ചിരി മാഞ്ഞു; ഇന്നസെന്റിന് വിട

ചിരി മാഞ്ഞു; ഇന്നസെന്റിന് വിട

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം
Updated on
3 min read

മലയാള സിനിമയുടെ ചിരിക്കുന്ന മുഖം, നടനും മുന്‍ എംപിയുമായ ഇന്നസെന്റ് (75) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് ശേഷം മന്ത്രി പി രാജീവാണ് മരണ വാര്‍ത്തസ്ഥിരീകരിച്ചത്. രാത്രി പത്തരയോടെ ആയിരുന്നു അന്ത്യം എന്ന് മന്ത്രി അറിയിച്ചു. കോവിഡ് ബാധയെത്തുടർന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമാണ് മരണത്തിലേക്കു നയിച്ചത്.

എറണാകുളത്തെ വിവിധ ഇടങ്ങളില്‍ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം നാളെ ജന്മനാടായ ഇരിങ്ങാലക്കുടയിലേക്ക് കൊണ്ടുപോകും. നാളെ വൈകീട്ട് ആയിരിക്കും സംസ്കാര ചടങ്ങുകള്‍. രണ്ട് തവണ അര്‍ബുദത്തെ അതിജീവിച്ച ഇന്നസെന്റ് സിനിമയ്ക്ക് പുറമെ പൊതുപ്രവര്‍ത്തനത്തിലും അദ്ദേഹം സജീവമായിരുന്നു. 2014 മുതല്‍ അഞ്ച് വര്‍ഷം ചാലക്കുടി എംപിയും ആയിരുന്നു ഇന്നസെന്റ്.

മണിച്ചിത്രത്താഴ് ചിത്രത്തില്‍ നിന്ന്
മണിച്ചിത്രത്താഴ് ചിത്രത്തില്‍ നിന്ന്

ഇന്നസെന്റിന്റെ മൃതദേഹം നാളെ രാവിലെ എട്ട് മുതൽ പതിനൊന്ന് മണിവരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് മൂന്ന് മണിക്ക് മൃതദേഹം വീട്ടിലെത്തിക്കും. വൈകിട്ട് അഞ്ചോടെ പള്ളിയിലേക്ക് കൊണ്ടുപോകുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു.

സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിനെ മറ്റ് നടന്‍മാരില്‍ നിന്നും വ്യത്യസ്തനാക്കി. ഹാസ്യനടന്‍, സ്വഭാവനടന്‍ എന്നിങ്ങനെ ഇന്നസെന്റ് നിറഞ്ഞാടിയപ്പോള്‍, മലയാള സിനിമയ്ക്ക് ഒഴിവാക്കാനാകാത്ത താരമായി അദ്ദേഹം മാറി

തലയണമന്ത്രത്തിലെ ഡാനിയല്‍
തലയണമന്ത്രത്തിലെ ഡാനിയല്‍

1972- ല്‍ പുറത്തിറങ്ങിയ നൃത്തശാലയിലൂടെ സിനിമയില്‍ അരങ്ങേറിയ ഇന്നസെന്റ്, നടന്‍ എന്നതിന് പുറമെ നിര്‍മാതാവെന്ന നിലയിലും ശ്രദ്ധ നേടി. 1980 മുതല്‍ മലയാള സിനിമയുടെ ഒഴിവാക്കാനാകാത്ത ഘടകമായിരുന്നു ഇന്നസെന്റ്. തുടര്‍ന്നുള്ള നാല് പതിറ്റാണ്ടിനിടെ അര്‍ബുദ രോഗ ചികിത്സയ്ക്കായി മാറിനിന്ന 2020 ല്‍ മാത്രമാണ് ഇന്നസെന്റില്ലാത്ത സിനിമകൾ മലയാളത്തിലിറങ്ങിയത്.

തമിഴ്, ഹിന്ദി സിനിമകളിലും അഭിനയിച്ചു. സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും ഇന്നസെന്റിനെ മറ്റ് നടന്‍മാരില്‍ നിന്നും വ്യത്യസ്തനാക്കി. ഹാസ്യനടന്‍, സ്വഭാവനടന്‍ എന്നീ നിലകളില്‍ മികവ് തെളിയിച്ച അദ്ദേഹം വില്ലന്‍ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചു. 750 തില്‍ അധികം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ ഇന്നസെന്റ് നിറഞ്ഞാടി. താര സംഘടനയായ അമ്മയുടെ പ്രസിഡന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

മനസിനക്കരെ ചിത്രത്തില്‍ നിന്ന്
മനസിനക്കരെ ചിത്രത്തില്‍ നിന്ന്

2014 മേയില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ചാലക്കുടി മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു

സിനിമയ്ക്ക് പുറമെ വ്യവസായി, രാഷ്ട്രീയക്കാരന്‍ എന്നീ നിലകളിലും മികവ് തെളിയിച്ചിട്ടുണ്ട് ഇന്നസെന്റ്. 1979 - 1982 കാലത്ത് ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സിലറായും പ്രവര്‍ത്തിച്ചു. 1970 കളില്‍ റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു ഇന്നസെന്റ്. പിന്നീട് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമായിരുന്നു രാഷ്ട്രീയ രംഗത്തേയ്ക്കുള്ള മടങ്ങിവരവ്. 2006 ല്‍ ഇരിങ്ങാലക്കുട മണ്ഡലത്തില്‍ നിയമസഭയിലേക്ക് ജനവിധി തേടിയെങ്കിലും പരാജയമായിരുന്നു ഫലം. പിന്നീട് 2014 മേയില്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ ഇടത് പിന്തുണയോടെ വിജയം . 2019 ല്‍ വീണ്ടും മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ ബെന്നി ബെഹ്നാനോട് പരാജയപ്പെട്ടു.

മിഥുനം ചിത്രത്തില്‍ നിന്ന്
മിഥുനം ചിത്രത്തില്‍ നിന്ന്

തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും അഞ്ച് മക്കളില്‍ മൂന്നാമത്തെ മകനായി 1948 മാര്‍ച്ച് നാലിന് ഇരിങ്ങാലക്കുടയിലായിരുന്നു ജനനം. എട്ടാം ക്ലാസ്സോടെ പഠനം അവസാനിപ്പിച്ചു . ശേഷം മദ്രാസിലേക്ക് പോയ അദ്ദേഹം പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്തു. പിന്നീട് കര്‍ണാടകയിലെ ദാവംഗരെയില്‍ ബന്ധുക്കളും സഹോദരനും ചേര്‍ന്ന് നടത്തിയിരുന്ന തീപ്പെട്ടി ഫാക്ടറിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. 1974ല്‍ ദാവന്‍ഗെരെ വിട്ട് തുകല്‍ വ്യാപാരം തുടങ്ങി, തുടര്‍ന്ന് സൈക്കിള്‍ വാടകയ്ക്ക് നല്‍കുന്ന സംരഭവും നടത്തിയിരുന്നു.

അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ഇന്നസെന്റിന് മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്, 2009-ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഞാൻ ഇന്നസെന്റ് (ആത്മകഥ), കാന്‍സര്‍ വാര്‍ഡിലെ ചിരി, മഴക്കണ്ണാടി (ചെറുകഥ) തുടങ്ങി അഞ്ച് പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in