കണ്ണൂരിൽ കോടതി ജീവനക്കാരിക്ക് നേരെ ആസിഡ് ആക്രമണം; രണ്ട് പേർക്ക് പരുക്ക്; പ്രതി കസ്റ്റഡിയിൽ
കണ്ണൂർ തളിപ്പറമ്പിൽ യുവതിക്ക് നേരെ ആസിഡാക്രമണം. കോടതി ജീവനക്കാരിയായ കൂവോട് സ്വദേശിനി ഷാഹിദയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വഴിയാത്രക്കാരായ രണ്ട് പേർക്കും പരുക്കേറ്റു. സംഭവത്തിൽ പ്രതിയായ സര്‍ സയ്യിദ് കോളേജ് ജീവനക്കാരന്‍ അഷ്‌കറിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
തിങ്കളാഴ്ച വൈകിട്ടോടെയാണ് ഷാഹിദയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. മുൻസിഫ് കോടതിയിലെ ടൈപ്പിസ്റ്റായ ഷാഹിദ ജോലി കഴിഞ്ഞ് സഹപ്രവർത്തകർക്ക് ഒപ്പം ബസ് സ്റ്റാൻഡിലേക്ക് വരികയായിരുന്നു. സംഭവത്തിൽ ഷാഹിദയുടെ കൂടെയുണ്ടായിരുന്ന കോടതി ജീവനക്കാരനായ പ്രവീൺ ജോസഫിന്റെ കാലിനും സമീപത്ത് സായാഹ്ന പത്രം വിൽക്കുകയായിരുന്ന ജബ്ബാർ എന്ന യുവാവിനും പൊള്ളലേറ്റു. ഇരുവരെയും തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ് സ്റ്റാൻഡിലേക്ക് വരികയായിരുന്ന ഷാഹിദ ന്യൂസ് കോർണർ ജങ്ഷനിലെത്തിയപ്പോൾ കൈയ്യിൽ കരുതിയ ആസിഡ് അഷ്കർ ഷാഹിദയ്ക്ക് നേരെ ഒഴിക്കുകയായിരുന്നു. ആക്രമിക്കാനുള്ള ശ്രമം മറ്റൊരാൾ തടഞ്ഞതിന്റെ ഭാഗമായി ഷാഹിദയ്ക്ക് ഗുരുതരമായി പൊള്ളലേറ്റില്ല. ഷാഹിദയുടെ മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പൊളളലേറ്റിട്ടുണ്ട്. അഷ്കർ ലാബിൽ നിന്നും കൈക്കലാക്കിയ ആസിഡാണ് യുവതിയുടെ ശരീരത്തിൽ ഒഴിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവനത്തിന് പിന്നാലെ സർ സയ്യിദ് കോളജിലെ ലാബ് ജീവനക്കാരനും ചപ്പാരപ്പടവ് കൂവേരി സ്വദേശിയുമായ അഷ്ക്കറിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ലാബ് ജീവനക്കാരനായ ഇദ്ദേഹം ലാബിൽ നിന്നും കൈക്കലാക്കിയ ആസിഡാണ് യുവതിയുടെ ശരീരത്തിൽ ഒഴിക്കാനായി ഉപയോഗിച്ചതെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ, പോലീസ് അന്വേഷണം നടത്തി വരികയാണ്.