷണം, അനിയന്ത്രിത ഡ്രൈവിംഗ്, വാഹനാപകടം എന്നിവയുമായി ബന്ധപ്പെട്ടവയാണ് പല കേസുകളും. ഇതാണ് സത്യമെന്നിരിക്കെ ലീഗിന്റെ പ്രചാരണത്തില്‍ സത്യമേതുമില്ല.

ഒരു കേസ് ഉണ്ടാകണമെങ്കില്‍ ഒരു പരാതി വേണം. പോലീസിന് ലഭിക്കുന്ന പരാതിയില്‍ കേസ്സെടുക്കാന്‍ പാടില്ലായെന്നാണോ ഇവര്‍ പറയുന്നത്. അങ്ങനെ വന്നാല്‍ അത് നിയമവാഴ്ചയുടെ തകര്‍ച്ചയാണ്. കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ കേസ്സെടുത്ത് ഫലപ്രദമായ നടപടി സ്വീകരിക്കുക എന്നതാണ് നിയമവാഴ്ച. കേസ്സെടുക്കരുത് എന്നു പറയുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. എല്ലാ ജില്ലകളിലും ഫലപ്രദമായി കേസ് നടപടികള്‍ നീക്കുന്നതുകൊണ്ടാണ് നിയമവാഴ്ചയില്‍ ഒന്നാമതായി നില്‍ക്കുന്ന സംസ്ഥാനമായി കേരളം അംഗീകരിക്കപ്പെട്ടത്.

കുറ്റകൃത്യം ചെയ്യുന്നവര്‍ക്കെതിരായാണ് കേസ്. അത് ഏതെങ്കിലും ജില്ലയില്‍പ്പെട്ടവര്‍ക്കോ ജനവിഭാഗങ്ങള്‍ക്കോ എതിരായല്ല. മറിച്ച് വ്യാഖ്യാനിച്ച് കുറ്റവാളികളെ സംരക്ഷിക്കാമെന്ന് ആരും കരുതേണ്ടതുമില്ല. ഒരു പ്രത്യേക വിഭാഗത്തെ അക്രമകാരികളായി ചിത്രീകരിക്കുകയാണ് എന്നുപറഞ്ഞ് കുറ്റവാളികളെ രക്ഷപ്പെടുത്താമെന്നും കരുതേണ്ടതില്ല. ഏതെങ്കിലും പ്രത്യേക വിഭാഗത്തെയോ, പ്രത്യേക പ്രദേശത്തുള്ളവരെയോ കുറ്റവാളികളായി ചിത്രീകരിക്കാനുള്ള നീക്കങ്ങള്‍ അനുവദിക്കുകയുമില്ല. ഒരു കുറ്റവും ചെയ്യാത്ത നിഷ്‌ക്കളങ്കരായ ജനങ്ങളെ പരിചയാക്കി കുറ്റവാളികളെ സംരക്ഷിച്ചെടുക്കാമെന്ന് കരുതേണ്ടതില്ല.

മലപ്പുറം എന്നു കേട്ടാലുടന്‍ ഇസ്ലാമിനെതിരെ പറഞ്ഞു എന്നാവും ലീഗു പ്രചാരണം. മലപ്പുറം മതജില്ലയാണെന്നും കുട്ടിപാകിസ്ഥാനാണെന്നുമൊക്കെ വാദിക്കുന്ന സംഘപരിവാറുകാരുടെ വാദം ഏറ്റെടുക്കലല്ലേ അത്? എന്തിനാണീ നിലപാട്? ഇപ്പോള്‍, മലപ്പുറം ജില്ലയുണ്ടാക്കിയതു ഞങ്ങള്‍ കൂടിയാണെന്നു ലീഗു പറയുന്നുണ്ട്. എന്നാല്‍, ആ ജില്ല ഉണ്ടാക്കിയതിന്റെ പേരില്‍ ആക്ഷേപം കേള്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ മാത്രമേ ഉണ്ടായുള്ളൂ.

ആ ആക്ഷേപം കത്തിനില്‍ക്കുമ്പോള്‍ തന്നെ, അങ്ങനെ ആക്ഷേപിക്കുന്നവരുടെ, മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ ജാഥ നയിച്ചവരുടെ വണ്ടിയില്‍ കേറി പോയില്ലേ നിങ്ങള്‍? അന്ന് മുന്നണി വിട്ടുപോവുമ്പോള്‍ ലീഗു നേതാവു നടത്തിയ പ്രസംഗത്തില്‍ മലപ്പുറം ജില്ലാ രൂപീകരണം തങ്ങളുടെ നേട്ടമാണെന്നു പറയാതിരുന്നതുപോലും ജില്ലാ വിരുദ്ധരെ സന്തോഷിപ്പിക്കാനായിരുന്നില്ലേ?

ഈയൊരു വര്‍ത്തമാന സാഹചര്യത്തിലാണ് ഇന്നു പ്രകാശിതമാവുന്ന പി ജയരാജന്റേതു പോലത്തെ കൃതികള്‍ പ്രസക്തമാകുന്നത്. കാരണം, അവ ചരിത്രത്തെ വിശകലനം ചെയ്തുകൊണ്ട് ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായി നിലകൊള്ളുന്നു. ഇത്തരം പാലങ്ങള്‍ കൂടുതലായി പണിത് ഭാവിയിലേക്കുള്ള നമ്മുടെ പ്രയാണത്തെ സുഖകരമാക്കുക എന്നത് ഈ സമൂഹത്തോട് ഉത്തരവാദിത്തമുള്ള ഏതൊരു വ്യക്തിയുടെയും കടമയാണ്. ആ കടമ നിര്‍വ്വഹിച്ച സഖാവ് പി ജയരാജനെ അഭിനന്ദിക്കുന്നെന്നും പറഞ്ഞു.

logo
The Fourth
www.thefourthnews.in