പി പി ദിവ്യ പിടിയില്‍, കസ്റ്റഡിയിലെടുത്തെന്ന് പോലീസ്,  നടപടി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ

പി പി ദിവ്യ പിടിയില്‍, കസ്റ്റഡിയിലെടുത്തെന്ന് പോലീസ്, നടപടി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെ

ചോദ്യം ചെയ്യലിന് ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി
Updated on
1 min read

കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ടകേസില്‍ പ്രതിയായ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ പിടിയില്‍. തലശ്ശേരി കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യയെ കസ്റ്റഡിയില്‍ എടുത്തെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കീഴടങ്ങാന്‍ വരുമ്പോള്‍ പി പി ദിവ്യയെ പിടികൂടി എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ചോദ്യം ചെയ്യലിന് ശേഷം തുടര്‍നടപടികളിലേക്ക് കടക്കുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

കോടതി ഉത്തരവ് കൃത്യമായി പഠിച്ചതിന് ശേഷമെ തുടര്‍നടപടികളിലേക്ക് കടക്കാനാകൂ. 38 പേജ് ഉത്തരവ് പഠിച്ചതിന് ശേഷമാണ് ദിവ്യയെ കസ്റ്റഡിയിലെടുക്കാന്‍ നീക്കം നടത്തിയത്. ദിവ്യ പോലീസ് നിരീക്ഷണത്തില്‍ തന്നെയുണ്ടായിരുന്നെന്ന് പോലീസ് മേധാവി അറിയിച്ചു. പി പി ദിവ്യയോടെ അടിയന്തരമായി കീഴടങ്ങണമെന്ന് സിപിഎം നിര്‍ദേശം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, പി പി ദിവ്യയ്ക്ക് എതിരെ രൂക്ഷമായ വിമര്‍ശനം ആയിരുന്നു മുന്‍കൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ തലശ്ശേരി കോടതി ഉന്നയിച്ചത്. പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചാല്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തലശ്ശേരി സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ഹര്‍ജിക്കാരിയുടെ പ്രവൃത്തി മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

വഴിയെ പോകുമ്പോള്‍ യാത്രയയപ്പ് ചടങ്ങ് കണ്ട് താന്‍ കയറിയതാണെന്ന് ചടങ്ങില്‍ ദിവ്യ പറഞ്ഞിരുന്നു. ഈ ഭാഗം ഒഴിവാക്കിക്കൊണ്ടുള്ള പ്രസംഗത്തിന്റെ ഭാഗമായിരുന്നു പ്രതിഭാഗം ഹാജരാക്കിയതെന്ന് കോടതി വിലയിരുത്തി. താന്‍ പൊതുപ്രവര്‍ത്തകയാണ്, രാഷ്ട്രീയ നേതാവാണ്, നിരവധി കിലോമീറ്ററുകള്‍ യാത്ര ചെയ്ത് പൊതുപ്രവര്‍ത്തനം നടത്തുന്ന ആളാണ്, കുടുംബമുണ്ട് തുടങ്ങിയ വാദങ്ങള്‍ പിപി ദിവ്യ ഉന്നയിച്ചെങ്കിലും ഇതൊന്നും മുന്‍കൂര്‍ ജാമ്യം നല്‍കാനുള്ള കാരണമായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in