'വനിതാ ജീവനക്കാര്‍ ഉടുത്തൊരുങ്ങി വന്ന് കള്ളം പറയുന്നു'; ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടന്നിട്ടില്ലെന്ന് അടൂര്‍
കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടര്‍ ശങ്കർ മോഹൻ, ജാതി വിവേചനം നടത്തിയിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. എല്‍ബിഎസ് ആണ് യോഗ്യത പരീക്ഷ നടത്തി ലിസ്റ്റ് നല്‍കാറുള്ളതെന്നും, അങ്ങനെ ലഭിച്ച ലിസ്റ്റ് പ്രകാരം മാത്രമാണ് പ്രവേശനം നടത്തിയതെന്നും ന്യൂസ് 18 കേരളത്തിന് നല്‍കിയ അഭിമുഖത്തില്‍ അടൂർ പറഞ്ഞു. പഠിക്കാന്‍ വന്ന വിദ്യാര്‍ഥികള്‍ പഠിക്കണം, പഠിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ സമരം ചെയ്യില്ല. ആരോടാണ് സമരം ചെയ്യുന്നത്. ആരെയാണ് തോല്‍പ്പിക്കാന്‍ നോക്കുന്നതെന്നും പഠിക്കാന്‍ താത്പര്യമില്ലാത്തവര്‍ പിരിഞ്ഞുപോകണമെന്നുമാണ് അടൂരിന്റെ പ്രതികരണം.
വനിതാ ജീവനക്കാര്‍ ഉടുത്തൊരുങ്ങി ക്യാമറയ്ക്ക് മുന്നില്‍ വന്ന് പറയുന്നത് പച്ചക്കള്ളമെന്ന് പറഞ്ഞ് ജീവനക്കാരെ അടൂര്‍ ആക്ഷേപിച്ചു. ഡബ്ല്യുസിസി അംഗങ്ങളെപോലെയാണ് അവര്‍ വസ്ത്രം ധരിച്ചെത്തുന്നത്. പറഞ്ഞ് പഠിപ്പിച്ച പച്ചക്കള്ളമാണ് പറയുന്നത്. ഇന്റര്‍വ്യൂസ് നല്‍കി അവരിപ്പോള്‍ താരമായി മാറിയെന്നും അടൂർ പരിഹസിച്ചു.
ശങ്കര്‍ മോഹനെ ഗവണ്‍മെന്റാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് ക്ഷണിച്ചത്. അദ്ദേഹം താമസിക്കുന്നത് ഗവണ്‍മെന്റിന്റെ കെട്ടിടത്തിലാണ്. അത് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായതിനാല്‍ അവിടെ വൃത്തിയാക്കേണ്ടെതും വനിതാ ജീവനക്കാരുടെ ഉത്തരവാദിത്വമാണെന്നാണ് ജീവനക്കാരെക്കൊണ്ട് വീട്ടുപണിയെടുപ്പിച്ചെന്ന ആരോപണത്തില്‍ അടൂരിന്റെ ന്യായികരണം. മുറ്റവും തിണ്ണയും വൃത്തിയാക്കിക്കുയല്ലാതെ അവരെക്കൊണ്ട് ബാത്ത്‌റൂം കഴികിച്ചിട്ടില്ലെന്നും, ദിവസവും ചെയ്യേണ്ടിയിരുന്ന ജോലിയായിരുന്നിട്ടുകൂടി ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് ചെയ്യിക്കാറുള്ളതെന്നുമാണ് വിശദീകരണം.
സംവരണം അട്ടിമറി നടന്നുവെന്ന് പറയുന്ന അപേക്ഷാര്‍ഥിയുടെ പേര് എല്‍ബിഎസ് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല, ഉണ്ടായിരുന്നെങ്കില്‍ പ്രവേശനം ലഭിക്കുമായിരുന്നു. അതിനാല്‍ അതിന്റെ ഉത്തരവാദിത്വം എല്‍ബിഎസിനാണെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു. 60 മാര്‍ക്കാണ് കട്ട് ഓഫ് മാര്‍ക്കായി ആദ്യം തീരുമാനിച്ചത്. അതില്‍ നാല് വിദ്യാര്‍ഥികള്‍ മാത്രമാണ് യോഗ്യത നേടിയത്. അപ്പോള്‍ ശങ്കര്‍ മോഹന്‍ ഇടപ്പെട്ടാണ് കട്ട്ഓഫ് മാര്‍ക്ക് 50 ആക്കുകയും കൂടുതല്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തതെന്ന് അടൂര്‍ വിശദീകരിക്കുന്നു. ദളിത് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കാന്‍ വേണ്ടിയാണ് കട്ട്ഓഫ് മാര്‍ക്ക് വീണ്ടും കുറച്ച് 45 ആക്കിയത്, അതിലും ആരും വന്നില്ല. അപ്പോള്‍ വേണമെങ്കില്‍ എല്‍ബിഎസിന് പറയാമായിരുന്നു യോഗ്യത നേടിയില്ലെങ്കിലും അവര്‍ക്ക് പ്രവേശനം നല്‍കാമെന്ന്. എല്‍ബിഎസാണ് കാര്യങ്ങള്‍ കൃത്യമായി ചെയ്യാതിരുന്നതെന്നും അടൂർ ആരോപിച്ചു.
പ്രസ്താവന നവോത്ഥാന കേരളത്തിന് അപമാനകരമെന്ന് കെഎസ്‍യു
അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന നവോത്ഥാന കേരളത്തിന് അപമാനകരമെന്ന് കെഎസ്‍യു പ്രതികരിച്ചു. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിദ്യാര്‍ഥികള്‍ക്കും സ്റ്റാഫിനും നേരിടേണ്ടി വന്ന അനുഭവങ്ങള്‍ അതീവ ഗൗരവ സ്വഭാവമുള്ള ജാതി വിവേചനം തന്നെയാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനകള്‍ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. അടൂർ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും സര്‍ക്കാരും മുഖ്യമന്ത്രിയും പ്രതികരിക്കാതെ മൗനം തുടരുന്നത് അപലപനീയമാണെന്നും അലോഷ്യസ് സേവ്യര്‍ കൂട്ടിച്ചേര്‍ത്തു.