വരാഹരൂപം പകർപ്പവകാശ കേസ്; ഋഷഭ് ഷെട്ടിയും നിര്‍മാതാവും ചോദ്യം ചെയ്യലിന് ഹാജരായി
'കാന്താര’ സിനിമയിലെ വരാഹരൂപം ഗാനം പകർപ്പവകാശ കേസിൽ നിർമാതാവ് വിജയ് കിരഗന്ദൂർ, സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി എന്നിവർ ചോദ്യം ചെയ്യലിന് ഹാജരായി. കോഴിക്കോട് ടൗൺ സ്റ്റേഷനിലാണ് ഹാജരായത്. കേസില്‍ ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാന്‍ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഋഷഭ് ഷെട്ടി രാവിലെ ടൗൺ സ്റ്റേഷനിലെത്തിയത്. തൈക്കുടം ബ്രിഡ്ജ് നൽകിയ പരാതിയിലായിരുന്നു ചോദ്യം ചെയ്യൽ. കേസിൽ ഇവർക്കൊപ്പം പൃഥ്വിരാജ് ഉൾപ്പെടെ ഒൻപത് എതിർ കക്ഷികളാണുള്ളത്.
കാന്താരയിൽ വരാഹരൂപം ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി സ്റ്റേ അനുവദിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദീവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ഹൈക്കോടതി വിധിയെ രൂക്ഷമായി വിമർശിച്ച ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്, പകർപ്പവകാശ പ്രശ്നങ്ങൾ മുൻകൂർ ജാമ്യാപേക്ഷയിൽ തീർപ്പാക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
തൈക്കുടം ബ്രിഡ്ജ് ബാൻഡ് അവതരിപ്പിച്ച നവരസത്തിന്റെ കോപ്പിയാണ് വരാഹരൂപം എന്നതാണ് ആരോപണം. പകർപ്പവകാശ ലംഘനം ആരോപിച്ച് പരാതിക്കാർ ഇതിനകം രണ്ട് വ്യത്യസ്ത സിവിൽ ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. മാതൃഭൂമി പ്രിന്റിങ്ങ് ആന്റ് പബ്ലിഷിങ്ങ് ഹൗസാണ് കേസിലെ പരാതിക്കാർ. ഈ ഹർജികൾ കോഴിക്കോട്, പാലക്കാട് ജില്ലാ കോടതികളാണ് ആദ്യം പരിഗണിച്ചത്. ജില്ലാ കോടതി ഉത്തരവുകൾ ചോദ്യം ചെയ്ത് മാതൃഭൂമിയും തൈക്കുടവും നൽകിയ ഹർജികളും ഹൈക്കോടതിയുടെ പരിഗണനയിലാണ്.