ധനസ്ഥിതി മെച്ചപ്പെടണം; കേരളത്തിനാവശ്യം അധിക വിഭവസമാഹരണം

ധനസ്ഥിതി മെച്ചപ്പെടണം; കേരളത്തിനാവശ്യം അധിക വിഭവസമാഹരണം

രാഷ്ട്രീയ വിവാദങ്ങൾക്കപ്പുറം ബഡ്ജറ്റിനുമുമ്പ് സംസ്ഥാനത്തിന് ആലോചിക്കാവുന്ന നിരവധി വിഭവ സമാഹരണ മാർഗങ്ങളുണ്ട്.
Updated on
3 min read

കേരളം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ 2023 -24 ലെ സംസ്ഥാന ബജറ്റ് ഫെബ്രുവരി 3 നു അവതരിപ്പിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു വരുന്നു. കേരളത്തിൽ പ്രതിശീർഷ കടബാധ്യത 1.25 ലക്ഷത്തോളം രൂപയാണ്. ഇതിനകം ഗവണ്മെന്റ് കടുത്ത സാമ്പത്തിക നിയന്ത്രണം ഏർപെടുത്തുന്നതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. അനാവശ്യ ചെലവുകളും, നികുതി പിരിവിലെ അലംഭാവവും സാമ്പത്തിക നില താളം തെറ്റിക്കുന്നു. കേന്ദ്ര ഗവണ്മെന്റ് സംസ്ഥാനത്തെ കടമെടുക്കാൻ അനുവദിക്കുന്നില്ലെന്നും, ജി എസ് ടി വിഹിതം സമയബന്ധിതമായി സംസ്ഥാനത്തിന് ലഭിക്കുന്നില്ലെന്നുമാണ് സംസ്ഥാന ധനമന്ത്രിയുടെ അഭിപ്രായം. കേന്ദ്ര പദ്ധതികളിലൂടെ സംസ്ഥാനത്തിന് കൂടുതൽ പദ്ധതിവിഹിതം നേടിയെടുക്കാൻ സാധിക്കുന്നുമില്ല. രാഷ്ട്രീയ വിവാദങ്ങൾക്കപ്പുറം ബഡ്ജറ്റിനുമുമ്പ് സംസ്ഥാനത്തിന് ആലോചിക്കാവുന്ന നിരവധി വിഭവ സമാഹരണ മാർഗങ്ങളുണ്ട്.

കേന്ദ്ര പദ്ധതികൾക്കനുസരിച്ചുള്ള പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിലെ അശാസ്ത്രീയതയാണ് കേരളത്തിന് വ്യവസായ, കാർഷിക, തൊഴിൽ നൈപുണ്യ, ഭക്ഷ്യ സംസ്‌കരണ മേഖലയിലെ പദ്ധതികൾ ലഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നത്. പദ്ധതികൾക്കാവശ്യമായ വിശദമായ പ്രൊജക്റ്റ് തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകണം.

വേണ്ടത് കൂടുതൽ കേന്ദ്ര പദ്ധതികൾ

കൂടുതൽ കേന്ദ്ര പദ്ധതികൾ ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം. കേന്ദ്ര പദ്ധതികൾ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ തീർത്തും സുതാര്യമാണ്. ഓൺലൈൻ വഴി അപേക്ഷിക്കാം. എന്നാൽ വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് വേണം. കേന്ദ്ര പദ്ധതികൾക്കനുസരിച്ചുള്ള പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിലെ അശാസ്ത്രീയതയാണ് കേരളത്തിന് വ്യവസായ, കാർഷിക, തൊഴിൽ നൈപുണ്യ, ഭക്ഷ്യ സംസ്‌കരണ മേഖലയിലെ പദ്ധതികൾ ലഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നത്. പദ്ധതികൾക്കാവശ്യമായ വിശദമായ പ്രൊജക്റ്റ് തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകണം. ഇതിനായി ഉദ്യോഗസ്ഥരെ പുനർനിർണയിച്ചു പ്രൊജക്റ്റ് മാനേജ്‌മന്റ് യൂണിറ്റ് കേരളത്തിലും, ഡൽഹിയിൽ കേരള ഹൗസിലും ആരംഭിക്കണം. ഇതിനായി ഇപ്പോഴുള്ള ഉദ്യോഗസ്ഥരുടെ പുനർ നിർണ്ണയം മതിയാകും.

കോൾഡ് ചെയിൻ പ്രൊജക്റ്റ്, കോൾഡ് സ്റ്റോർ പ്രൊജക്റ്റ്, അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ വികസന ഫണ്ട്, ആനിമൽ ഹസ്ബൻഡറി ഇൻഫ്രാസ്ട്രക്ച്ചർ വികസന ഫണ്ട്, ഫുഡ് പാർക്കുകൾ, രാഷ്ട്രീയ ഗോകുൽ മിഷൻ, ദേശീയ കന്നുകാലി മിഷൻ, കോമൺ ഫെസിലിറ്റി സെന്ററുകൾ, ഹാർഡ്‌വെയർ പാർക്കുകൾ, കര്ഷകോൽപ്പാദക സംഘങ്ങൾ (എഫ് പി ഒ കൾ) തുടങ്ങിയവ കേന്ദ്ര പദ്ധതികളിൽ ചിലതു മാത്രം. കാർഷിക മേഖലയിൽ ഉത്പാദന വർധനവിനോടൊപ്പം, മൂല്യ വർധനവ് രീതികൾക്കും പ്രാധാന്യം നൽകണം. കൂടുതൽ കര്‍ഷകോൽപ്പാദക സംഘങ്ങൾ (എഫ് പി ഒ കൾ) കേരളത്തിലാരംഭിക്കണം.

