രാജസേനനുപിന്നാലെ നടന്‍ ഭീമന്‍ രഘുവും ബിജെപി വിട്ടു; മുഖ്യമന്ത്രിയെ കണ്ടശേഷം സിപിഎമ്മിൽ ചേരും
സംവിധായകന്‍ രാജസേനന് പിന്നാലെ നടന്‍ ഭീമന്‍ രഘുവും ബിജെപി വിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയാലുടന്‍ അദ്ദേഹത്തെ കണ്ട് ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേരുമെന്ന് ഭീമന്‍ രഘു ദ ഫോര്‍ത്തിനോട് പറഞ്ഞു. കൂടിക്കാഴ്ചയ്ക്കുശേഷം ബിജെപി വിടാനുള്ള കാരണം വ്യക്തമാക്കുമെന്നും ഭീമന്‍ രഘു.
ബിജെപിയോട് രാഷ്ട്രീയ താത്പര്യമില്ലെന്ന് പറഞ്ഞ ഭീമന്‍ രഘു ഇനി ബിജെപിക്ക് വേണ്ടി മത്സരിക്കില്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു
''രാഷ്ട്രീയ പ്രവര്‍ത്തനം ഒരുപാട് ഇഷ്ടപ്പെടുന്ന ആളായതിനാലാണ് സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനോട് ഇഷ്ടവും ബഹുമാനവുമുണ്ട്. കേരളത്തിനുവേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത് ശരിയെന്ന് കാലം തെളിയിക്കും,'' ഭീമന്‍ രഘു പറഞ്ഞു.
2016ലെ കൊട്ടാരക്കര ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു ഭീമന്‍ രഘു. തിരഞ്ഞെടുപ്പിനുശേഷം കുറച്ച് നാള്‍ ബിജെപിക്ക് വേണ്ടി സജീവമായി പ്രവര്‍ത്തിച്ചിരുന്നെങ്കിലും അടുത്തിടെ നേതൃത്വവുമായി അകന്നു. ബിജെപിയോട് രാഷ്ട്രീയ താത്പര്യമില്ലെന്ന് പറഞ്ഞ ഭീമന്‍ രഘു ഇനി ബിജെപിക്ക് വേണ്ടി മത്സരിക്കില്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.
രണ്ടാഴ്ചയ്ക്കിടെ രണ്ടാമത്തെയാളാണ് സംസ്ഥാന ബിജെപിയിലെ പ്രമുഖരുടെ പട്ടികയില്‍നിന്ന് സിപിഎമ്മിലേക്ക് മാറുന്നത്. സംവിധായകന്‍ രാജസേനൻ കഴിഞ്ഞയാഴ്ചയാണ് ബിജെപി വിട്ടത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പാര്‍ട്ടിയില്‍ ചേര്‍ന്ന നടന്‍ കൊല്ലം തുളസിയും ബിജെപിക്കെതിരെ രംഗത്തുവന്നിരുന്നു.