'മരിക്കാത്ത മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാനാണോ എന്നെക്കൊണ്ട് ഒപ്പ് വയ്പിച്ചത്?': എബിന്റെ അമ്മ ഓമന

'മകന്‍ പോയി, അവന്റെ അവയങ്ങള്‍ കൊണ്ട് മറ്റാരെങ്കിലും രക്ഷപ്പെടട്ടേ'യെന്നാണ് അവര്‍ പറഞ്ഞത്.

''ഡോക്ടര്‍മാര്‍ ദൈവത്തെപ്പോലയല്ലേ?. അവരുടെ കസ്റ്റഡിയിലായാപ്പിന്നെ നമ്മളെ അവര്‍ കാണിക്കുകയില്ലല്ലോ. അവരെ വിശ്വസിക്കലല്ലേ നിവൃത്തിയുള്ളു. ജീവിച്ചിരുന്നെങ്കില്‍ മകനിപ്പോള്‍ 32 വയസായേനെ. അവനായിരുന്നു മക്കളില്‍ ഏറ്റവും മിടുക്കന്‍, പോയില്ലേ...''

മസ്തിഷ്‌കമരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് നല്‍കി അനധികൃതമായി അവയവദാനം നടത്തിയെന്ന കൊച്ചി ലേക്‌ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരായ കേസ് തുടരാനുള്ള കോടതി ഉത്തരവിനോട് പ്രതികരിച്ചുകൊണ്ട് എബിന്റെ അമ്മ ഓമന 'ദ ഫോര്‍ത്തി'നോട് പറഞ്ഞു.

''സത്യം തെളിയണം. അതിനുവേണ്ടത് എല്ലാവരും കൂടി ചെയ്യണം, ഇനിയിങ്ങനെയൊരു സംഭവമുണ്ടാകരുത്. ലോകത്ത് ഒരമ്മയ്ക്കും ഈ ഗതി വരരുത്. മകന്‍ മരിച്ചുവെന്ന് വിശ്വസിച്ച് തന്നെയാണ് അവയവദാനത്തിന് ഒപ്പിട്ട് നല്‍കിയത്,'' ഓമന പറഞ്ഞു.

2009 നവംബർ 29-ന് കോതമംഗലത്തുണ്ടായ അപകടത്തിലാണ് ഓമനയുടെ പതിനെട്ടുകാരനായ മകന്‍ എബിന് പരുക്കേറ്റത്. സഹോദരനോടൊപ്പം ബൈക്കില്‍ പോകുമ്പോയിരുന്നു അപകടം. എബിനെ കോതമംഗലം ബസേലിയേഴ്‌സ് ആശുപത്രിയില്‍നിന്ന് ലേക് ഷോറിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോള്‍ മകനെ കയറിക്കണ്ടു. അവന്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു. അവനൊരു ഉമ്മയും കൊടുത്ത് പുറത്തുവന്നു.

പിറ്റേദിവസം ആശുപത്രിയിലെ ചില ഡോക്ടര്‍മാര്‍ വന്നാണ് മകന് മസ്തികഷ മരണം സംഭവിച്ചതായി പറയുന്നത്. 'മകന്‍ പോയി, അവന്റെ അവയങ്ങള്‍ കൊണ്ട് മറ്റാരെങ്കിലും രക്ഷപ്പെടട്ടേ'യെന്നാണ് അവര്‍ പറഞ്ഞത്. ഭര്‍ത്താവ് നേരത്തെ മരിച്ചതാണ്. രണ്ട് മക്കളും അപകടത്തില്‍പെട്ടപ്പോ ആകെ സമനില തെറ്റിയിരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല. പേപ്പറകളിലെല്ലാം ഒപ്പിട്ടു.

അപ്പോള്‍ ഒരു സംശയവും തോന്നിയില്ല. പിന്നീട് സംശയമൊക്കെ തോന്നി. മൂത്ത മകനും സംശയമുണ്ടായിരുന്നു. പക്ഷേ മറ്റ് മക്കള്‍ക്കുകൂടി വല്ലതും സംഭവിച്ചാലോയെന്ന് കരുതി മിണ്ടിയില്ല. ഇപ്പോള്‍ കോടതി പറയുന്നതാണ് വിശ്വാസമെന്നും ഓമന പറഞ്ഞു.

അബിന്റെ അവയവങ്ങള്‍ മലേഷ്യന്‍ പൗരനാണ് ദാനം ചെയ്തത്. വേണ്ട ചികിത്സ നല്‍കിയില്ലെന്നും മസ്തിഷ്‌ക മരണമെന്ന് വരുത്തി അനധികൃത നടപടികളിലൂടെ അവയവങ്ങള്‍ ദാനം ചെയ്തതെന്നും ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി ഡോ. ഗണപതി സമര്‍പ്പിച്ച ഹര്‍ജിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എല്‍ദോസ് മാത്യുവാണ് അന്വേഷണം തുടരാന്‍ ഉത്തരവിട്ടത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in