ആദിത്യക്ക് ഇനി ആഗ്രഹം പോലെ ഡോക്ടറാകാം; താങ്ങായി ആലപ്പുഴ കളക്ടര്‍ ഒപ്പമുണ്ട്

ആദിത്യക്ക് ഇനി ആഗ്രഹം പോലെ ഡോക്ടറാകാം; താങ്ങായി ആലപ്പുഴ കളക്ടര്‍ ഒപ്പമുണ്ട്

എംബിബിഎസിന് അഡ്മിഷന്‍ ലഭിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പഠനം മുടങ്ങുമെന്ന ആദിത്യ ലക്ഷ്മിയുടെ ആശങ്കയ്ക്കാണ് കളക്ടറുടെ ഇടപെടലില്‍ പരിഹാരമായത്
Updated on
1 min read

ആദിത്യക്ക് ഇനി സ്വപ്‌നം കണ്ടതുപോലെ ഡോക്ടറാകാം, കൈതാങ്ങായി ആലപ്പുഴ കളക്ടര്‍ ഒപ്പമുണ്ട്. നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് നേടിയ ആദിത്യ ലക്ഷ്മി എന്ന പെണ്‍കുട്ടിക്കാണ് പൂര്‍ണ പിന്തുണയുമായി ആലപ്പുഴ കളക്ടര്‍ വി ആര്‍ കൃഷ്ണ തേജയെത്തിയത്.

എംബിബിഎസിന് അഡ്മിഷന്‍ ലഭിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം പഠനം മുടങ്ങുമെന്ന ആദിത്യ ലക്ഷ്മിയുടെ ആശങ്ക വാര്‍ത്തയിലൂടെയാണ് കളക്ടര്‍ അറിഞ്ഞത്. തുടര്‍ന്ന് ആദിത്യയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. കാര്യങ്ങള്‍ മനസിലാക്കിയ കളക്ടര്‍ സുഹൃത്തിനോട് ഇക്കാര്യം പറയുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. സുഹൃത്ത് ആദിത്യയുടെ പഠന ചെലവ് മുഴുവന്‍ ഏറ്റെടുക്കാമെന്ന് ഉറപ്പ് നല്‍കി. ആദിത്യ ലക്ഷ്മിയേയും അമ്മയേയും നേരിട്ട് വിളിച്ചാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. സന്തോഷ വാര്‍ത്ത ഫേസ്ബുക്കിലും കുറിച്ചു. രാമ ചന്ദ്ര ടെക്സ്റ്റയില്‍സിന്റെ സി ഇ ഒ ആയ മനോജാണ് ആദിത്യയുടെ പഠനം ഏറ്റെടുക്കാന്‍ തയ്യാറായത്.

വിദ്യാഭ്യാസത്തിന്റെ വില വളരെ നന്നായി അറിയുന്ന വ്യക്തിയാണ് തേജ. സാമ്പത്തിക പ്രയാസങ്ങള്‍ കാരണം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന തന്‍റെ വിദ്യാഭ്യാസ കാലഘട്ടത്തെ കുറിച്ചും, പിന്നീട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച വിജയം നേടിയതിന്‍റേയും അനുഭവ കഥകള്‍ പല വേദികളിലും കൃഷ്ണ തേജ തുറന്നു പറഞ്ഞിട്ടുണ്ട്. നിരവധിപേരാണ് ഫേസ് ബുക്ക് പോസ്റ്റിനു താഴെ അഭിനന്ദനങ്ങളുമായെത്തിയത്.

logo
The Fourth
www.thefourthnews.in