ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലയെ കണ്ടെന്ന് സമ്മതിച്ച് എഡിജിപി; മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണത്തിലാണ് സ്ഥിരീകരണം
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉന്നയിച്ച എഡിജിപി ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി കൂടിക്കാഴ്ച നടന്നെന്ന് സ്ഥിരീകരണം. പി വി അന്‍വര്‍ എംഎല്‍എ തുടങ്ങിവച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ വിശദീകരണത്തിലാണ് ദത്താത്രേയ ഹൊസബലെയുമായി കൂടിക്കാഴ്ച നടന്നെന്ന് വ്യക്തമാക്കുന്നത്. 2023 മേയ് 22 ന് പാറമേക്കാവ് വിദ്യാമന്ദിര്‍ സ്‌കൂളില്‍ ആര്‍എസ്എസ് ക്യാംപിനിടെയായിരുന്നു കൂടിക്കാഴ്ച. സുഹൃത്തിന്റെ കാറിലായിരുന്നു യാത്ര. സഹപാഠിയായ ഇയാളുടെ ക്ഷണം സ്വീകരിച്ചായിരുന്നു ആര്‍എസ്എസ് ദേശീയ ജനറല്‍ സെക്രട്ടറിയെ കണ്ടത് എന്നും എം ആര്‍ അജിത്ത് കുമാര്‍ വിശദീകരിക്കുന്നു.
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ കാണാൻ അജിത് കുമാറിനെ മുഖ്യമന്ത്രി അയച്ചു എന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ആരോപണം
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ വിജയത്തിന് മുഖ്യമന്ത്രി ബിജെപിയെ സഹായിച്ചു എന്നരോപിച്ചു കൊണ്ടായിരുന്നു ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ കൂടിക്കാഴ്ചാ വിഷയം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ചത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെ കാണാൻ അജിത് കുമാറിനെ മുഖ്യമന്ത്രി അയച്ചു എന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ആരോപണം.
കൊച്ചിയിലെ ഹോട്ടല്‍ ഹയാത്തില്‍ ഔദ്യോഗിക വാഹനം പാര്‍ക്ക് ചെയ്ത് മറ്റൊരു കാറിലാണ് എഡിജിപി ആര്‍എസ്എസ് നേതാവിനെ കാണാനെത്തിയത്. ഒരു മണിക്കൂറോളം അവര്‍ തമ്മില്‍ സംസാരിച്ചു. എഡിജിപി വഴി മുഖ്യമന്ത്രി എന്ത് കാര്യമാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി ആശയവിനിമയം ചെയ്തത്? ഏത് വിഷയം ഒത്തുതീർക്കാനാണ് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടത്? എന്തിന് വേണ്ടിയാണ് ക്രമസമാധാന ചുമതലുള്ള ഉന്നത ഉദ്യോഗസ്ഥനെ അയച്ചത്? തിരുവനന്തപുരത്തുള്ള ആര്‍എസ്എസ് നേതാവാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നും ഒഴിവാകാനും തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ധാരണ ഉണ്ടാക്കാനുമായിരുന്നു കൂടിക്കാഴ്ച. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അക്കൗണ്ട് തുറന്നു കൊടുക്കാമെന്ന ഉറപ്പാണ് മുഖ്യമന്ത്രി നല്‍കിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.
ബിജെപിയെ ജയിപ്പിക്കാന്‍ തൃശൂര്‍ പൂരം പൊലീസ് കലക്കിയെന്ന ആരോപണവും പതിപക്ഷ നേതാവ് ആവര്‍ത്തിച്ചിരുന്നു. പൂരം ദിനത്തില്‍ പൊലീസ് കമ്മിഷണര്‍ അഴിഞ്ഞാടി എന്നതായിരുന്നു സിപിഎമ്മിന്റെ പ്രതിരോധം, കമ്മിഷണര്‍ അഴിഞ്ഞാടുമ്പോള്‍ തൃശൂരില്‍ ഉണ്ടായിരുന്ന എഡിജിപി അജിത്കുമാര്‍ ഇടപെടാതിരുന്നത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിയുടെ അറിവോടെ പൊലീസിനെ ഉപയോഗിച്ച് തൃശൂര്‍ പൂരം കലക്കിയതു കൊണ്ടാണ് കൊലപാതകവും സ്വര്‍ണക്കള്ളക്കടത്തും സ്വര്‍ണംപൊട്ടിക്കലും കൈക്കൂലിയും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും എഡിജിപി അജിത്കുമാറിനെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും സംരക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്തും അതിന് മുന്‍പും ബിജെപിയുമായി മുഖ്യമന്ത്രി പിണറായി വിജയന് അവിശുദ്ധ ബന്ധമുണ്ട്. അത് ഒന്നുകൂടി വ്യക്തമായിരിക്കുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു.