പ്രമുഖരുടെ ഉറക്കം കെടുത്തിയ ഗിരീഷ്; അസ്വഭാവിക മരണത്തിന് കേസ്
മുഖ്യമന്ത്രിക്കും മകള്‍ക്കും മറ്റു രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുമെതിരായ മാസപ്പടി കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഹര്‍ജിക്കാരനായ പൊതുപ്രവര്‍ത്തന്‍ ഗിരീഷ് ബാബുവിന്റെ മരണം. രാവിലെ കോടതിയില്‍ കേസ് ആവശ്യത്തിനായി പോകുന്നതിന് നേരത്തെ വിളിക്കണമെന്ന് ഭാര്യയോട് പറഞ്ഞ് മുകളിലെ നിലയില്‍ ഉറങ്ങാന്‍ കിടന്നതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
മാസപ്പടിക്കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെ സമീപിച്ചത് ഗിരീഷ് ബാബുവാണ്. വിജിലന്‍സ് കോടതി കേസ് തള്ളിയതി പിന്നാലെ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഇതില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി ഹര്‍ജി വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഗിരീഷിന്റെ അപ്രതീക്ഷിതമായ വേര്‍പാട്.
തിരുവനന്തപുരത്തെ ഐസറിലെ ഹോസ്റ്റല്‍ കെട്ടിട നിര്‍മ്മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി ഗിരീഷ് സിബിഐയെ സമീപിച്ചിരുന്നു. പരാതിയില്‍ അടുത്ത ദിവസം മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ഗിരീഷിനോട് സിബിഐ ആവശ്യപ്പെട്ടിരുന്നു. അഴിമതി സംബന്ധിച്ച് നിരവധി വിവരാവകാശ രേഖകള്‍ അദ്ദേഹം സംഘടിപ്പിച്ചിരുന്നു. നോട്ടു നിരോധന സമയത്ത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ പത്തു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണവും ഗിരീഷിന്റെ ഇടപെടല്‍ മൂലമായിരുന്നു. പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സ് കോടതി ഉള്‍പ്പെടെ നിരവധി കോടതികളില്‍ ഗിരീഷ് നിയമപോരാട്ടം നടത്തി.
പോലീസ് ഡോഗ് സ്‌ക്വാഡ് ഡ്രൈ ഫുഡ് പര്‍ച്ചേസ് അഴിമതി ആരോപണം, കാക്കനാട് സര്‍ക്കാര്‍ പ്രസില്‍ നിന്ന് ഈയത്തില്‍ നിര്‍മ്മിച്ച 45 ടണ്‍ ടൈപ്പ് മെറ്റലുകള്‍ കടത്തിയ സംഭവം തുടങ്ങിയവയിലൊക്കെ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത് ഗിരീഷായിരുന്നു. പിഎസ്‌സി ബോര്‍ഡില്‍ അംഗങ്ങളാകാന്‍ എന്‍സിപി നേതാക്കള്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി എന്ന പരാതി ഈയടുത്താണ് ഗിരീഷ് നല്‍കിയത്. മൂന്നാര്‍ ഗ്യാപ് റോഡില്‍ നിന്ന് നിര്‍മ്മാണത്തിന്റെ മറവില്‍ 100 കോടിയുടെ പാറ കടത്തിഎന്നആരോപിച്ച് നല്‍കിയ പരാതിയില്‍ റവന്യൂ വകുപ്പ് ഇടപെടുകയും ചെയ്തിരുന്നു. കളമശേരി നഗരസഭയുമായി ബന്ധപ്പെട്ട നിരവധി അഴിമതി ആരോപണങ്ങള്‍ ഗിരീഷ് പുറത്ത് കൊണ്ടുവന്നിരുന്നു.
കൊച്ചി വിമാനത്താവള ഓഹരി നിയമവിരുദ്ധമായി അനുവദിച്ചെന്ന പരാതിയില്‍ ദ്രുത പരിശോധനക്കുള്ള വിജിലന്‍സ് കോടതി ഉത്തരവും ഗിരീഷിന്റെ പരാതിയിലായിരുന്നു. എംപ്ലോയീസ് സ്റ്റോക്ക് ഓണര്‍ഷിപ്പ് പ്ലാന്‍ പ്രകാരം വി. ഒ സെബാസ്റ്റ്യന്‍ എന്നയാള്‍ക്ക് 1,20,000 ഓഹരികള്‍ അനുവദിച്ചെന്ന് കാട്ടിയാണ് ഗിരീഷ് ബാബു മുവാറ്റുപുഴ വിജിലന്‍സ് കോടതിയെ സമീപിച്ചത്. മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ചെയര്‍മാനായിരിക്കെ 35.35 കോടിക്ക് കരാര്‍ നല്‍കിയ അഞ്ച് അപ്രോച്ച് റോഡുകളുടെ നിര്‍മാണത്തിലും ക്രമക്കേടാരോപിച്ച് കോടതിയെ സമീപിച്ചതും ഗിരീഷാണ്. ദേശീയപാതയിലെ ടോള്‍ പിരിവുള്‍പ്പടെ നിരവധി നിയമപോരാട്ടങ്ങളാണ് ഗിരീഷ് നടത്തിയത്.