കോഴിക്കോട് മെഡിക്കല്‍ കോളേജ് പീഡനം; പ്രതി അറസ്റ്റിൽ
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. വടകര മയ്യന്നൂർ സ്വദേശി ശശിധരനാണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്. മെഡിക്കൽ കോളേജിലെ അറ്റൻഡറാണ് പ്രതി.
അതേസമയം, മെഡിക്കല്‍ കോളേജ് അന്വേഷണ സമിതിക്ക് മുന്‍പാകെ തന്നെ പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കി. റിപ്പോര്‍ട്ട് പോലീസിന് കൈമാറുമെന്ന് ആര്‍എംഒ ഡോ. ഡാനിഷ് അറിയിച്ചു. സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ആരോഗ്യ വകുപ്പ് മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു. അഡീഷണല്‍ സൂപ്രണ്ട്, ആര്‍എംഒ, നഴ്സിങ് സൂപ്രണ്ട് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ടിന് ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.
കഴിഞ്ഞ ശനിയാഴ്ചയാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതി അതിക്രമത്തിന് ഇരയായത്. സര്‍ജിക്കല്‍ ഐസിയുവില്‍ യുവതിയെ കൊണ്ടുവന്നതിന് ശേഷം മടങ്ങിയ അറ്റന്‍ഡര്‍ കുറച്ച് കഴിഞ്ഞ് തിരികെ വന്നു. ഈ സമയം മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ജീവനക്കാർ പോയ സമയത്തായിരുന്നു അറ്റൻഡർ പീഡിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ ഉടനെ അർദ്ധബോധാവസ്ഥയായതിനാൽ യുവതിക്ക് പ്രതികരിക്കാനായില്ല. പിന്നീട് യുവതി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. ഐസിയുവിലെ നഴ്‌സിനോട് രോഗി പരാതിപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് പ്രതി ഒളിവിലായിരുന്നു.