നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ അന്വേഷണമില്ല, അതിജീവിതയുടെ ആവശ്യം തള്ളി ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് അന്വേഷിക്കണമെന്ന അതിജീവിതയുടെ ഹർജി തള്ളി ഹൈക്കോടതി. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്നുമായിരുന്നു അതിജീവിതയുടെ ഹർജി. അതിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവിലെ ഉപഹർജി ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഉപഹർജിയിൽ അതിജീവിത ഉന്നയിച്ചത് പുതിയ വിഷയങ്ങളായതിനാൽ നിയമതടസമുണ്ട്. അതിജീവിതയ്ക്കു പുതിയ ഹർജി നൽകാമെന്നും കോടതി പറഞ്ഞു. ഹൈക്കോടതിയെ വീണ്ടും സമീപിക്കുമെന്ന് അതിജീവിത അറിയിച്ചു.
കേസിൽ സുപ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കൈവശമിരിക്കെ മൂന്നുതവണ നിയമവിരുദ്ധമായി തുറന്നു പരിശോധിക്കപ്പെട്ടിരുന്നു. സംഭവത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നു. രണ്ട് കോടതി ജീവനക്കാരും അങ്കമാലി മുന്‍ മജിസ്‌ട്രേറ്റുമാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചതെന്നായിരുന്നു കണ്ടെത്തൽ.
ഇത് വസ്തുതാപരമല്ലെന്നും ഹൈക്കോടതി മേൽനോട്ടത്തിൽ ഐജി റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അതിജീവിത ഉപഹർജി നൽകിയത്. അതിജീവിതയെ അനുകൂലിക്കുന്ന നിലപാടായിരുന്നു സംസ്ഥാന സർക്കാരും കൈക്കൊണ്ടത്.
അതിനിടെ, അതിജീവിതയുടെ ഉപഹർജിയെ എതിർത്ത് കേസിലെ എട്ടാം പ്രതിയായ ദിലീപും കോടതിയെ സമീപിച്ചിരുന്നു. കോടതിയും അതിജീവിതയും കക്ഷികളായ കേസിൽ എട്ടാം പ്രതിക്ക് എന്ത് കാര്യമെന്ന് അന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ദിലീപിനെ ബാധിക്കുന്ന വിഷയമല്ല അതെന്നും കോടതി അന്ന് ചൂണ്ടിക്കാട്ടി.