അഭിമന്യു കേസ്: രേഖകള്‍ കാണാതായ സംഭവത്തില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി
അഭിമന്യു കൊലപാതക കേസില്‍ രേഖകള്‍ കാണാതായ സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ യുവ അഭിഭാഷക സമിതി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി. ജില്ലാ കോടതികളുടെ മേല്‍നോട്ട ചുമതലയുള്ള രജിസ്ട്രാര്‍ക്കാണ് യുവ അഭിഭാഷക സമിതി ഭാരവാഹികള്‍ പരാതി നല്‍കിയത്. കേസിലെ രേഖകള്‍ കാണാതായതിന് കാരണക്കാരെ ശിക്ഷിക്കുന്നതിനൊപ്പം വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
കുറ്റപത്രം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ആശുപത്രിയിലെ രേഖകള്‍, കാഷ്വാലിറ്റി രജിസ്റ്റര്‍, കസ്റ്റമര്‍ ആപ്ലിക്കേഷന്‍, സൈറ്റ് പ്ലാന്‍, കോളജില്‍ നിന്ന് നല്‍കിയ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളാണ് നഷ്ടമായത്. രേഖകൾ കൈകാര്യം ചെയ്തിരുന്ന കോടതി ജീവനക്കാരിൽ നിന്നും നഷ്ടപ്പെട്ടതാകാമെന്നാണ് വിലയിരുത്തൽ. രേഖകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ വിഷയം വിചാരണ കോടതി ഹൈക്കോടതിയിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. കാണാതായ രേഖകള്‍ ഈ മാസം 18 ന് പ്രോസിക്യൂഷന്‍ വീണ്ടും വിചാരണ കോടതിക്ക് കൈമാറാനാണ് തീരുമാനം.
രേഖകൾ കാണാതായത് സംബന്ധിച്ച് സെഷൻസ് കോടതി ഹൈക്കോടതിയെ അറിയിക്കുകയും തുടർന്ന് കഴിഞ്ഞ ഡിസംബർ ഒന്നിന് ഹൈക്കോടതി രേഖകൾ പുനഃസൃഷ്ടിക്കാൻ നിർദേശിക്കുകയും ചെയ്തു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സെഷന്‍സ് കോടതി പ്രോസിക്യൂഷനോട് നഷ്ടപ്പെട്ട 11 രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കോടതിയില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്.
2018 ജൂലൈ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. 2019 ജൂലൈ മൂന്നിനാണ് നെട്ടൂർ മേക്കാട്ട് സഹൽ ഹംസ അടക്കമുള്ള പ്രതികൾക്കെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.