ദിലീപ്
ദിലീപ്

നടിയെ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥന് കോടതിയുടെ വിമർശനം

ഉദ്യോഗസ്ഥന് പ്രത്യേക താല്‍പര്യങ്ങളാണെന്നും കബളിപ്പിക്കാന്‍ ശ്രമിക്കരുതെന്നും വിചാരണ കോടതി
Updated on
1 min read

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണ കോടതിയുടെ അതിരൂക്ഷ വിമർശനം. കോടതി നടപടിക്രമങ്ങളില്‍ പങ്കെടുക്കാതെ ഉദ്യോഗസ്ഥന്‍ പുറത്ത് കറങ്ങി നടക്കുകയാണോയെന്നും കോടതി ചോദിച്ചു. രാവിലെ ഹർജി പരിഗണിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്‌ ഹാജരായിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന്‍ എവിടെയെന്ന് ആരാഞ്ഞു. പിന്നാലെ ആയിരുന്നു ഉദ്യോഗസ്ഥന് പ്രത്യേക താല്‍പര്യങ്ങളാണെന്നും കോടതിയെ കബളിപ്പിക്കാന്‍ ശ്രമിക്കരുതെന്നും വിചാരണക്കോടതിയുടെ മുന്നറിയിപ്പ്.

കോടതിയിലെ രഹസ്യരേഖകള്‍ കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ ചോർത്തുകയാണെന്നും വിമർശിച്ച കോടതി നടപടികൾ പാലിക്കണമെന്ന് ഉദ്യോഗസ്ഥന് മുന്നയിയിപ്പ് നൽകുന്നുവെന്നും വിചാരണ കോടതി വ്യക്തമാക്കി. ഇന്ന് വിചാരണ നടപടികളുടെ ഭാഗമായി ഹർജി പരിഗണിക്കവേയാണ് സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിന്‍റെ വിമര്‍ശനം. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും.

ഇതിനിടെ വിചാരണ നടത്തുന്ന ജഡ്ജി മാറണമെന്ന് പ്രോസിക്യൂഷനും അതിജീവതയും ഇന്നും ആവർത്തിച്ചു. കേസ് നേരത്തെ പരിഗണിച്ചുകൊണ്ടിരുന്ന പ്രത്യേക സിബിഐ കോടതിയിലേക്ക് തന്നെ മാറ്റണമെന്നാണ് ആവശ്യം. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ജഡ്ജിക്ക് സ്ഥാനം കയറ്റം ലഭിച്ചപ്പോള്‍ കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. ഇത് ഭാവിയിൽ ചിലപ്പോൾ കേസിനെ ദോഷകരമായി ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജഡ്ജി മാറണമെന്ന ആവശ്യത്തെ പ്രതിഭാഗം എതിർത്തു. ഹൈക്കോടതിയാണ് സെഷന്‍സ് കോടതിയോട് കേസ് പരിഗണിക്കാന്‍ നിര്‍ദേശം നല്‍കിയത് . ഹൈക്കോടതി നിർദേശത്തെ കീഴ്ക്കോടതിയിൽ ചോദ്യം ചെയ്യാനാകില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

എറണാകുളം സിബിഐ കോടതി മൂന്നില്‍ ഹണി എം റോസാണ് ആദ്യം കേസ് പരിഗണിച്ചിരുന്നത്. പിന്നീട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി ഹണി എം റോസിന് സ്ഥാനക്കയറ്റം ലഭിച്ചു. തുടർന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു.

അതേസമയം, ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയില്‍ ഹൈക്കോടതി ദിലീപിന് നോട്ടീസയച്ചു. കർശന വ്യവസ്ഥകളോടെയാണ് 2017ല്‍‌ ദിലീപിന് ജാമ്യം അനുവദിച്ചതെങ്കിലും സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിചാരണ തുടരുമ്പോള്‍ ജാമ്യം റദ്ദാക്കി ദിലീപിനെ റിമാന്‍ഡ് ചെയ്യണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

logo
The Fourth
www.thefourthnews.in