അഭിമന്യു കൊലക്കേസ്: കുറ്റപത്രമടക്കമുള്ള രേഖകൾ കാണാനില്ല; നഷ്ടമായത് കോടതിയിൽ നിന്ന്
എറണാകുളം മഹാരാജാസ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രമടക്കമുള്ള നിർണായക പോസിക്യൂഷൻ രേഖകൾ കോടതിയിൽ നിന്ന് കാണാതായി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്നാണ് രേഖകൾ കാണാതെയായത്.
പ്രോസിക്യൂഷൻ ഹാജരാക്കിയ കുറ്റപത്രം, പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ്, മുറിവ് സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെ 11 രേഖകളാണ് കാണാതായത്. രേഖകൾ കൈകാര്യം ചെയ്തിരുന്ന കോടതി ജീവനക്കാരിൽ നിന്നും നഷ്ടപ്പെട്ടതാകാമെന്നാണ് വിലയിരുത്തൽ.
രേഖകൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ വിഷയം വിചാരണ കോടതി ഹൈക്കോടതിയിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനോട് വീണ്ടും രേഖകൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെടും. കേസിലെ എല്ലാ പ്രതികൾക്കും രേഖകളുടെ പകർപ്പ് കൈമാറിയിട്ടുണ്ട്.
2018 ജൂലൈ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. 2019 ജൂലൈ മൂന്നിനാണ് നെട്ടൂർ മേക്കാട്ട് സഹൽ ഹംസ അടക്കമുള്ള പ്രതികൾക്കെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.