ഉമ്മൻ ചാണ്ടിക്കെതിരായ അധിക്ഷേപം: നടൻ വിനായകനെ ചോദ്യം ചെയ്തു; ഫോൺ കസ്റ്റഡിയിലെടുത്തു

ഉമ്മൻ ചാണ്ടിക്കെതിരായ അധിക്ഷേപം: നടൻ വിനായകനെ ചോദ്യം ചെയ്തു; ഫോൺ കസ്റ്റഡിയിലെടുത്തു

അധിക്ഷേപ വീഡിയോയില്‍ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് പരാതിയില്ലെന്ന് പറഞ്ഞതിനാല്‍ തന്റെ ഫ്ലാറ്റ് ആക്രമിച്ചതിന് തനിക്കും പരാതിയില്ലെന്ന് നടൻ പറഞ്ഞു
Updated on
1 min read

വിലാപയാത്രയെച്ചൊല്ലി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ നടന്‍ വിനായകനെ പോലീസ് ചോദ്യം ചെയ്തു. നടന്റെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്ന ഉപാധിയില്‍ നോട്ടീസ് നല്‍കി. അധിക്ഷേപ വീഡിയോയില്‍ ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിന് പരാതിയില്ലെന്ന് പറഞ്ഞതിനാല്‍ തന്റെ ഫ്ലാറ്റ് ആക്രമിച്ചതിന് തനിക്കും പരാതിയില്ലെന്ന് നടൻ പറഞ്ഞു.

നേരത്തെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചെങ്കിലും വിനായകന്‍ ഹാജരായിരുന്നില്ല. കലൂരിലെ വിനായകന്റെ ഫ്‌ളാറ്റില്‍ നോര്‍ത്ത് സിഐ അടക്കമുള്ളവരെത്തിയാണ് ചോദ്യം ചെയ്തത്. സോഷ്യല്‍മീഡിയ വഴിയായിരുന്നു വിനായകന്‍ ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചുകൊണ്ടുള്ള വീഡിയോ പുറത്തുവിട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് വിനായകന്റെ ഫോണ്‍ പോലീസ് പിടിച്ചെടുത്തത്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ മകൻ നടനെതിരെ കേസെടുക്കേണ്ടെന്ന് പ്രതികരിച്ചിരുന്നു. വിനായകൻ പറഞ്ഞത് വ്യക്തിപരമായ കാര്യമെന്നായിരുന്നു പ്രതികരണം. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തകർ വിനായകന്റെ ഫ്ലാറ്റ് ആക്രമിച്ചിരുന്നു.

ഉമ്മൻ ചാണ്ടിക്കെതിരായ അധിക്ഷേപം: നടൻ വിനായകനെ ചോദ്യം ചെയ്തു; ഫോൺ കസ്റ്റഡിയിലെടുത്തു
ഉമ്മൻ ചാണ്ടിക്കെതിരായ അധിക്ഷേപം; നടൻ വിനായകനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും

ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സനലാണ് നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടപടിയുണ്ടാകുന്നില്ലെന്ന് കാണിച്ച് പരാതിക്കാരൻ പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തിയിരുന്നു.

കലാപാഹ്വാനത്തിനും മൃതദേഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്ര നടക്കുന്നതിനിടെയാണ് നടന്‍ വിനായകന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

logo
The Fourth
www.thefourthnews.in