താനൂരില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവിന്റെ മരണം; ബന്ധുക്കളെ വിവരമറിയിക്കാന്‍ വൈകി, ശരീരത്തില്‍ മുറിവുകളുണ്ടെന്നും ആരോപണം
താനൂര്‍ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിക്കെ മരിച്ച ലഹരിക്കേസിലെ പ്രതി താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ മുറിവുകളുണ്ടെന്ന് ആരോപണം. ഇന്‍ക്വസ്റ്റ് നടപടിക്കിടയില്‍ മൃതദേഹം കണ്ട എ ആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിയാക്കത്തലി കാവുങ്ങലാണ് ആരോപണമുന്നയിച്ചത്. പുലര്‍ച്ചെ നാലരയോടെ സെല്ലില്‍ കുഴഞ്ഞുവീണിട്ടും ബന്ധുക്കളെ പോലീസ് വിവരമറിയിച്ചത് രാവിലെ പത്തരയോടെയാണെന്നും പ്രിസഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റായ തന്നെ വിവരമറിയിച്ചത് ഉച്ചക്ക് 12.45നാണെന്നും ഇതില്‍ സംശയമുണ്ട്. മരിച്ച വിവരം അറിയിക്കാന്‍ വൈകിയ കാരണം പൊലീസ് വ്യക്തമാക്കണമെന്നും അദ്ദേഹം അറിയിച്ചു. മുന്‍പ് തിരൂരങ്ങാടി പഞ്ചായത്തില്‍ താമസിച്ചിരുന്ന താമിറും കുടുംബവും അഞ്ച് വര്‍ഷം മുന്‍പാണ് മമ്പുറം മൂഴിക്കലിലേക്ക് താമസം മാറിയത്. മരിച്ചയാളുടെ കുടുംബ പശ്ചാത്തലത്തെ കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ലെന്നും ലിയാക്കത്തലി കൂട്ടിച്ചേര്‍ത്തു.
മയക്കുമരുന്നുമായി ഇന്ന് പുലര്‍ച്ചെ 1.45ന് താനൂര്‍ ദേവധാര്‍ മേല്‍പാലത്തിന് സമീപത്ത് വെച്ചായിരുന്നു താമിര്‍ ജിഫ്രിയടങ്ങുന്ന അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടിയത്. സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ പുലര്‍ച്ചെ നാലരയോടെ താമിര്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. താമിറിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.