പോപുല‍ർ ഫ്രണ്ട് നിരോധനം; അടച്ചുപൂട്ടൽ ഇന്നും തുടരും

പോപുല‍ർ ഫ്രണ്ട് നിരോധനം; അടച്ചുപൂട്ടൽ ഇന്നും തുടരും

അറസ്റ്റിലായ പോപുലർ പ്രവർത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
Updated on
1 min read

നിരോധനത്തിന്റെ ഭാഗമായി, സംസ്ഥാനത്ത് പോപുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ അടച്ചുപൂട്ടുന്ന നടപടികള്‍ ഇന്നും തുടരും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധന ഉത്തരവ് പുറപ്പെടുവിച്ചതിനു പിന്നാലെ, കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് അടച്ചുപൂട്ടല്‍ നടപടികള്‍ തുടങ്ങിയത്. ഇന്നലെ രാത്രിയോടെ ആലുവയിലെ പിഎഫ്ഐ ഓഫീസ് പൂട്ടി പോലീസ് സീൽ ചെയ്തിരുന്നു. ആലുവ കുഞ്ഞുണ്ണിക്കരയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഉടമസ്ഥതയിലുള്ള പെരിയാര്‍വാലി ട്രസ്റ്റ് ആണ് അടച്ചുപൂട്ടിയത്. അതേസമയം, രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എൻഐഎ കേരളത്തിൽ നിന്നും അറസ്റ്റ് ചെയ്ത‌ പിഎഫ്ഐ പ്രവർത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

രാജ്യത്ത് പിഎഫ്ഐയെ നിരോധിച്ചുകൊണ്ട് കഴിഞ്ഞ ബുധനാഴ്ച കേന്ദ്രം ഉത്തരവ് പുറത്തിറക്കിയെങ്കിലും, തിടുക്കപ്പെട്ട് നടപടികള്‍ തുടങ്ങേണ്ടതില്ല എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം. പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിനുശേഷമാണ് പിഎഫ്ഐ ഓഫീസുകള്‍ അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെ നടപടികള്‍ തുടങ്ങിയത്. എന്‍ഐഎയുടെ സാന്നിധ്യത്തില്‍ തഹസില്‍ദാര്‍, കേരള പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി.

നേരത്തെ, പിഎഫ്ഐയുടെ സംസ്ഥാനത്തെ 17 ഇടങ്ങളിലെ വസ്തുക്കൾ കണ്ടുകെട്ടാൻ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് സംസ്ഥാന സമിതി ഓഫീസ്, ആലപ്പുഴ മണ്ണഞ്ചേരി, ആലപ്പുഴ ടൗണിലെ ഓഫീസ്, പട്ടാമ്പി, പാലക്കാട്, പന്തളം, പെരിയാർ വാലി കാമ്പസ്, ആലുവ ടൗൺ അടൂർ, കണ്ണൂർ, തൊടുപുഴ, തൃശൂർ, കാസർഗോഡ്, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി എന്നീ സഥലങ്ങളിലുളള സംഘടനയുടെ ഓഫീസുകൾ അടച്ചുപൂട്ടാനും നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും ഉത്തരവായിരുന്നു. ഓഫീസുകൾ പൂട്ടിയ ശേഷം നേതാക്കളെ നിരീക്ഷിക്കാനും നിർദ്ദേശമുണ്ട്. യുഎപിഎ നിയമത്തിൻ്റെ 25(1) വകുപ്പ് അനുസരിച്ചാണ് നടപടി.

അതേസമയം, പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ എൻഐഎ കസ്റ്റഡിയിൽ ആവശ്യപ്പെടും. 7 ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊച്ചിയിലെ പ്രത്യേക കോടതിയിൽ അപേക്ഷ നൽകും. കേസിലെ മൂന്നാം പ്രതിയാണ് അബ്ദുൽ സത്താർ. കേസിൽ 11 പേരെ എൻഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതി പിഎഫ്ഐ സംസ്ഥാന സെക്രട്ടറി പിഎ റൗഫ് ഒളിവിലാണ്.

പ്രതികളെ ഇന്ന് കൊച്ചി എൻഐഎ കോടതിയിൽ ഹാജരാക്കും. ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടത്താൻ ലക്ഷ്യമിട്ട് പ്രതികൾ ​ഗൂഢാലോചന നടത്തിയെന്നും ലക്ഷറെ ത്വയ്ബ, അല്‍ ഖ്വയ്ദ, ഐഎസ്ഐഎസ് പോലുളള ഭീകരവാദ സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാനുളള പദ്ധതികൾ തയ്യാറാക്കിയെന്നുമുളള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുളളത്.

logo
The Fourth
www.thefourthnews.in