ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച ശേഷമേ സില്‍വര്‍ലൈന്‍  പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൂ: മുഖ്യമന്ത്രി

ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച ശേഷമേ സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കൂ: മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
Updated on
1 min read

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിക്കാനായി കാത്തിരിക്കുന്നു. അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതി നടപ്പിലാക്കും. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ജനങ്ങളുടെ ആശങ്കയും എതിര്‍പ്പും ദൂരീകരിച്ച ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൂ എന്ന് അദ്ദേഹം പറഞ്ഞു. ഭൂമി നഷ്ടമാകുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും. സാമൂഹിക ആഘാത പഠനവും പബ്ലിക് ഹിയറിങ്ങും നടത്തുമെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

സില്‍വർലൈനുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ ഉയർന്നതിനാല്‍ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കുറ്റിയിടല്‍ നിർത്തി വയ്ക്കുകയായിരുന്നു. നിർത്തിവച്ച സാമൂഹിക ആഘാത പഠനം വീണ്ടും തുടങ്ങില്ല എന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ സർക്കാർ കെ റെയില്‍ പദ്ധതിയില്‍ നിന്ന് പുറകോട്ട് പോയി എന്ന തരത്തിലുള്ള പ്രചാരണമുണ്ടായി. കൂടാതെ സില്‍വർലൈന്‍ പദ്ധതിക്കായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി വീണ്ടും കെ റെയില്‍ പദ്ധതിയെക്കുറിച്ച് സംസാരിക്കുന്നത്.

logo
The Fourth
www.thefourthnews.in