നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പരിശോധന: അന്വേഷണ റിപ്പോര്‍ട്ടിന്റെ പകർപ്പ് അതിജീവിതയ്ക്ക് നൽകണമെന്ന് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചുവെന്ന പരാതിയെത്തുടർന്ന് ജഡ്ജി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയായ നടിക്ക് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്. റിപ്പോര്‍ട്ടിന്‌റെ പകര്‍പ്പാവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
റിപ്പോര്‍ട്ടിന്‌റെ പകര്‍പ്പ് ലഭിക്കാന്‍ നടിക്ക് നിയമപരമായ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ തനിക്കും പകര്‍പ്പ് ല്‍കണമെന്ന ദിലീപിന്‌റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
പീഡനത്തിന്‌റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചോയെന്നത് സംബന്ധിച്ച് ജില്ലാ സെഷന്‍സ് കോടതി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് നടി ഹര്‍ജി നല്‍കിയത്.
മെമ്മറി കാര്‍ഡ് പരിശോധിച്ചതുമായി ബന്ധപ്പെട്ട് നടി നേരത്തെ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് വസ്തുതാന്വേഷണം നടത്താന്‍ ജില്ലാ സെഷന്‍സ് കോടതിക്ക് ഡിസംബര്‍ ഏഴിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് നടി നേരത്തെ ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.