പുതുപ്പള്ളിയിൽ ഇന്ന് കലാശക്കൊട്ട് ; പരസ്യപ്രചാരണം അവസാനിക്കും
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ ഇന്ന് കലാശക്കൊട്ട്. വൈകീട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും കലാശക്കൊട്ട് നടക്കുക. ഇതോടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിക്കും. നാളെ നിശബ്ദ പ്രചാരണമാണ്. സെപ്റ്റംബർ അഞ്ചിനാണ് മണ്ഡലത്തിൽ വോട്ടെടുപ്പ്. ആകെ ഏഴ് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ഈ മാസം എട്ടിനാണ് ഫലപ്രഖ്യാപനം.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍, സിപിഎം സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്, ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍, എന്നിവരെ കൂടാതെ ആംആദ്മി പാർട്ടിയുടെ ഒരു സ്ഥാനാർത്ഥിയും മൂന്ന് സ്വതന്ത്രരും പുതുപ്പള്ളിയിൽ മത്സര രംഗത്തുണ്ട്. ലൂക്ക് തോമസാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി. പി കെ ദേവദാസ്,ഷാജി,സന്തോഷ് പുളിക്കല്‍ എന്നിവരാണ് സ്വതന്ത്രരായി മത്സരിക്കുന്നത്. 1,76,412 വോട്ടര്‍മാരാണ് ആകെ മണ്ഡലത്തിലുള്ളത്. ആകെ 182 പോളിങ് സ്റ്റേഷനുകളാണ് മണ്ഡലത്തിൽ സജ്ജീകരിക്കുക. വോട്ടെടുപ്പ് ദിവസം പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍,വിദ്യാഭ്യാസ,വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പൊതുഅവധിയായിരിക്കും.
കഴിഞ്ഞ ദിവസം പുറത്തുവന്ന ദ ഫോർത്ത് എഡ്യുപ്രസ് സർവേ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് റെക്കോര്‍ഡ് ഭൂരിപക്ഷമുണ്ടാകുമെന്ന് പ്രവചിച്ചിരുന്നു. എഡ്യുപ്രസ് രണ്ട് ഘട്ടമായി നടത്തിയ സര്‍വെയിലാണ് ചാണ്ടി ഉമ്മന്‍ മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെടുമെന്ന ഫലം ലഭിച്ചത്.80 ശതമാനം പോളിങ് നടന്നാല്‍ സര്‍വെ അനുസരിച്ച് ചാണ്ടി ഉമ്മന്‍ 72.85 ശതമാനം വോട്ടുകളാണ് നേടുക. ഒരു ലക്ഷത്തിൽ പരം വോട്ടുകൾ നേടുകയും 60,000ത്തിലെറെ ഭൂരിപക്ഷം ഉണ്ടാകുമെന്നും സർവേ വ്യക്തമാക്കുന്നു. ജെയ്ക്ക് സി തോമസിന് 40,327 വോട്ടുകളാണ് ലഭിക്കുക. എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വെറും 4991 വോട്ടുകള്‍ മാത്രമാണ് ലഭിക്കുക. പോളിങ് ശതമാനം 60 ആയി ചുരുങ്ങിയാൽ ചാണ്ടി ഉമ്മൻ്റെ ഭൂരിപക്ഷം 50,000 ത്തിന് മുകളിൽ ആയിരിക്കുമെന്നും സര്‍വെ വ്യക്തമാക്കുന്നു.
പുതുപ്പള്ളിയിൽ ഉമ്മന്‍ചാണ്ടിയുടെ മരണമുണ്ടാക്കിയ വികാരത്തെ മറികടക്കാന്‍ വികസന പ്രശ്‌നങ്ങളാണ് എല്‍ ഡി എഫ് ഉയര്‍ത്തിയത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട വൈകാരികത മറികടക്കാന്‍ വികസന രാഷ്ട്രീയ ചര്‍ച്ചകള്‍ സഹായിച്ചില്ലെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. യുഡിഎഫിന് വന്‍ ഭൂരിപക്ഷം സര്‍വെ പ്രവചിക്കുമ്പോഴും പുതുപ്പള്ളി മണ്ഡലത്തിലെ വികസനത്തിന്റെ കാര്യത്തില്‍ വോട്ടര്‍മാരില്‍ നല്ലൊരു വിഭാഗം തൃപ്തരല്ലെന്നാണ് സര്‍വെ ഫലം വ്യക്തമാക്കുന്നത്.