നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കരുതെന്ന് ആവശ്യം
നടിയെ ആക്രമിച്ച കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് പരിഗണിക്കരുതെന്ന ആവശ്യവുമായി അതിജീവിതയും പ്രോസിക്യൂഷനും. കേസ് പരിഗണിക്കുന്ന കോടതി ഏതെന്ന് നിശ്ചയിക്കണമെന്ന ആവശ്യവുമായി ഇരുകൂട്ടരും വിചാരണക്കോടതിയെ സമീപിച്ചു.കേസ് ഫയല്‍ ഏത് കോടതിയിലാണെന്ന് അറിയിക്കണമെന്നും ജഡ്ജി ഹണി എം വര്‍ഗീസിന് സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെടുന്നു.
അപേക്ഷയില്‍ അതിജീവിത പറയുന്നത്
സിബിഐ കോടതിക്കാണ് കേസ് നടത്തിപ്പിന്റെ ചുമതല ഹൈക്കോടതി കൈമാറിയത്. ജോലിഭാരം കാരണം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് കേസ് കൈമാറാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു.നിലവില്‍ കേസിലെ വിചാരണ നടത്തുന്ന സിബിഐ കോടതി പ്രത്യേക ജഡ്ജി ഹണി എം വര്‍ഗീസിന് സ്ഥാനക്കയറ്റം ലഭിച്ചതോടെയാണ് കേസ് രേഖകള്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് എത്തിയത്. ഇതിന് പിന്നാലെ കേസ് നടത്തിപ്പും എറണാകുളം സിബിഐ കോടതി മൂന്നില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.
നേരത്തെ ഹണി എം വര്‍ഗീസിനെ കേസിന്റെ വിചാരണാ ചുമതലയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ഈ ആവശ്യം തള്ളിയതിനെ തുടർന്നാണ് അതിജീവിതയുടെ പുതിയ അപേക്ഷ. ഹർജിയില്‍ പ്രതികളുടെ നിലപാട് അറിയിക്കാന്‍ സമയം നല്‍കിയ കോടതി കേസ് 11-ാം തീയതിയിലേക്ക് മാറ്റി.