സംരംഭകത്വം വിപുലപ്പെട്ടുവരുമ്പോൾ, കൂടുതൽ സംരംഭകരെ തെരഞ്ഞെടുത്തു കേന്ദ്ര പദ്ധതികൾ ലഭിക്കാനായി സംസ്ഥാന പ്രൊജക്റ്റ് മാനേജ്‌മന്റ് വിങ് ഇതിനുള്ള തയ്യാറെടുപ്പു തുടങ്ങണം. കൂടുതൽ സ്റ്റാർട്ടപ്പുകൾക്കു സാമ്പത്തിക സഹായം ലഭിക്കാനായി ഏയ്ഞ്ചൽ, വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളുടെ ലഭ്യത ഉറപ്പുവരുത്തണം. കൂടുതൽ സ്റ്റാർട്ടപ്പ് ഇന്ത്യ ഫണ്ടുകൾ ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കണം. MSME മേഖലയിൽ സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭകത്വ പ്രോത്സാഹന പദ്ധതികൾ ഏറെ പ്രതീക്ഷകൾക്ക് വക നൽകുന്നു.

സംരംഭകത്വം വിപുലപ്പെട്ടുവരുമ്പോൾ, കൂടുതൽ സംരംഭകരെ തെരഞ്ഞെടുത്തു കേന്ദ്ര പദ്ധതികൾ ലഭിക്കാനായി സംസ്ഥാന പ്രൊജക്റ്റ് മാനേജ്‌മന്റ് വിങ് ഇതിനുള്ള തയ്യാറെടുപ്പു തുടങ്ങണം.

പൊതുമേഖലാ സ്ഥാപനങ്ങളുടെയും സർവകലാശാലകളുടെയും ഏകീകരണം

കേരളത്തിൽ നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം തുലോം കൂടുതലാണ്. കാർഷിക, വ്യവസായ, തൊഴിൽ മേഖലയിലാണ് ഇവയെറെയും. സമാന സ്വഭാവമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ കൃഷി, വ്യവസായ, തൊഴിൽ വകുപ്പുകളുടെ കീഴിലുണ്ട്. പൊതുമേഖലാസ്ഥാപനങ്ങളുടെ എണ്ണം മൂന്നിലൊന്നാക്കണം. തൊഴിൽ നൈപുണ്യത്തിനു കെ ഡിസ്‌ക്, KASE, അസാപ് എന്നിവയുടെ ആവശ്യമില്ല. 150 ഓളം സ്കിൽ വികസന കേന്ദ്രങ്ങളുമുണ്ട്. ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കാത്ത ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷൻ ഗവണ്മെന്റ് ഏറ്റെടുത്തു എല്ലാ സ്കിൽ വികസന പദ്ധതികളും ഒരു കുട കീഴിലാക്കണം.

വർധിച്ചു വരുന്ന തൊഴിലില്ലായ്‌മ കേരളത്തിൽ ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ അനുപാതം കേരളത്തിലേറെയാണ്. 2022 ലെ ഇന്ത്യ സ്‌കിൽസ് റിപ്പോർട്ടനുസരിച് സ്കിൽ കൈവരിക്കുന്നതിൽ കേരളം പിറകിലാണ്. സ്കിൽ വികസന പദ്ധതികളുടെ ഏകീകരണം, സംരംഭകത്വ, സ്റ്റാർട്ടപ്പ് പ്രോത്സാഹനം എന്നിവ തൊഴിലില്ലായ്‌മ കുറയ്ക്കാനുപകരിക്കും. സർവകലാശാലകളുടെ കാര്യത്തിലും സമാന സ്വഭാവമുള്ളതുണ്ട്. ഡിജിറ്റൽ സർവകലാശാലയെ ടെക്നോളജി സർവ്വകലാശാലയുമായി യോജിപ്പിക്കണം. കാർഷിക മേഖലയിലെ വികേന്ദ്രീകൃത സർവകലാശാലകൾക്ക് കേരളത്തിലെ കാർഷിക, സാമ്പത്തിക, സാമൂഹിക, തൊഴിൽ മേഖലകളിൽ കാര്യമായ സംഭാവന ചെയ്യാൻ സാധിച്ചില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

കാർഷിക മേഖലയിലെ വികേന്ദ്രീകൃത സർവകലാശാലകൾക്ക് കേരളത്തിലെ കാർഷിക, സാമ്പത്തിക, സാമൂഹിക, തൊഴിൽ മേഖലകളിൽ കാര്യമായ സംഭാവന ചെയ്യാൻ സാധിച്ചില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

