വിഴിഞ്ഞം സമരം
വിഴിഞ്ഞം സമരം

വിഴിഞ്ഞം സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; 100 കോടിയുടെ നഷ്ടമെന്ന് അദാനി ഗ്രൂപ്പ്

നിര്‍മാണം കൃത്യസമയത്ത് പൂര്‍ത്തിയായില്ലെങ്കില്‍ അദാനി ഗ്രൂപ്പ് സര്‍ക്കാരിനും, നിര്‍മാണത്തിന് ആവശ്യമായ സാഹചര്യം ഒരുക്കിയില്ലെങ്കിൽ സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനും നഷ്ടപരിഹാരം നൽകണമെന്നാണ് കരാര്‍
Updated on
1 min read

വിഴിഞ്ഞം സമരം കാരണം തുറമുഖ നിര്‍മാണം തടസപ്പെട്ടതിനാല്‍ 100 കോടി രൂപയോളം നഷ്ടമുണ്ടായെന്ന് അദാനി ഗ്രൂപ്പ്. നഷ്ടക്കണക്ക് സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ച അദാനി ഗ്രൂപ്പ് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടു. നിര്‍മ്മാണം നിലച്ചിട്ട് 53 ദിവസമായി. കല്ല് കൊണ്ടുവരാനോ നിര്‍മാണം നടത്താനോ സാധിക്കാത്ത സാഹചര്യമാണെന്നും ചീഫ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പ് പറയുന്നു. അടുത്ത വര്‍ഷം തുറമുഖ നിര്‍മാണം പൂര്‍ത്തിയാകുമോ എന്നതില്‍ ആശങ്കയുണ്ട്. ആറു മാസം വരെ സമരത്തിന്റെ പ്രത്യാഘാതം പദ്ധതിയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഈ നഷ്ടകണക്ക്. തുറമുഖ നിര്‍മാണ കരാര്‍ പ്രകാരം നിര്‍മാണം കൃത്യസമയത്ത് പൂര്‍ത്തിയായില്ലെങ്കില്‍ അദാനി ഗ്രൂപ്പ് സര്‍ക്കാരിനും, നിര്‍മാണത്തിന് ആവശ്യമായ സാഹചര്യം ഒരുക്കിയില്ലെങ്കിൽ സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനും നഷ്ടപരിഹാരം നൽകണമെന്നാണ് വ്യവസ്ഥ.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അദാനി ഗ്രൂപ്പുമായി നടത്തിയ ചര്‍ച്ചകൾക്കൊടുവിൽ 2023 മെയ് മാസത്തിൽ വിഴിഞ്ഞത്ത് ആദ്യ കപ്പൽ നങ്കൂരമിടും എന്ന് പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം മുൻനിര്‍ത്തി നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് ഓഗസ്റ്റ് 16-ന് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ സമരം ആരംഭിച്ചത്. പദ്ധതി നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് 53 ദിവസമായി ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ സമരം തുടരുകയാണ്. ഈ ദിവസങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തി തടസപ്പെട്ടതിനെ തുടര്‍ന്നാണ് നഷ്ടം ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ഓഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ 78 കോടിയാണ് നഷ്ടം. പണി മുടങ്ങിയ ദിവസങ്ങളിലെ തൊഴിലാളികളുടെ വേതനം, ഡ്രഡ്ജിങ്ങിന് അടക്കമുള്ള യന്ത്രങ്ങളുടെ മെയിന്റനന്‍സ് എന്നിങ്ങനെയാണ് 100 കോടി നഷ്ടം കണക്കാക്കുന്നത്.

സാധാരണ ഗതിയിൽ മണ്‍സൂണ്‍ കാലത്ത് വിഴിഞ്ഞത്ത് നിര്‍മാണം നടത്താറില്ല. അതിനാൽ കടൽത്തട്ട് പണിക്ക് കൊണ്ടു വരുന്ന ബാര്‍ജുകളും ടഗ്ഗുകളും മറ്റു തുറമുഖങ്ങളിലേക്ക് കൊണ്ടു പോകാറുണ്ട്. എന്നാൽ ഇക്കുറി നിര്‍മ്മാണ പ്രവര്‍ത്തനം വേഗത്തിൽ പൂര്‍ത്തിയാക്കാൻ വേണ്ടി സര്‍ക്കാര്‍ ഇടപെട്ട് ഈ ടഗ്ഗുകളും ബാര്‍ജുകളും കൊല്ലത്തും തിരുവനന്തപുരത്തുമായി തുടരുകയായിരുന്നു. ഇങ്ങനെ നിലനിര്‍ത്തിയത് വഴി മാത്രം  57 കോടി നഷ്ടം വന്നെന്ന് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ അറിയിച്ച കണക്കിൽ പറയുന്നു. പണി നടക്കാത്ത ദിവസങ്ങളിൽ തൊഴിലാളികളുടെ ചെലവിനായി രണ്ട് കോടി രൂപയും നൽകേണ്ടി വന്നുവെന്ന് കണക്കുകളിലുണ്ട്. 

logo
The Fourth
www.thefourthnews.in