മഴ
മഴ

മഴ തീര്‍ന്നിട്ടില്ല, സെപ്തംബറില്‍ അധിക മഴ പെയ്തിറങ്ങിയേക്കും

ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇതുവരെ 11 ശതമാനം കുറവ് മഴയാണ് ലഭിച്ചത്
Updated on
2 min read

വടക്ക് കിഴക്കന്‍ അറബിക്കടലില്‍ പാകിസ്താന്‍ തീരത്തിന് മുകളിലായി 'അസ്‌ന' ചുഴലിക്കാറ്റും വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി തീവ്ര ന്യുനമര്‍ദ്ദവും സ്ഥിതിചെയ്യുന്നതിനിടെ സെപ്തംബറിലും കേരളത്തില്‍ ഉള്‍പ്പെടെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ പൊതുവെ സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ സെപ്റ്റംബര്‍ മാസത്തില്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

മണ്‍സൂണ്‍ ആരംഭിച്ച ജൂണ്‍ മാസത്തില്‍ 25 ശതമാനം കുറവ് മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. വയനാട്ടില്‍ 336 ജീവനുകള്‍ കവര്‍ന്ന മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ഉണ്ടായ ജൂലൈ മാസത്തില്‍ 16 ശതമാനം കൂടുതല്‍ മഴ സംസ്ഥാനത്ത് പെയ്തിറങ്ങിയത്. എന്നാല്‍ ഓഗസ്റ്റില്‍ 30 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. എന്നാല്‍ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇതുവരെ 11 ശതമാനം കുറവ് മഴയാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മഴ
'ഇപി ജയരാജന്‌ പരിമിതികളുണ്ടായി, മുകേഷ് ആരോപണവിധേയന്‍ മാത്രം'; തല്ലും തലോടലുമായി എംവി ഗോവിന്ദന്‍

അതേസമയം, ദേശീയ തലത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഓഗസ്റ്റിലും 16 ശതമാനം അധിക മഴ രാജ്യത്തുടനീളം ലഭിച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ 253.9 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. 2001 ന് ശേഷം രേഖപ്പെടുത്തുന്ന മഴയുടെ റെക്കോര്‍ഡ് തോതാണിത്. രാജ്യത്താകമാനം 287.1 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്. 248.1 മില്ലി മീറ്റര്‍ മഴ സാധാരണയായി പെയ്തിറങ്ങേണ്ട സമയത്താണ് ഈ അധിക മഴ ലഭിച്ചത്. ജൂണ്‍ ഒന്നിന് മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം ഇന്ത്യയിലാകമാനം 749 മില്ലിമീറ്റര്‍ മഴ ലഭിച്ചു. സാധാരണ ഇക്കാലയളവില്‍ 701 മില്ലിമീറ്റര്‍ മഴയാണ് പെയ്തിറങ്ങേണ്ടിയിരുന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിലും മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയിലും മഴയുടെ കുറവ് രേഖപ്പെടുത്തി. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലും പരിസര പ്രദേശങ്ങളിലും കനത്തതോ അതിശക്തമായതോ ആയ മഴയാണ് സെപ്തംബറില്‍ പ്രതീക്ഷിക്കുന്നത്. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശിന്റെ ചില ഭാഗങ്ങള്‍, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, മധ്യപ്രദേശിന്റെ സമീപ പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ വടക്കുപടിഞ്ഞാറന്‍ മേഖലകളിലാണ് കനത്തതോ അതിശക്തമായതോ ആയ മഴ പ്രതീക്ഷിക്കുന്നത്.

മഴ
കാലാവസ്ഥ വ്യതിയാനം 2023ൽ കവർന്നത് 12,000 പേരെ; ഇരകള്‍ സാധാരണക്കാര്‍, സുരക്ഷിതമല്ല കേരളവും

എന്നാല്‍, സെപ്റ്റംബറിലും ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദങ്ങള്‍ രൂപപ്പെടാന്‍ സാധ്യത നിലനില്‍ക്കുന്നതാണ് അധിക മഴയ്ക്കുള്ള സാധ്യതയായി കണക്കുകൂട്ടുന്നത്. നിലവില്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍4 വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അറബിക്കടലില്‍ രൂപം കൊണ്ട അസ്‌ന ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്ത് നിന്ന് അകലുകയാണ്. ഞായറാഴ്ച രാവിലെവരെ ചുഴലിക്കാറ്റായി തുടരുന്ന അസ്‌ന സെപ്റ്റംബര്‍ 2 രാവിലെയോടെ തീവ്ര ന്യുന മര്‍ദ്ദമായി ശക്തി കുറഞ്ഞേയ്ക്കും. വടക്കന്‍ ആന്ധ്രാപ്രദേശിനും തെക്കന്‍ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി തീവ്ര ന്യുനമര്‍ദ്ദം ഇന്ന് അര്‍ദ്ധ രാതിയോടെ വിശാഖപട്ടണത്തിനും ഗോപാല്‍പ്പൂരിനും ഇടയില്‍ കലിംഗപട്ടണത്തിന് സമീപം കരയില്‍ പ്രവേശിച്ചേക്കും. ഇതിനിടെ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനിന്നിരുന്ന ന്യുന മര്‍ദ്ദ പാത്തി ദുര്‍ബലമാവുകയും ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in