അധിക വിഭവ സമാഹരണം

അധിക വിഭവ സമാഹരണത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുടുംബ വരുമാനത്തിനനുസരിച്ചുള്ള ഫീ സ്ളാബ് ഏർപ്പെടുത്തണം. ഇതിലൂടെ ലഭിക്കുന്ന അധിക വരുമാനം പ്രസ്തുത മേഖലയിൽ തന്നെ ഉപയോഗിക്കാം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം കേരളത്തിൽ രണ്ടര കോടിയിലധികമാണ്. ഇവർ പ്രതിവർഷം അടയ്ക്കുന്ന മൊബൈൽ ബിൽതുക 15000 കോടിയോളം രൂപ വരും. ഇവയ്ക്കു 3 ശതമാനത്തോളം അധിക സെസ്സ് ഏർപ്പെടുത്തുന്നത് 450 കോടിയോളം അധിക വരുമാനം ഉറപ്പുവരുത്തും. വില കൂടിയ ശുദ്ധ ജനുസ്സിൽപ്പെട്ട ഓമന മൃഗങ്ങളെ വളർത്തുന്നവർക്കും അധിക നികുതി ഏർപ്പെടുത്തണം. കേരളം പ്രതിവർഷം 80000 കോടി രൂപയുടെ ഭക്ഷ്യോൽപ്പന്നങ്ങളാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നും വാങ്ങുന്നത്. ഭക്ഷ്യ സംസ്‌കരണ മേഖലയിൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കണം. മൂല്യ വർധിത ഉൽപ്പന്ന നിർമ്മാണത്തിനായി കൃഷി വകുപ്പിന്റെ പരിഗണയിലുള്ള അഗ്രി ബിസിനസ്സ് കമ്പനി ആരംഭിക്കുന്നതിൽ ഇനിയും കല താമസമുണ്ടാകരുത്. മൃഗചികിത്സ സേവനത്തിനുള്ള ഫീസിൽ കാലാനുസൃതമായ വർധനവ് വരുത്താം. ഹെൽത്ത് ടൂറിസത്തിന് കൂടുതൽ പ്രാധാന്യമേറുമ്പോൾ ഈ മേഖലയിലൂടെയും അധിക വരുമാനം ലഭിക്കാനുള്ള പദ്ധതികളാവിഷ്കരിക്കണം.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിലേക്കുള്ള അനാവശ്യ വാങ്ങലുകൾ ഒഴിവാക്കണം. സർവകലാശാലകൾ തനതു ഫണ്ട് കണ്ടെത്താൻ ശ്രമിക്കണം. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പാർടൈം തൊഴിൽ ഉറപ്പുവരുത്തണം. ഇന്റേൺഷിപ് നിർബന്ധമാക്കണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തണം. വിദേശത്തു ഉപരിപഠനത്തിനു പോകുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി ഡാറ്റ മാനേജ്‌മന്റ് രീതി നടപ്പിലാക്കണം. വിദ്യാർഥികൾ താല്പര്യപ്പെടാത്ത കോഴ്സുകൾ ഉപേക്ഷിക്കാൻ സർവകലാശാലകൾ തയ്യാറാകണം. കോളേജ്, സർവകലാശാല അദ്ധ്യാപകർക്ക് കൂടുതൽ ഗവേഷണ പ്രോജെക്ടുകൾ ലഭിക്കാനുള്ള നടപടികൾ നിർബന്ധമാക്കണം. ഇതിലൂടെ വിദേശ സർവകലാശാല മാതൃകയിൽ ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങൾ ഉർജ്ജിതപ്പെടുത്തണം. വികേന്ദ്രീകൃതാസൂത്രണത്തിലൂടെ നടപ്പിലാക്കിയ പദ്ധതികൾ സാമൂഹിക ഓഡിറ്റിന് വിധേയമാക്കണം. പദ്ധതികൾ കാലാനുസൃതമായി പരിഷ്കരിക്കണം. ലോകബാങ്ക് , ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക്, UNCTAD തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികളിൽ നിന്നും വികസന ഫണ്ടുകൾ കണ്ടെത്താൻ ശ്രമിക്കുന്നതും നല്ലതാണു നല്ലതാണു. വിദേശ മലയാളികളിൽ നിന്നും crowd funding നുള്ള സാധ്യതകൾ പരിശോധിക്കാവുന്നതാണ്

അധിക ചെലവ് കുറച്ചും, നികുതി സമാഹരണം ഉർജ്ജിതപ്പെടുത്തിയും, അധിക വിഭവ സമാഹരണ സ്രോതസ്സുകൾ കണ്ടെത്തിയും മാത്രമേ സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താൻ സാധിക്കൂ. ധനസ്ഥിതിയെക്കുറിച്ചു അവലോകനം നടത്തുമ്പോൾ, സർക്കാർ ജീവനക്കാരെയും, പെൻഷൻകാരെയും കുറ്റപ്പെടുത്തുന്നവർ മേൽ സൂചിപ്പിച്ച വസ്തുതകളെക്കുറിച്ച് ചർച്ച ചെയ്യുന്നത് നന്നായിരിക്കും!

logo
The Fourth
www.thefourthnews.in