താനൂർ കസ്റ്റഡി മരണം; പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു
താനൂർ കസ്റ്റഡി കൊലപാതകത്തിലെ പ്രതികളായ പോലീസുകാർ മഞ്ചേരി ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഒന്നാം പ്രതി ജിനേഷ്, രണ്ടാം പ്രതി ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി അഭിമന്യു, നാലാംപ്രതി വിപിൻ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. വിപിൻ, ആൽബിൻ അഗസ്റ്റിൻ എന്നിവർ വിദേശത്തേക്ക് കടന്നതായാണ് വിവരം.
രണ്ടുദിവസത്തിനുള്ളിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിച്ചേക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് വിദേശത്തേക്ക് കടക്കാൻ സർക്കാറിന്റെ മുൻകൂർ അനുമതി വേണമെന്നിരിക്കെ പ്രതികൾ എങ്ങനെയാണ് വിദേശത്തേക്ക് കടന്നതെന്ന സംശയം നിലനിൽക്കുന്നുണ്ട്.
നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഒരുമാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല
നിയമസഭയിൽ കേസ് സിബിഐക്ക് കൈമാറിയെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് സംബന്ധിച്ച വിജ്ഞാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവിൽ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഒരുമാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനും സാധിച്ചില്ല.
മയക്കുമരുന്ന് കേസിൽ പിടിയിലായ താമിർ ജിഫ്രി താനൂർ പോലീസിന്റെ കസ്റ്റഡിയിൽ ക്രൂര മർദ്ദനത്തിനിരയായാണ് മരിച്ചത്. ഇത് ശരിവയ്ക്കുന്നതായിരുന്നു താമിർ ജിഫ്രിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയിരുന്നു.